എറണാകുളത്ത് എതിരില്ല; സർവം യു.ഡി.എഫ്
text_fieldsകൊച്ചി: എറണാകുളം ജില്ല നൽകിയ ഫലം യു.ഡി.എഫിന് പ്രതീക്ഷകൾക്കപ്പുറത്തെ ആഹ്ലാദത്തിന്‍റെയും എൽ.ഡി.എഫിന് നിനച്ചിരിക്കാത്ത തിരിച്ചടിയുടേതുമാണ്. അതുകൊണ്ടുതന്നെ ഇരുമുന്നണികൾക്കും ഈ ഫലം ചരിത്രമായി മാറുന്നു. പരമ്പരാഗതമായി യു.ഡി.എഫ് ചായ്വ് പ്രകടിപ്പിക്കുന്ന ജില്ലയാണെങ്കിലും ആദ്യമായാണ് ഇവിടെനിന്ന് എൽ.ഡി.എഫിന് നിയമസഭയിൽ പ്രതിനിധിയില്ലാതാകുന്നത്. 14 മണ്ഡലത്തിലും വൻ ഭൂരിപക്ഷത്തോടെ വിജയം യു.ഡി.എഫിനും ഇതാദ്യം. ട്വന്‍റി 20 കൂട്ടുകെട്ടിൽ മത്സരിച്ച എൻ.ഡി.എക്ക് ഒരിടത്തും കാര്യമായ മുന്നേറ്റമുണ്ടാക്കാനായില്ല.
2016ലും 2021ലും 14ൽ അഞ്ച് സീറ്റ് വീതം എൽ.ഡി.എഫിന് നേടാൻ കഴിഞ്ഞെങ്കിൽ ഇത്തവണ ആ സീറ്റുകൾ കൂടി പിടിച്ചെടുത്ത് സമ്പൂർണ ആധിപത്യമാണ് യു.ഡി.എഫ് കാഴ്ചവെച്ചത്. കഴിഞ്ഞ തവണ എൽ.ഡി.എഫിന് ലഭിച്ച കോതമംഗലം, കുന്നത്തുനാട്, കളമശ്ശേരി, വൈപ്പിൻ, കൊച്ചി എന്നീ അഞ്ച് മണ്ഡലങ്ങളും മികച്ച ഭൂരിപക്ഷത്തോടെ യു.ഡി.എഫ് തിരിച്ചുപിടിച്ചു. പറവൂരിലെ നേരിയ കുറവ് ഒഴിച്ചാൽ ബാക്കി എട്ട് മണ്ഡലങ്ങളിലും ഭൂരിപക്ഷം ഗണ്യമായി ഉയർത്തി. പതിനൊന്നിടത്ത് കോൺഗ്രസും കേരള കോൺഗ്രസ് (ജേക്കബ്), മുസ്ലിം ലീഗ്, കേരള കോൺഗ്രസ് (ജോസഫ്) എന്നിവ ഓരോ സീറ്റിലുമാണ് വിജയിച്ചത്. എൽ.ഡി.എഫിൽ സി.പി.എം ഒമ്പത് സീറ്റിലും സി.പി.ഐ രണ്ടിടത്തും കേരള കോൺഗ്രസ് (എം) രണ്ടിടത്തും ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ ഒരിടത്തും എൻ.ഡി.എയിൽ ട്വന്‍റി 20 ഒമ്പതിടത്തും ബി.ജെ.പി മൂന്നിടത്തും ബി.ഡി.ജെ.എസ് രണ്ടിടത്തുമാണ് മത്സരിച്ചത്.
തുടർച്ചയായി ഏഴാം തവണ പറവൂരിൽ മത്സരിച്ച വി.ഡി. സതീശൻ 20,600 വോട്ടിന്‍റെ ഭൂരിപക്ഷം നേടി. എന്നാൽ, കഴിഞ്ഞതവണ 15,336 ഭൂരിപക്ഷത്തിന് ജയിച്ച മന്ത്രി പി. രാജീവ് പാർട്ടി വിലയിരുത്തിയതുപോലെ ഇത്തവണ കളമശ്ശേരിയിൽ 16,312 വോട്ടിന് മുസ്ലിം ലീഗിലെ വി.ഇ. അബ്ദുൽ ഗഫൂറിനോട് പരാജയപ്പെട്ടു.
വി.ഡി. സതീശൻ, മാത്യു കുഴൽനാടൻ, അനൂപ് ജേക്കബ് എന്നീ പ്രമുഖർ വിജയിച്ചപ്പോൾ മന്ത്രി പി. രാജീവ്, പി.വി. ശ്രീനിജൻ, സാജു പോൾ, ഇ.ടി. ടൈസൺ, എ.എം. ആരിഫ് എന്നിവർ തോറ്റ പ്രമുഖരിൽ ഉൾപ്പെടുന്നു. തൃക്കാക്കരയിൽ വിജയിച്ച ഉമ തോമസാണ് ജില്ലയിൽ ഭൂരിപക്ഷത്തിൽ മുന്നിൽ- 50,211. കുറഞ്ഞ ഭൂരിപക്ഷം കൊച്ചിയിൽനിന്ന് വിജയിച്ച ഡി.സി.സി അധ്യക്ഷൻ മുഹമ്മദ് ഷിയാസിനും- 8188. കൊച്ചി, കോതമംഗലം, വൈപ്പിൻ എന്നിവിടങ്ങളിൽ അട്ടിമറി വിജയമാണ് യു.ഡി.എഫ് നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

