നിതിൻ രാജിന്റെ മരണം; ഏപ്രിൽ 28-ന് കേരളത്തിൽ ഹർത്താൽ പ്രഖ്യാപിച്ച് ആക്ഷൻ കൗൺസിൽ, ‘കുടുംബത്തിന് 10 കോടി രൂപ നഷ്ടപരിഹാരം നൽകണം’
text_fieldsതിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ നീതി ആവശ്യപ്പെട്ട് ഏപ്രിൽ 28ന് സംസ്ഥാന വ്യാപകമായി ഹർത്താലിന് ആഹ്വാനം ചെയ്ത് നിതിൻ രാജ് ആക്ഷൻ കൗൺസിൽ. നിതിൻ രാജിന്റെ മരണം ആത്മഹത്യയല്ലെന്നും അതിൽ കടുത്ത ദുരൂഹതയുണ്ടെന്നും ആരോപിച്ചാണ് 52 ദലിത് സംഘടനകൾ ചേർന്ന് ആക്ഷൻ കൗൺസിൽ രൂപവൽകരിച്ചത്. മെഡിക്കൽ കോളജിന്റെ നാലാം നിലയിൽ നിന്ന് വീണ് മരിച്ചുവെന്ന് പറയുന്ന സ്ഥലത്ത് രക്തപ്പാടുകളോ ശരീരത്തിൽ വീഴ്ചയുടെ ആഘാതത്തിലുള്ള മുറിവുകളോ ഇല്ലെന്നത് മരണത്തിലെ അസ്വാഭാവികത വർധിപ്പിക്കുന്നുവെന്ന് സണ്ണി എം. കപ്പിക്കാട് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോളജ് അധികൃതർ മരണവുമായി ബന്ധപ്പെട്ട് നുണകൾ പ്രചരിപ്പിക്കുകയാണെന്നും ഇത് കേസ് വഴിതിരിച്ചുവിടാനാണെന്നും ആക്ഷൻ കൗൺസിൽ ആരോപിച്ചു.
കേസിലെ പൊലീസ് അന്വേഷണം തികഞ്ഞ പരാജയമാണെന്ന് ആക്ഷൻ കൗൺസിൽ ചെയർമാൻ കെ.കെ. സുരേഷ് പറഞ്ഞു. ലോൺ ആപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് നോയിഡയിൽ പോയി പ്രതികളെ പിടികൂടാൻ കാണിച്ച ആവേശം ഒളിവിൽ കഴിയുന്ന രണ്ട് ഡോക്ടർമാരെ അറസ്റ്റ് ചെയ്യുന്ന കാര്യത്തിൽ പൊലീസ് കാണിക്കുന്നില്ല. ഡോ. റാം, ഡോ. സംഗീത എന്നിവർക്ക് പുറമെ കോളജ് പ്രിൻസിപ്പൽ അടക്കമുള്ളവർ പ്രതിപ്പട്ടികയിൽ വരേണ്ടതുണ്ടെന്നും നിലവിലെ അന്വേഷണം അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്നും ആക്ഷൻ കൗൺസിൽ ആശങ്ക പ്രകടിപ്പിച്ചു. നീതിപൂർവമായ അന്വേഷണം ഉറപ്പാക്കാൻ ഹൈകോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം വേണമെന്നും വാർത്താസമ്മേളനത്തിൽ ആവശ്യമുയർന്നു.
ഭാവിയിൽ മികച്ച ഡോക്ടറാകേണ്ടിയിരുന്ന ഒരു ദലിത് വിദ്യാർഥിയുടെ ജീവൻ നഷ്ടപ്പെട്ടതിന് ഉത്തരവാദിയായ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിന്റെ അഫിലിയേഷൻ റദ്ദാക്കണമെന്ന് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. മരണപ്പെട്ട വിദ്യാർഥിയുടെ കുടുംബത്തിന് 10 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകാനാണ് ആക്ഷൻ കൗൺസിൽ തീരുമാനം. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് 28-ലെ സംസ്ഥാന ഹർത്താൽ. ഈ സമരത്തിന് എല്ലാ ജനവിഭാഗങ്ങളുടെയും പിന്തുണയുണ്ടാകണമെന്ന് സണ്ണി എം. കപ്പിക്കാട് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

