നീറ്റ് ക്രമക്കേട് ഒറ്റക്കെട്ടായി സഭയിൽ പ്രമേയം: ‘വിദ്യാർഥികളുടെ ഉത്കണ്ഠ ദൂരീകരിക്കണം’
text_fieldsതിരുവനന്തപുരം: നീറ്റ് ഉൾപ്പെടെ ദേശീയ പൊതുപ്രവേശന പരീക്ഷകളുടെ വിശ്വാസ്യത ചോർച്ചക്കെതിരെ സംസ്ഥാനം ഒറ്റക്കെട്ടായി നിയമസഭയിൽ പ്രമേയം പാസാക്കി.
കേരളത്തിൽ പരീക്ഷയെഴുതിയ ലക്ഷക്കണക്കിന് വിദ്യാർഥികളെയും, രക്ഷാകർത്താക്കളെയും ആശങ്കയുടെ മുൾമുനയിൽ നിർത്തുന്ന നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) നടപടികളെയും അതിനെ പിന്തുണക്കുന്ന കേന്ദ്രസർക്കാർ നയങ്ങളെയും ശക്തമായി അപലപിക്കുന്നതായി ചട്ടം 275 പ്രകാരമുള്ള ഉപക്ഷേപം അവതരിപ്പിച്ച ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു പറഞ്ഞു. മെഡിക്കൽ പ്രവേശനത്തിനായി കാത്തിരിക്കുന്ന വിദ്യാർഥികളുടെ ഭീതിയും ഉത്കണ്ഠയും ദൂരീകരിക്കുന്നതിന് അടിയന്തരവും വിശ്വാസയോഗ്യവുമായ നടപടികൾ സ്വീകരിക്കണമെന്നും സഭ ആവശ്യപ്പെട്ടു.
എം. വിജിൻ അവതരിപ്പിച്ച ഉപക്ഷേപത്തിന് മറുപടി പറഞ്ഞുകൊണ്ടാണ് മന്ത്രി പ്രമേയം അവതരിപ്പിച്ചത്. നീറ്റ് പരീക്ഷ നടത്തിപ്പിലൂടെ കേന്ദ്ര ഉന്നത വിദ്യാഭ്യാസ വകുപ്പ് വൻകുംഭകോണമാണ് നടത്തിയതെന്ന് വിജിൻ ആരോപിച്ചു. സച്ചിൻദേവ്, സജീവ് ജോസഫ്, ഇ. ചന്ദ്രശേഖരൻ, ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്, ഡോ. സുജിത് വിജയൻപിള്ള, മോൻസ് ജോസഫ്, യു. പ്രതിഭ, എം.കെ. മുനീർ, കെ.വി. സുമേഷ് എന്നിവർ സംസാരിച്ചു.
സംസ്ഥാനത്ത് 2008ൽ നടന്ന യൂനിവേഴ്സിറ്റി അസിസ്റ്റന്റ്, 2018ലെ പി.എസ്.സി പരീക്ഷ തട്ടിപ്പുകളിൽ സംസ്ഥാന സർക്കാർ എന്തു നടപടി സ്വീകരിച്ചു എന്നകാര്യം ആലോചിക്കണമെന്ന് മാത്യു കുഴൽനാടൻ ചൂണ്ടിക്കാട്ടിയത് ബഹളത്തിനിടയാക്കി. ഇതിനെതിരെ ഭരണപക്ഷ ബെഞ്ചുകളിൽനിന്ന് ബഹളം ഉയർന്നതോടെ വിഷയത്തിൽനിന്ന് വ്യതിചലിക്കുന്നതായി സ്പീക്കറും കുഴൽനാടനെ വിമർശിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.