
ഇരിക്കൂറിൽ സജീവ് ജോസഫിനെ വേണ്ട; എ ഗ്രൂപ് പ്രവർത്തകർ രാപകൽ ധർണ തുടങ്ങി
text_fieldsശ്രീകണ്ഠപുരം (കണ്ണൂർ): ഇരിക്കൂർ മണ്ഡലത്തിൽ മൂന്നാം ഗ്രൂപ്പുകാരനായ കെ.പി.സി.സി ജനറൽ സെക്രട്ടറി സജീവ് ജോസഫിനെ മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെ എ ഗ്രൂപ് പ്രവർത്തകർ പ്രതിഷേധം ശക്തമാക്കി. ശ്രീകണ്ഠപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫിസിന് മുന്നിൽ പ്രവർത്തകർ രാപകൽ സമരം തുടങ്ങി.
ജില്ലയിലെ എ വിഭാഗം നേതാക്കൾ ശ്രീകണ്ഠപുരത്ത് യോഗം ചേർന്നു. ശ്രീകണ്ഠപുരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് എം.ഒ. മാധവെൻറ വീട്ടിൽ ചേർന്ന യോഗത്തിൽ കെ.പി.സി.സി ഭാരവാഹികളായ സോണി സെബാസ്റ്റ്യൻ, ചന്ദ്രൻ തില്ലങ്കേരി, എം.പി. മുരളി, ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൻ ഡോ. കെ.വി. ഫിലോമിന, പി. രഘുനാഥ്, ചാക്കോ പാലക്കലോടി, തോമസ് വക്കത്താനം, യു.ഡി.എഫ് ജില്ല ചെയർമാൻ പി.ടി. മാത്യു, ഡി.സി.സി വൈസ് പ്രസിഡൻറ് മുഹമ്മദ് ബ്ലാത്തൂർ, സെക്രട്ടറി ബിജു പുളിയൻതൊട്ടി, ജില്ല പഞ്ചായത്തംഗം എൻ.പി. ശ്രീധരൻ, യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വക്താവ് ജോഷി കണ്ടത്തിൽ, ആലക്കോട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ദേവസ്യ പാലപ്രം തുടങ്ങിയ നേതാക്കൾ പങ്കെടുത്തു. 12 മണ്ഡലം കമ്മിറ്റി പ്രസിഡൻറുമാരും പങ്കെടുത്തു. തുടർന്ന് 'സജീവ് ജോസഫിനെ വേണ്ട' എന്നെഴുതിയ ബാനറുമായി പ്രതിഷേധ പ്രകടനം നടത്തി.
വൈകീട്ടോടെയാണ് ശ്രീകണ്ഠപുരം കോൺഗ്രസ് ഓഫിസിന് മുന്നിൽ പന്തൽകെട്ടി രാപകൽ സമരം തുടങ്ങിയത്. മണ്ഡലത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി എ ഗ്രൂപ് നേതാക്കളും പ്രവർത്തകരും സമരപ്പന്തലിലെത്തി.സ്ഥാനാർഥി പ്രഖ്യാപനത്തിനുശേഷം അനുകൂലമല്ലെങ്കിൽ സമരത്തിെൻറ രൂപം മാറുമെന്നും ഇരിക്കൂർ നഷ്ടപ്പെടുന്നതോടെ ജില്ലയിൽ എ വിഭാഗത്തിന് ഒരൊറ്റ സീറ്റുപോലും ഇല്ലാത്ത അവസ്ഥയാകുന്നതുകൊണ്ട് സമരം ജില്ല തലത്തിലേക്ക് വ്യാപിപ്പിക്കുമെന്നും എ ഗ്രൂപ് നേതാക്കൾ പറഞ്ഞു. എ ഗ്രൂപ്പിലെ യുവനേതാവിനെ ഇരിക്കൂറിൽ വിമതനായി മത്സരിപ്പിക്കാനും നീക്കം നടത്തുന്നുണ്ട്.
സോണി സെബാസ്റ്റ്യനെ സ്ഥാനാർഥിയാക്കില്ലെന്ന വാർത്തയെത്തിയതും ശ്രീകണ്ഠപുരം, ആലക്കോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫിസുകൾ എ ഗ്രൂപ് പ്രവർത്തകർ അടച്ചുപൂട്ടി കരിങ്കൊടി നാട്ടിയിരുന്നു. തുടർന്ന് സോണിയെ തന്നെ സ്ഥാനാർഥിയാക്കുമെന്ന് സംസ്ഥാന നേതാക്കൾ ഉറപ്പുനൽകിയതോടെയാണ് ഓഫിസുകൾ തുറന്നത്. എന്നാൽ ശനിയാഴ്ച തയാറാക്കിയ 81 അംഗ പട്ടികയിൽനിന്ന് വീണ്ടും കെ.സി. വേണുഗോപാൽ ഇടപെട്ട് സോണി സെബാസ്റ്റ്യനെ ഒഴിവാക്കിയെന്നറിഞ്ഞതോടെയാണ് പ്രതിഷേധം ശക്തമായത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.