വിമാനയാത്രാനിരക്ക്: തങ്ങൾക്ക് നിയന്ത്രണമില്ലെന്ന് കേന്ദ്രസർക്കാർ ഹൈകോടതിയിൽ
text_fieldsകൊച്ചി: സ്വകാര്യവത്കരണം നടപ്പാക്കിയതോടെ വിമാനയാത്രാനിരക്ക് നിശ്ചയിക്കുന്നതിൽ തങ്ങൾക്ക് നിയന്ത്രണമില്ലെന്ന് കേന്ദ്രസർക്കാർ ഹൈകോടതിയിൽ. ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള യാത്രാനിരക്ക് നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് പ്രവാസി വ്യവസായിയും സഫാരി ഗ്രൂപ് എം.ഡിയുമായ സൈനുൽ ആബിദീൻ നൽകിയ ഹരജിയിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. ഹരജി അടുത്ത ദിവസം വീണ്ടും പരിഗണിക്കും.
സർവിസിന്റെ ചെലവ്, സ്വഭാവം, ലാഭം തുടങ്ങിയ ഘടകങ്ങൾക്കനുസരിച്ച് വിമാനക്കമ്പനികൾക്ക് നിരക്ക് നിശ്ചയിക്കാം. അതിൽ സർക്കാർ ഇടപെടില്ല. യാത്ര ചെയ്യുന്ന ദിവസം, സമയം തുടങ്ങിയവ അടിസ്ഥാനമാക്കി നിരക്കിൽ മാറ്റം വരുത്തുന്ന രാജ്യാന്തര രീതിയാണ് ഇവിടെയും സ്വീകരിച്ചിട്ടുള്ളത്.
എന്നാൽ, നിയന്ത്രണാതീത സാഹചര്യങ്ങളിൽ അമിത നിരക്ക് ഈടാക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സിവിൽ ഏവിയേഷൻ മന്ത്രാലയം നിശ്ചിതകാലത്തേക്ക് മാർഗനിർദേശങ്ങൾ നൽകാറുണ്ട്. മറ്റ് സാഹചര്യങ്ങളിൽ നിരക്ക് നിയന്ത്രിക്കുന്നത് വിപണിയെ തകർക്കുമെന്നും സമാനമായ മറ്റൊരു ഹരജി നേരത്തേ ഹൈകോടതി തീർപ്പാക്കിയതാണെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.