2500 ചതുരശ്ര അടി വരെയുള്ള കെട്ടിടങ്ങൾക്ക് ഇനി തൊഴിലാളി സെസ് വേണ്ട
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് 2500 ചതുരശ്ര അടി വരെയുള്ള വീടുകളുടെ നിർമാണങ്ങൾക്ക് ഇനി തൊഴിലാളി സെസ് വേണ്ട. കേന്ദ്ര സർക്കാറിന്‍റെ ലേബർ കോഡ് നിലവിൽവന്നതോടെയാണ് സെസ് ഇളവ് പ്രാബല്യത്തിലായത്. ലേബർ കോഡ് പ്രകാരം 50ലക്ഷം രൂപവരെയുള്ള കെട്ടിടനിർമാണങ്ങൾക്ക് സെസ് ഒഴിവായതോടെയാണിത്.
നവംബർ 21ന് ശേഷമുള്ള കെട്ടിട നിർമാണ പെർമിറ്റ് എടുക്കുന്നവർക്കാണ് ഇത് ബാധകമാവുക. നിലവിൽ 10 ലക്ഷം രൂപയിലധികം നിർമാണച്ചെലവോ 100 ചതുരശ്ര മീറ്ററിൽ (1077ചതുരശ്ര അടി) കൂടുതൽ വലുപ്പമോ ഉള്ള കെട്ടിടങ്ങൾക്ക് സെസ് ബാധകമായിരുന്നു. പുതിയ മാറ്റത്തോടെ 10,000 രൂപ മുതൽ 50,000 രൂപവരെയുള്ള സെസ് വരുമാനം തൊഴിൽ വകുപ്പിന് നഷ്ടമാകും.
ലേബർ കോഡിലെ സാമൂഹികസുരക്ഷ സംഹിതയിലെ സെക്ഷൻ 2(6) ആണ് വീടുകളുടെ സെസ് നിർണയ പരിധിയെക്കുറിച്ച് പരാമർശിക്കുന്നത്. സെസ് ഈടാക്കാനുള്ള നിർമാണച്ചെലവിന്റെ പരിധി 50 ലക്ഷം രൂപയിൽനിന്ന് വർധിപ്പിക്കാനല്ലാതെ കുറവുവരുത്താൻ സംസ്ഥാന സർക്കാരുകൾക്ക് അനുമതിയില്ല. വാണിജ്യ കെട്ടിടങ്ങളുടെ നിർമാണത്തിനും അറ്റകുറ്റപ്പണിക്കും എത്ര തുക ചെലവഴിച്ചാലും ഒരു ശതമാനം സെസ് അടക്കണമെന്ന വ്യവസ്ഥ തുടരും.
തൊഴിലാളി ക്ഷേമനിധി ബോർഡിനാണ് സെസിന്റെ പ്രയോജനം ലഭിച്ചിരുന്നത്. 1998മുതൽ തൊഴിൽ വകുപ്പായിരുന്നു സെസ് പിരിച്ചിരുന്നത്. നിർബന്ധമല്ലാത്തതിനാൽ അടക്കാൻ മിക്കവരും തയാറായില്ല. ബോർഡിന്റെ പ്രവർത്തനം പ്രതിസന്ധിലായതോടെ സെസ് പിരിവ് തദ്ദേശ വകുപ്പ് ഏറ്റെടുത്തു. 2024ൽ ഏപ്രിലിൽ തദ്ദേശവകുപ്പ് കെട്ടിട നമ്പർ ലഭിക്കാൻ ഇത് മാനദണ്ഡമാക്കി. ബോർഡിന്റെ വരുമാനം വർധിപ്പിച്ചുവരുന്ന ഘട്ടത്തിലാണ് കേന്ദ്രം പരിധി ഉയർത്തിയത്. ഇത് ബോർഡിന്റെ ഭാവി ആശങ്കയിലാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

