‘രാഷ്ട്രീയമില്ല, നിയമപരമായ പരിശോധന നടത്തി തീരുമാനമെടുക്കും’; പിണറായിക്കെതിരെ കേസെടുക്കണമെന്ന ഇ.ഡി കത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: കള്ളപ്പണ നിരോധന നിയമം അനുസരിച്ചാണ് അന്വേഷണ ഏജൻസിയായ ഇ.ഡി, ഡി.ജി.പിക്ക് കത്ത് അയച്ചതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. നിയമപരമായ പരിശോധനകൾ പൂർത്തിയാക്കി സർക്കാർ തീരുമാനം എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ, മകൾ ടി. വീണ, മരുമകനും മുൻമന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ എന്നിവർക്കെതിരെ കേസെടുത്ത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പിക്ക് ഇ.ഡി കത്ത് നൽകിയതുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇതിനകത്ത് രാഷ്ട്രീയമില്ല, നിയമപരമായ പരിശോധന നടത്തി തീരുമാനമെടുക്കും. നിയമം മാത്രമാണ് നോക്കുന്നത്. രാഷ്ട്രീയ പാർട്ടികൾ വ്യക്തികളിൽനിന്നും കമ്പനികളിൽനിന്നും സംഭാവന വാങ്ങാറുണ്ട്. ഈ കേസ് അങ്ങനെയല്ല. അതിന് അപ്പുറമുള്ള കാര്യങ്ങൾ ഇ.ഡി നൽകിയ കത്തിലുണ്ട്. ന്യായീകരിക്കാൻ മാത്രമാണ് സി.പി.എം നടക്കുന്നത്. സി.പി.എം ഇപ്പോൾ പ്രതിരോധത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇ.ഡി കത്തിൽ തുടർനടപടിക്ക് ഡി.ജി.പി നിയമോപദേശം തേടിയിട്ടുണ്ട്. അഡ്വക്കേറ്റ് ജനറലിൽ നിന്നാണ് സംസ്ഥാന ആഭ്യന്തര സെക്രട്ടറി നിയമോപദേശം തേടിയത്. സി.എം.ആർ.എൽ-എക്സാലോജിക് മാസപ്പടി കേസിൽ അന്വേഷണം സംസ്ഥാന വിജിലൻസിനെ ഏൽപ്പിക്കണമെന്ന നിലപാടിലാണ് സംസ്ഥാന പൊലീസ് മേധാവിക്ക്. മാസപ്പടി വിഷയത്തിൽ പൊലീസിന്റെ നിലപാട് വ്യക്തമാക്കുന്ന വിശദമായ റിപ്പോർട്ട് ഡിജിപി കഴിഞ്ഞ ദിവസം ആഭ്യന്തര സെക്രട്ടറി മിൻഹാജ് ആലത്തിന് കൈമാറിയിരുന്നു. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കുന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് ഈ റിപ്പോർട്ട് പരിഗണിച്ച് ആഭ്യന്തര വകുപ്പ് എജിയെ സമീപിച്ചിരിക്കുന്നത്.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ 66 (2) വകുപ്പ് പ്രകാരം കേസിൽ ഇതുവരെ ഇ.ഡി ശേഖരിച്ച തെളിവുകളും മൊഴികളും ഉൾപ്പെടുത്തി ഡി.ജി.പിക്ക് സമർപ്പിച്ച 25 പേജ് റിപ്പോർട്ടിൽ ഗുരുതര കണ്ടെത്തലുകളാണുള്ളത്. സി.എം.ആർ.എൽ മുൻ സി.എഫ്.ഒയും സി.ജി.എമ്മുമായിരുന്ന പി. സുരേഷ് കുമാർ നടത്തിയ കുറ്റസമ്മത പ്രകാരം, പിണറായി വിജയൻ സി.എം.ആർ.എല്ലിൽനിന്ന് വീണ വഴി കൈക്കൂലിയായി 3.28 കോടി കൈപ്പറ്റിയെന്ന് പറയുന്നു. മുഹമ്മദ് റിയാസ് കൈക്കൂലി വാങ്ങി ഈ പണം വീണയും ചില സുഹൃത്തുക്കളും വഴി ദുബൈയിലേക്ക് അയച്ചു. കൈക്കൂലി വാങ്ങാനും മറ്റിടങ്ങളിലേക്ക് അയക്കാനും പിണറായിയെും മുഹമ്മദ് റിയാസിനെയും സഹായിച്ചത് വീണ ആണെന്നാണ് റിപ്പോർട്ടിലെ പരാമർശം. കൈക്കൂലി ഇടപാട് നടന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ മൂന്ന് പേർക്കെതിരെയും അഴിമതി നിരോധന നിയമപ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാണ് റിപ്പോർട്ടിലെ ആവശ്യം.
സർക്കാറിന് മുന്നിൽ ഇരുതലമൂർച്ചയുള്ള വാൾ
പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന ഇ.ഡിയുടെ കത്ത് സർക്കാറിനെ സംബന്ധിച്ച് ഇരുതല മൂർച്ചയുള്ള വാൾ. ഇ.ഡി സ്വീകരിക്കുന്ന നിയമ തന്ത്രം സങ്കീർണവും സംസ്ഥാന സർക്കാരിന് രാഷ്ട്രീയ പ്രത്യാഘാതം സൃഷ്ടിക്കുന്നതുമാണ്. ഇ.ഡി റിപ്പോർട്ട് പ്രകാരം കേസെടുത്താൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി പ്രതിപക്ഷ നേതാവിനെ വേട്ടയാടുന്നുവെന്ന് ചിത്രീകരിക്കാൻ സി.പി.എം ശ്രമിക്കും. കേന്ദ്ര- സംസ്ഥാന അവിശുദ്ധ സഖ്യമാണ് ഇതിന് പിന്നിലെന്ന പ്രചാരണവുമുണ്ടാകും. മുഖ്യമന്ത്രി ഡൽഹിയിൽ ആഭ്യന്തര മന്ത്രിയെ കണ്ടതിന്റെ പിറ്റേന്ന് പ്രതിപക്ഷ നേതാവിന്റെ വസതിയിൽ നടന്ന ഇ.ഡി റെയ്ഡിനെ ഇ.ഡി-വി.ഡി സഖ്യനീക്കമെന്നാണ് സി.പി.എം വിശേഷിപ്പിച്ചത്. മുമ്പ് പ്രതിപക്ഷത്തിരിക്കുമ്പോൾ വി.ഡി. സതീശൻ ഉൾപ്പെടെയുള്ള നേതാക്കൾ മാസപ്പടി കേസിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടിരുന്നുവെങ്കിലും നിലവിലെ സാഹചര്യം മറ്റൊന്നാണ്.
അതേസമയം, സർക്കാർ കേസെടുക്കാതിരിക്കുന്ന സാഹചര്യം ഉപയോഗപ്പെടുത്തുക ബി.ജെ.പി ആയിരിക്കും. കോൺഗ്രസും സി.പി.എമ്മും തമ്മിൽ രഹസ്യ ധാരണയെന്നാകും ബി.ജെ.പി പ്രചാരണം. അഴിമതിക്കാരെ സംരക്ഷിക്കുകയാണെന്ന ആരോപണവും ഉയർത്തും. കേസിൽ കോടതി ഇടപെട്ട് അന്വേഷണം നിർദേശിച്ചാലും സർക്കാരിന് നാണക്കേടാകും. ഇങ്ങനെ പലവിധത്തിലാണ് ഇക്കാര്യം സർക്കാരിന് പ്രഹരമാകാൻ സാധ്യതയുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

