‘രക്ഷാപ്രവർത്തനം ഔദ്യോഗിക കൃത്യനിർവഹണമല്ല’ -എസ്.ഐ.ടി
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയൻ നടത്തിയ നവകേരള യാത്രക്കിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച സുരക്ഷാസംഘത്തിന് ‘ഔദ്യോഗിക ജോലി’ എന്നതിന്റെ ആനുകൂല്യം ലഭിക്കില്ലെന്ന് പ്രത്യേകാന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. സെഡ് പ്ലസ് കാറ്റഗറിയിലുള്ള വി.ഐ.പിയുടെ സുരക്ഷാസംഘത്തിന്റെ ചുമതലയിൽപ്പെടുന്ന കാര്യങ്ങളല്ല പിണറായി വിജയന്റെ ഗൺമാനും സംഘവും ചെയ്തതെന്നാണ് റിപ്പോർട്ടിലുള്ളത്.
വി.ഐ.പികളുടെ സുരക്ഷ സംബന്ധിച്ച് കേന്ദ്രസർക്കാർ പുറത്തിറക്കിയ ‘യെല്ലോ ബുക്കി’ലെ നിർദേശങ്ങൾക്ക് വിരുദ്ധമാണ് ഇവരുടെ പ്രവൃത്തിയെന്നാണ് എസ്.ഐ.ടി വിലയിരുത്തൽ. വി.ഐ.പി സംഘർഷസ്ഥലത്ത് പെട്ടുപോയാൽ അദ്ദേഹത്തെ അവിടെനിന്ന് രക്ഷപ്പെടുത്തികൊണ്ടുപോകുക മാത്രമാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ ചുമതല. അവിടത്തെ ക്രമസമാധാനം നിയന്ത്രിക്കേണ്ടത് ലോക്കൽ പൊലീസാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
എന്നാൽ, 2023 ഡിസംബർ 15ന് മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസിന് കരിങ്കൊടി കാണിച്ച കെ.എസ്.യു ജില്ല പ്രസിഡന്റ് എ.ഡി. തോമസിനെയും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജ്യുവൽ കുര്യാക്കോസിനെയും മർദിച്ച സംഘം ഈ നിർദേശങ്ങൾ ലംഘിച്ചത് ചട്ടലംഘനത്തിന് പുറമെ കടുത്ത സുരക്ഷ വീഴ്ചയാണെന്നും റിപ്പോർട്ടിലുണ്ട്. മുഴുവൻ സമയവും വി.ഐ.പിയുടെ ഏറ്റവും അടുത്തുണ്ടാകണമെന്നതാണ് സുരക്ഷാസംഘത്തിനുള്ള നിർദേശം. എന്നാൽ, പിണറായി വിജയന്റെ വാഹനം കടന്നുപോയശേഷമാണ് ഇവർ വാഹനം നിർത്തിയിറങ്ങി പ്രതിഷേധക്കാരെ മർദിച്ചത്.
ഇത്രയും സമയം മുഖ്യമന്ത്രിക്കൊപ്പം സംഘമുണ്ടായിരുന്നില്ല. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം ഗതാഗതക്കുരുക്കിൽ അകപ്പെടുകയും ചെയ്തു. ഇതെല്ലാം സുരക്ഷാവീഴ്ചയാണെന്ന് അന്വേഷണസംഘം ചൂണ്ടിക്കാട്ടി. സംഭവസ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ലോക്കൽ പൊലീസ് ഉദ്യോഗസ്ഥർ പ്രതിഷേധക്കാരെ പിടിച്ചുമാറ്റി ശാന്തരാക്കിയ ശേഷമായിരുന്നു സുരക്ഷാഉദ്യോഗസ്ഥരുടെ മർദനം. ഇവർക്ക് പൊലീസ് വകുപ്പ് അനുവദിച്ചത് കൈത്തോക്കാണ്. എന്നാൽ, ചൂരൽവടി ഉപയോഗിച്ചാണ് മർദിച്ചത്.സാധാരണ പൊലീസുകാർ ഉപയോഗിക്കുന്ന ലാത്തിയേക്കാൾ നീളം കൂടുതലുള്ള ചൂരൽവടിയാണിതെന്നും ഇത്തരം വടി പൊലീസ് വകുപ്പ് ആർക്കും നൽകിയിട്ടില്ലെന്നും എസ്.ഐ.ടി റിപ്പോർട്ടിലുണ്ട്. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ച് സുരക്ഷാചുമതലയുണ്ടായിരുന്ന പൊലീസുകാർക്ക് വീഴ്ച സംഭവിച്ചെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഡ് ചെയ്തത്.
കരിങ്കൊടി കാണിച്ച പ്രവർത്തകരെ ഗൺമാൻ അനിൽ കുമാറും സുരക്ഷാചുമതലയുള്ള മറ്റു നാല് ഉദ്യോഗസ്ഥരും ചേർന്ന് അതിക്രൂരമായാണ് മർദിച്ചത്. അതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ, അത് ‘രക്ഷാപ്രവർത്തന’മാണെന്ന് പറഞ്ഞ് പിണറായി വിജയൻ ന്യായീകരിക്കുകയായിരുന്നു. മർദനത്തിൽ കോൺഗ്രസ് നേതാക്കൾ വലിയ പ്രതിഷേധമുയർത്തിയിട്ടും പൊലീസ് നടപടിയെടുക്കാതിനാൽ മർദനമേറ്റവർ കോടതിയെ സമീപിച്ചു. തുടർന്ന് കോടതി നിർദേശപ്രകാരം പൊലീസ് കേസെടുക്കുകയായിരുന്നു. എന്നാൽ, അവരെ കുറ്റവിമുക്തമാക്കുന്ന നിലയിൽ കേസ് അട്ടിമറിക്കുകയാണ് പിന്നീടുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

