‘യു.ഡി.എഫിൽ ഒരു പ്രശ്നവുമില്ല; ഏത് കാര്യങ്ങളും വകുപ്പുതല മന്ത്രിമാരുമായി ആലോചിച്ചിട്ട് മാത്രമേ മുഖ്യമന്ത്രി തീരുമാനം എടുക്കാറുള്ളൂ’: മന്ത്രി കെ. മുരളീധരൻ
text_fieldsതിരുവനന്തപുരം: യു.ഡി.എഫിൽ ഒരു പ്രശ്നവുമില്ലെന്നും മന്ത്രിസഭ പ്രവർത്തിക്കുന്നത് ഒരുമിച്ചൊരു ടീമായിട്ടാണെന്നും ആരോഗ്യമന്ത്രി കെ. മുരളീധരൻ. ഏത് കാര്യങ്ങളും വകുപ്പുതല മന്ത്രിമാരുമായി ആലോചിച്ചിട്ട് മാത്രമേ മുഖ്യമന്ത്രി തീരുമാനം എടുക്കാറുള്ളൂവെന്നും ആരോഗ്യതലത്തിലും വകുപ്പ് മന്ത്രി എന്ന നിലയിൽ താനുമായി മുഖ്യമന്ത്രി ആലോചന നടത്താറുണ്ടെന്നും കെ. മുരളീധരൻ കൂട്ടിച്ചേർത്തു.
പ്രധാനപ്പെട്ട എല്ലാ വിഷയങ്ങളും മന്ത്രിസഭ ചർച്ചക്കെടുക്കാറുണ്ട്. എല്ലാ കാര്യങ്ങളും ഭംഗിയായി മുന്നോട്ടു പോകും. ചർച്ചകളും കൂടിയാലോചനകളും ഒക്കെ നടക്കുന്നുണ്ട്. അടൂർ പ്രകാശ് പാർട്ടിയുടെ അച്ചടക്കം ലംഘിച്ചിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. തിരുവനന്തപുരം മെഡിക്കൽ കോളജിലെ എൻഡോക്രൈനോളജി വകുപ്പ് മേധാവി യോഗ്യതാ വിവാദത്തിലും മന്ത്രി പ്രതികരിച്ചു.
വിഷയത്തിൽ ഉടനെ ഒരു പരിഹാരം ഉണ്ടാകും. വകുപ്പ് മേധാവിയായി പുതിയൊരാളെ നിയമിക്കുമെന്നും മെഡിക്കൽ കോളജിൽ ലാബ് തുടങ്ങുന്നത് സാധാരണക്കാരായ രോഗികൾക്ക് വേണ്ടിയാണെന്നും മന്ത്രി പറഞ്ഞു.
‘സി.എസ്.ആർ ഫണ്ട് ആരു തന്നാലും വാങ്ങും. മെഡിക്കൽ കോളജിന്റെ പൊതുസ്വത്തിൽ ആരെയും കൈയിടാൻ അനുവദിക്കില്ല. ഞങ്ങൾ ഉപകരണങ്ങൾ വാങ്ങുന്നത് വളരെ സുതാര്യമായിട്ടാണ്. പത്തുവർഷം ഇതൊക്കെ നശിപ്പിച്ചവർക്ക് ഇപ്പോൾ എല്ലാം നേരെയായി കാണുമ്പോൾ ഉണ്ടാകുന്ന അസുഖമാണ് ഈ കാണുന്ന വിമർശനങ്ങളൊക്കെ. അതിനുള്ള മരുന്ന് ഞങ്ങളുടെ കൈയിലില്ല’ -അദ്ദേഹം കൂട്ടിച്ചേർത്തു.
വൈദ്യുതി പുറത്തുനിന്ന് വാങ്ങുന്നത് സംബന്ധിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയിലും കെ. മുരളീധരൻ നിലപാട് വ്യക്തമാക്കി. നിലവിൽ വൈദ്യുതി ആവശ്യകത വരുന്നില്ലെന്നും എന്നാൽ ഭാവിയിൽ അത് ഉണ്ടായേക്കാമെന്ന കാര്യമാണ് മുഖ്യമന്ത്രി പറഞ്ഞടെന്നാണ് അക്കാര്യത്തിൽ മന്ത്രി പ്രതികരിച്ചത്.

