ഡി.എ വർധനവും ശമ്പളം തടയലും ഒന്നിച്ച്; ഈ മാസം സർക്കാറിന് അധികബാധ്യതയില്ല
text_fieldsതിരുവനന്തപുരം: ക്ഷാമബത്ത വർധിക്കുന്നതും ഡയസ്നോണിന്റെ ഭാഗമായി ഒരു ദിവസത്തെ ശമ്പളം പിടിക്കുന്നതും സെപ്റ്റംബറിൽ വിതരണം ചെയ്യുന്ന ആഗസ്റ്റിലെ ശമ്പളത്തിലായതിനാൽ ആദ്യമാസം സർക്കാറിന് അധിക ചെലവില്ല.
മൂന്ന് ശതമാനമായി വർധിപ്പിച്ച് ക്ഷാമ ബത്ത സെപ്റ്റംബറിൽ വിതരണം ചെയ്യുന്ന ശമ്പളം മുതലാണ് നൽകിത്തുടങ്ങുന്നത്. അതേസമയം ജൂലൈ ഒമ്പതിന് നടന്ന ദേശീയ പണിമുടക്കിന് ഐക്യദാർഢ്യമർപ്പിച്ച് ജോലിയിൽ നിന്ന് വിട്ടുനിന്ന ജീവനക്കാരുടെ അന്നേ ദിവസത്തെ ശമ്പളം വെട്ടിക്കുറക്കുന്നതും സെപ്റ്റംബറിലെ ശമ്പളത്തിൽ തന്നെ. ഇക്കാര്യം ഡയസ്നോൺ ഉത്തരവിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു.
31 ദിവസങ്ങളുള്ള മാസമാണ് ജൂലൈ എന്നതിനാൽ ഒരു ദിവസത്തെ ശമ്പളം കണക്കാക്കുമ്പോൾ 3.33 ശതമാനം വരും. പണിമുടക്കിൽ ഭൂരിഭാഗം സർക്കാർ ജീവനക്കാരും പങ്കെടുത്തെന്ന് ഭരണാനുകൂല സംഘടനകൾ അവകാശപ്പെടുന്ന സാഹചര്യത്തിൽ, ജോലിക്കെത്തിയവരെ ഒഴിവാക്കിയാലും ശമ്പളം തടഞ്ഞുവെക്കുന്ന ഇനത്തിൽ സർക്കാറിന് മൂന്ന് ശതമാനം ലാഭിക്കാനാവും. ഫലത്തിൽ ധനവകുപ്പിന് ശമ്പളത്തിൽ വലിയ പരിക്കുണ്ടാകില്ല. മാത്രമല്ല, ഡി.എ വർധനവിന്റെ പേരിൽ ഈ മാസം അധിക തുക കണ്ടെത്തേണ്ടിവരികയുമില്ല. ജീവനക്കാർക്കും പെൻഷൻകാർക്കും ഡി.എ, ഡി.ആർ അനുവദിക്കുന്നത് വഴി വാർഷിക ചെലവിൽ 2000 കോടി രൂപയുടെ അധിക ചെലവാണുണ്ടാവുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.