എൻ.എം. വിജയന്റെ മരണം: എം.എൽ.എയുടെ ജാമ്യാപേക്ഷയിൽ വിധി ശനിയാഴ്ച
text_fieldsഐ.സി ബാലകൃഷ്ണൻ, എൻ.എം വിജയൻ
കൽപറ്റ: വയനാട് ഡി.സി.സി ട്രഷറർ എൻ.എം. വിജയന്റെയും മകന്റെയും മരണവുമായി ബന്ധപ്പെട്ട് സുൽത്താൻ ബത്തേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിചേർക്കപ്പെട്ട ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയുടെയും മറ്റു കോൺഗ്രസ് നേതാക്കളുടെയും ജാമ്യാപേക്ഷയിൽ ശനിയാഴ്ച കോടതി വിധി പറയും. മുൻകൂർ ജാമ്യാപേക്ഷയിൽ രണ്ടു ദിവസങ്ങളിലായി നടന്ന വാദം വ്യാഴാഴ്ച പൂർത്തിയായതോടെയാണ് സെഷൻസ് കോടതി ശനിയാഴ്ചയിലേക്ക് വിധിപറയാൻ മാറ്റിയത്.
വ്യാഴാഴ്ച പ്രോസിക്യൂഷന്റെയും കേസിലെ മൂന്നാം പ്രതിയുടെ അഭിഭാഷകന്റെയും വാദമാണ് നടന്നത്. എം.എൽ.എക്കും മറ്റു കോൺഗ്രസ് നേതാക്കൾക്കും ജാമ്യം അനുവദിക്കരുതെന്നും അറസ്റ്റ് ചെയ്ത് പൊലീസ് ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ തെളിവുകൾ പുറത്തുവരൂ എന്നും പബ്ലിക് പ്രോസിക്യൂട്ടർ പി.പി. പ്രമോദ് പറഞ്ഞു. ജാമ്യം നൽകുന്നത് സാക്ഷികളെ സ്വാധീനിക്കാൻ കാരണമാകും. നിലവിൽ എൻ.എം. വിജയന്റെ ആത്മഹത്യാ കുറിപ്പും ഫോണും ഡയറിയും ഉൾപ്പെടെ പൊലീസ് ശേഖരിച്ച തെളിവുകൾ കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്യുന്നതിനുള്ള തെളിവുകളാണ്. കോൺഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായ പാളിച്ചയാണ് ഡി.സി.സി ട്രഷററുടെ ആത്മഹത്യയിലേക്ക് നയിച്ചത് തുടങ്ങിയ വാദങ്ങളാണ് പ്രോസിക്യൂഷൻ മുന്നോട്ടുവെച്ചത്.
മൂന്നാം പ്രതി ഡി.സി.സി മുന്‍ ട്രഷറര്‍ കെ.കെ. ഗോപിനാഥന്റെ അഭിഭാഷകൻ സുരേന്ദ്രന്റെ വാദമാണ് വ്യാഴാഴ്ച നടന്നത്. ബുധനാഴ്ച ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയുടെ അഭിഭാഷകനടക്കം രണ്ട് അഭിഭാഷകരുടെ വാദം പൂർത്തിയായിരുന്നു. ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചനുവേണ്ടി എൻ.കെ. വർഗീസും ഐ.സി. ബാലകൃഷ്ണൻ എം.എൽ.എക്കുവേണ്ടി അഡ്വ. ടി.എം. റഷീദുമാണ് കോടതിയിൽ ഹാജരായത്. മൂത്തമകൻ വിജേഷിന് വിജയൻ എഴുതിയ കത്ത് പൊലീസ് കണ്ടെടുത്തിട്ടുണ്ടെങ്കിലും ഇതുവരെ പുറത്തുവന്നിട്ടില്ലെന്ന് ഇവർ വാദിച്ചു. കേസിൽ ഒന്നും രണ്ടും പ്രതികളാണ് എം.എൽ.എയും എൻ.ഡി. അപ്പച്ചനും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.