പെൻഷൻ അനൂകൂല്യങ്ങളും ഗ്രാറ്റ്വിറ്റിയും ഇല്ല; 12 ദിവസമായി സത്യഗ്രഹത്തിൽ, ആരും തിരിഞ്ഞുനോക്കുന്നില്ല
text_fieldsപെൻഷനേഴ്സ് ഫോറം കാർഷിക സർവകലാശാല ആസ്ഥാനത്ത് നടത്തുന്ന സമരത്തിന്റെ 12ാം ദിവസം ജില്ല പഞ്ചായത്ത് അംഗം പി.എസ്. വിനയൻ ഉദ്ഘാടനം ചെയ്യുന്നു
തൃശൂർ: വെള്ളാനിക്കരയിലെ കാർഷിക സർവകലാശാല ആസ്ഥാനത്ത് മഴയും കാറ്റുമെല്ലാം കൊണ്ട് ഈ വയോധികർ ഇരിക്കാൻ തുടങ്ങിയിട്ട് 12 ദിവസം. ജീവിതകാലം മുഴുവൻ സേവനമനുഷ്ഠിച്ച അതേ സ്ഥലത്ത് അന്യരെപ്പോലെ വരാന്തയിലും കാർ പാർക്കിങ്ങിലുമായിരുന്ന് സമരം നടത്തുകയാണ് ഈ വയോധികർ. പെൻഷൻ ആനുകൂല്യങ്ങൾക്കും ഗ്രാറ്റ്വിറ്റിക്കുമായി ഓഫിസുകൾ കയറിയിറങ്ങിയും നിവേദനം നൽകിയും മടുത്തപ്പോഴാണ് സർവകലാശാല ആസ്ഥാനത്ത് പെൻഷനേഴ്സ് ഫോറം അനിശ്ചിതകാല സമരവുമായി എത്തിയത്.
സി.പി.എം അനുകൂല പെൻഷനേഴ്സ് ഫോറത്തിന്റെ നേതൃത്വത്തിലാണ് സത്യഗ്രഹം. എന്നിട്ടും 12 ദിവസമായിട്ടും ചർച്ചക്കുപോലും ക്ഷണിച്ചിട്ടില്ല. പെൻഷൻ ആനുകൂല്യങ്ങളും ഗ്രാറ്റ്വിറ്റിയുമടക്കം 5000ത്തോളം പേർക്ക് 110 കോടി രൂപയോളമാണ് നൽകാനുള്ളത്. എന്നാൽ, നാലു വർഷമായി ഒരു ആനുകൂല്യവും ലഭിച്ചിട്ടില്ലെന്ന് പെൻഷൻകാർ പറയുന്നു. സർക്കാർ നൽകിയ പണം പോലും വകമാറ്റിയെന്നും അവർ കുറ്റപ്പെടുത്തുന്നു.
വൈസ് ചാൻസലർ ഡോ. ബി. അശോകിനെ ബന്ധപ്പെട്ടെങ്കിലും നിഷേധാത്മക സമീപനമായിരുന്നെന്നും പരാതിയുണ്ട്. ഭരണപക്ഷാനുകൂല സംഘടനയായിരുന്നിട്ടും സർവകലാശാലയും കൃഷിവകുപ്പും ചർച്ചക്കുപോലും ക്ഷണിക്കാത്തതിൽ അമർഷം ശക്തമാണ്. അതേസമയം, പെൻഷൻകാരെ സർവകലാശാലക്കു പുറത്താക്കി സമരം പൊളിക്കാനുള്ള നീക്കം ആദ്യം മുതൽ തുടങ്ങിയിരുന്നു. ജൂൺ 20ന് സി.പി.എം തൃശൂർ ജില്ല സെക്രട്ടറി കെ.വി. അബ്ദുൽ ഖാദറാണ് സമരം ഉദ്ഘാടനം ചെയ്തത്.
അന്നുതന്നെ സമരപ്പന്തൽ പൊളിക്കാൻ പെൻഷൻകാരോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് തയാറാകാതിരുന്നതോടെ കരാറുകാരനെ ഭീഷണിപ്പെടുത്തി പന്തൽ നീക്കി. തുടർന്ന് പോർട്ടിക്കോയിൽ കസേരയിട്ടായിരുന്നു സമരം. രണ്ടു ദിവസം കഴിഞ്ഞപ്പോഴേക്കും കസേരകളും കാണാതായി. പോസ്റ്ററും ആരോ ഒഴിവാക്കി. മഴയില്ലാത്തപ്പോൾ പോർട്ടിക്കോയിലും മഴ പെയ്യുമ്പോൾ വരാന്തക്കുള്ളിലും സമരം തുടരുകയാണ് ഇവർ. പെൻഷൻ വിഷയത്തിൽ തീരുമാനമാകുംവരെ സമരം തുടരുമെന്ന് പെൻഷനേഴ്സ് ഫോറം ഭാരവാഹികൾ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.