എൻ.എം. വിജയന്റെ ആത്മഹത്യ റിപ്പോർട്ട് ഭാഗികമായി നടപ്പാക്കിയെന്നാണ് വിശ്വാസം -തിരുവഞ്ചൂർ
text_fieldsതിരുവഞ്ചൂർ രാധാകൃഷ്ണൻ, എൻ.എം. വിജയന്
കോട്ടയം: വയനാട് ഡി.സി.സി മുൻ ട്രഷറർ എൻ.എം. വിജയന്റെ കുടുംബത്തിന്റെ പ്രശ്നങ്ങൾ പഠിച്ച് താൻ നൽകിയ റിപ്പോർട്ട് ഭാഗികമായി നടപ്പാക്കിയെന്നാണ് വിശ്വാസമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. പത്മജ പുറത്തുവിട്ടതായി പറയുന്ന ഓഡിയോ കേട്ടില്ല. സഹപ്രവർത്തകനെ വിശ്വസിക്കരുതെന്നു പറഞ്ഞുനടക്കലല്ല തന്റെ പണി. കരാർ ഉണ്ടായിരുന്നോ എന്നതു സംബന്ധിച്ച് ഇപ്പോൾ പറയേണ്ടതില്ലെന്നും തിരുവഞ്ചൂർ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായി പറഞ്ഞു.
വിജയന്റെ കുടുംബത്തിന്റെ പ്രശ്നങ്ങൾ പഠിക്കാൻ കെ.പി.സി.സി താൻ ചെയർമാനായി ഉപസമിതിയെ നിയോഗിച്ചിരുന്നു. അവരുടെ വീട്ടിൽ പോയി എല്ലാവരോടും സംസാരിച്ചശേഷം റിപ്പോർട്ട് തയാറാക്കി കെ.പി.സി.സിക്കും നേതാക്കൾക്കും നൽകി. രഹസ്യറിപ്പോർട്ടിലെ കാര്യങ്ങൾ താൻ പുറത്തുവിടുന്നത് ശരിയല്ല.
റിപ്പോർട്ടിൽ പറഞ്ഞ കാര്യങ്ങൾ കുറേയൊക്കെ നടപ്പാക്കിക്കാണുമെന്നാണ് കരുതുന്നത്. ബാക്കിയുള്ള കാര്യങ്ങൾക്കും നടപടിയുണ്ടാവും. എന്തൊക്കെയാണ് ചെയ്തതെന്ന് കൃത്യമായി അറിയില്ല. തന്നോട് അക്കാര്യം ചർച്ച ചെയ്തിട്ടില്ല. ആ വിഷയം വരട്ടെ. അപ്പോൾ അന്വേഷിക്കാം. ആത്മഹത്യ ആർക്കും ആത്മദുഃഖം ഉണ്ടാക്കുന്നതാണ്.
അങ്ങനെയൊരു സാഹചര്യമുണ്ടാകരുതായിരുന്നു. അവിടെ ഇഷ്ടമില്ലായ്മയുടെ ചില പ്രശ്നങ്ങളുണ്ട്. അത് പരിഹരിക്കാൻ പാർട്ടി രാഷ്ട്രീയ തീരുമാനമെടുക്കണം. അതുണ്ടാകുമെന്നും തിരുവഞ്ചൂർ പറഞ്ഞു.
സൈബർ ആക്രമണം കോൺഗ്രസിന് ഗുണകരമല്ല
രാഷ്ട്രീയ പ്രതികാരം തീർക്കാൻ സൈബർ ആക്രമണം ആയുധമാക്കുന്നത് കോൺഗ്രസിന്റെ ഭാവിക്ക് ഗുണകരമല്ല. ഒളിപ്പോര് നടത്തുന്നവരുടെ എണ്ണം കൂടുകയാണ്. എല്ലാ പാർട്ടികളിലും ഈ പ്രവണതയുണ്ട്. കോൺഗ്രസിൽ കുറച്ച് കൂടുതലാണ്. ഇഷ്ടമുള്ളവരെ കുറേ പുകഴ്ത്തുകയും ബാക്കിയുള്ളവരെ അവഹേളിക്കുകയും ചെയ്യുന്നതല്ല രാഷ്ട്രീയപ്രവർത്തനം -തിരുവഞ്ചൂർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.