പ്രവാസി മലയാളികൾക്ക് നൽകുന്ന ഒരു ആനുകൂല്യവും മുടങ്ങില്ല; വിമാന നിരക്കുകൾ കുറക്കുന്നതിന് സമ്മർദം തുടരുമെന്നും മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: പ്രവാസി മലയാളികൾക്ക് നൽകുന്ന ഒരു ആനുകൂല്യവും മുടങ്ങില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. വിമാന നിരക്കുകൾ കുറക്കുന്നതിന് കേന്ദ്ര സർക്കാറിനുമേൽ സമ്മർദം തുടരും. ലോക കേരള സഭക്കു പകരം പ്രവാസികൾക്ക് വേണ്ടി മറ്റൊരു സംവിധാനം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രവാസി മലയാളികള്‍ക്ക് നോര്‍ക്ക വഴിയും മറ്റുമുള്ള ആനുകൂല്യങ്ങള്‍ മുടങ്ങിയതിനും ലോക കേരള സഭ പിരിച്ചു വിട്ടതിനെക്കുറിച്ചും സഭ നിര്‍ത്തി വെച്ച് ചര്‍ച്ച ചെയ്യണമെന്ന അടിയന്തരപ്രമേയ നോട്ടീസിന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. പ്രവാസി ക്ഷേമനിധി ബോര്‍ഡ് വഴി നല്‍കുന്ന ആനുകൂല്യങ്ങള്‍ 2026-27 വര്‍ഷത്തില്‍ മാത്രം 163 കോടിയലധികം രൂപ നല്‍കിയിട്ടുണ്ട്. കൂടാതെ പെന്‍ഷന്‍ ആയി 102 കോടി രൂപയും വിതരണം ചെയ്തു. സർക്കാർ തന്നെ ഈ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാന്‍ 32 കോടി രൂപ ഈ അഞ്ച് മാസത്തിനുള്ളില്‍ കൊടുത്തിട്ടുണ്ട്. 2020-2021ല്‍ പ്രവാസി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങള്‍ 17,771 പേര്‍ മാത്രമായിരുന്നു. ഇപ്പോള്‍ അത് ഒരു ലക്ഷത്തിലധികമായി. ഏകദേശം അഞ്ചര ഇരട്ടി വര്‍ധന. പക്ഷേ വരുമാനം വര്‍ധിച്ചില്ല. വരവ് ശരാശരി 16.7 കോടി രൂപയാണ് പ്രതിമാസം. ഒരു മാസത്തെ ചെലവ് 35 കോടിയോളം രൂപയും. സർക്കാർ പണം നല്‍കിയാല്‍ മാത്രമേ പെന്‍ഷന്‍ മുടങ്ങാതെ കൊടുക്കാനാകു.
ഇന്‍ഷൂറന്‍സ് പദ്ധതി തയാറാക്കിയതില്‍ ഒരു സ്ട്രക്ചറല്‍ മിസ്റ്റേക്ക് പറ്റിയിട്ടുണ്ട്. ആകെ അഞ്ച് ലക്ഷം രൂപയുടെ കവറേജാണ് നേരത്തെ നല്‍കുന്നത്. ആ പോളിസി നിലവില്‍ രോഗമുള്ള ആളുകളെയും പരിഗണിച്ചിരുന്നു. അപ്പോള്‍ വലിയ തുക ക്ലെയിമില്‍ കൊടുക്കേണ്ടി വന്നു. നോര്‍ക്ക കെയറില്‍ 145 കോടി രൂപയാണ്. എന്നാല്‍ കൊടുക്കേണ്ടി വന്നത് 210 കോടി രൂപ. എൻറോള്‍ ചെയ്തത് 1,32,000 പേരാണ്. ഇതില്‍ ക്ലെയിം വന്നത് കാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ക്ക് 80 ശതമാനമാണ്. അതുതന്നെ നാല്‍പ്പതിനും എഴുപത് വയസിനും ഇടയിലുള്ളതാണ്. അത് മാത്രം 120 കോടിയാണ്. ഇന്‍ഷൂറന്‍സ് കമ്പനിക്ക് നോര്‍ക്ക കെയറില്‍ 160 ശതമാനവും നോര്‍ക്ക കെയര്‍ പ്ലസില്‍ 350 ശതമാനവും നഷ്ടമുണ്ടായിട്ടുണ്ട്. അതാണ് പ്രശ്നം. സമാഹരിച്ച തുകയുടെ നൂറ്റമ്പത് ശതമാനം അധികമായി കമ്പനിക്ക് ക്ലെയിം നല്‍കേണ്ടി വന്നു. ഇക്കാരണത്താല്‍ ഇത്തവണ ഇന്‍ഷൂറന്‍സ് പുതുക്കുന്നതതിന് ക്വട്ടേഷന്‍ നല്‍കാന്‍ കമ്പനികള്‍ തയാറല്ല.
കഴിഞ്ഞ വര്‍ഷം ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയായിരുന്നു കൊടുത്തത്. അവര്‍ സർക്കാറിനോട് മുന്നൂറ് കോടി രൂപ മുന്‍കൂറായി നല്‍കാന്‍ ആവശ്യപ്പെടുകയാണ്. അതു കൊണ്ട് എടുത്തില്ല. ഇപ്പോള്‍ പദ്ധതിയില്‍ മൂന്ന് കോടി മുതല്‍ നൂറ് കോടി വരെ സ്ലാബ് ഏര്‍പ്പെടുത്തി. ഇന്‍ഷൂറന്‍സ് നിലവില്‍ 60 വയസ് കഴിഞ്ഞവര്‍ക്ക് പോളിസി കൊടുക്കില്ല. ആ സാഹചര്യത്തിലും പുതിയ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ 18 മുതല്‍ 110 വയസ് വരെ ഇന്‍ഷൂറന്‍സ് കൊടുക്കാനാണ്. അതു കൊണ്ടാണ് പ്രീമിയം വര്‍ധിപ്പിച്ചത്. ലോക കേരള സഭക്കു പകരം ഫലപ്രദമായ സംവിധാനം നിലവില്‍ വരും. അതിനെക്കുറിച്ച് സർക്കാർ ഗൗരവമായി പരിശോധിച്ച് വരികയാണ്.
കേന്ദ്ര സര്‍ക്കാരിനോട് വിമാനക്കമ്പനികളെ നിയന്ത്രിക്കണമെന്ന് നിരന്തരം ആവശ്യപ്പെടുന്നുണ്ട്. ഈ കൊള്ള അവസാനിപ്പിക്കണം. കഴിഞ്ഞ സർക്കാറും ഈ സർക്കാറും ആവശ്യപ്പെട്ടിട്ടുണ്ട്. അത്രമാത്രം വലിയ കൊള്ളയാണ് നടക്കുന്നത്. നമ്മുടെ എം.പിമാര്‍ പാര്‍ലമെന്റില്‍ നിരന്തരം ആവശ്യപ്പെടുന്നതാണ്. ഗവണ്‍മെന്റുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസവും ചീഫ് സെക്രട്ടറി സ്റ്റേക്ക് ഹോള്‍ഡേഴ്സിന്റെ മീറ്റിങ് വിളിച്ചു കൂട്ടി, സ്റ്റേറ്റ് കേന്ദ്രത്തിന് കത്ത് എഴുതിയിരുന്നു. താന്‍ നേരിട്ട് സിവില്‍ ഏവിയേഷന്‍ മന്ത്രിയെ കണ്ടപ്പോള്‍ സംസാരിച്ചു. പ്രധാനമന്ത്രിയെ കണ്ടപ്പോഴും പരിഹരിക്കണം എന്നാവശ്യപ്പെട്ടു. ഏറ്റവും സാധാരണക്കാരായ ആളുകള്‍ പ്രവാസികളായുണ്ട്. അവര്‍ക്ക് ഒരു വര്‍ഷവും രണ്ട് വര്‍ഷവും കൂടുമ്പോഴെങ്കിലും നാട്ടില്‍ വന്നു പോകാനുള്ള സ്ഥിതിയുണ്ടാകണം. ഒരു വര്‍ഷവും രണ്ട് വര്‍ഷവും കൂടുമ്പോള്‍ നാട്ടിലെത്തി പോകുമ്പോള്‍ അവരുടെ സമ്പാദ്യം മുഴുവന്‍ തീരുകയാണ്.
ബന്ധുക്കളെ കാണാതെ വിദേശത്ത് പോയി ഉണ്ടാക്കിയ മുഴുവനും ഈ ഒറ്റ യാത്രയില്‍ തീരുകയാണ്. അത്രയും വലിയ കൊള്ളയാണ്. കേരളത്തിലെ പ്രവാസികളെ വിമാനക്കമ്പനികള്‍ കൊല്ലാക്കൊല ചെയ്യുകയാണ്. ഇത് അവസാനിപ്പിക്കണം. മുന്‍ സർക്കാർ എടുത്തിരുന്ന നിലപാട് തന്നെയാണ് സർക്കാറിന്. പ്രവാസി ക്ഷേമനിധിയില്‍ തുക അടക്കുന്നത് ഒരു മാസമോ രണ്ട് മാസമോ മുടങ്ങിയാല്‍ പിന്നെ അടക്കാന്‍ പറ്റില്ല. അത് ആക്ടില്‍ തന്നെയുള്ള പ്രശ്നമാണ്. അതില്‍ ആവശ്യമായ ഭേദഗതി വരുത്തണം. പല കാരണങ്ങള്‍ കൊണ്ട് മുടങ്ങിയ തുക കുടിശ്ശിക അടച്ച് വീണ്ടും ക്ഷേമനിധിയില്‍ തുടരാന്‍ അനുവദിക്കണമെന്നാണ് സർക്കാർ തീരുമാനം. അത് ചെയ്യാം. എന്നാല്‍ ചിലരുണ്ട്. അടക്കില്ല. എന്നിട്ട് ഇങ്ങോട്ട് പോരാന്‍ തുടങ്ങുമ്പോള്‍ ഒരുമിച്ച് അടക്കും. അത് അനുവദിക്കില്ല. ക്ഷേമനിധി കുടിശിക അടയ്ക്കുന്നതിന് വേണ്ടി ഒരു കാമ്പയിന്‍ പ്രവാസി സംഘടനകള്‍ നടത്തണം. ആറുമാസത്തിനുള്ളില്‍ 13000 പേര്‍ വീണ്ടും കൂടി. എണ്ണം കൂടി. എന്നാല്‍ അതിനനുസരിച്ചുള്ള വരുമാനം വരുന്നില്ല. ഒ
ലോക കേരള സഭക്ക് പകരമായുള്ള സംവിധാനം ഉണ്ടാകും. നയപരമായി അതിനെ എതിര്‍ത്തതാണ്. പ്രവാസികള്‍ക്കായി തീര്‍ച്ചയായും വ്യത്യസ്തമായ ഒരു സംവിധാനം കേരളത്തില്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

