മാളിൽവെച്ച് എസ്.എഫ്.ഐക്കാരുടെ മർദനമേറ്റ പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു
text_fieldsതിരുവനന്തപുരം: തിരുവനന്തപുരത്ത് കുടുംബത്തോടൊപ്പം മാളിലെത്തിയ പൊലീസുകാരന് എസ്.എഫ്.ഐ പ്രവർത്തകരുടെ മർദനം. എ.ആർ ക്യാമ്പിലെ പൊലീസുകാരൻ മിഥുൻ റോയിക്കാണ് മർദനമേറ്റത്. എസ്.എഫ്.ഐക്കാർ നൽകിയ കേസിൽ മർദനമേറ്റ പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
ശനിയാഴ്ച ഉച്ചയോടെ തലസ്ഥാനത്തെ മാളിലായിരുന്നു സംഭവം. പുതുവത്സര രാത്രിയിൽ ശംഖുംമുഖത്ത് സമയപരിധി കഴിഞ്ഞിട്ടും ഡി.ജെ പാർട്ടി നടത്തിയതിനെ ചൊല്ലി എസ്.എഫ്.ഐക്കാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായിരുന്നു. അന്ന് എസ്.എഫ്.ഐക്കാരെ തല്ലിയ പൊലീസ് സംഘത്തിൽപെട്ടയാളാണ് മിഥുൻ റോയ്. ശംഖുംമുഖം അസി. കമീഷണറുടെ നിർദേശപ്രകാരമായിരുന്നു അന്നത്തെ പൊലീസ് നടപടി. അന്ന് മുഖ്യമന്ത്രിക്ക് ഉൾപ്പെടെ എസ്.എഫ്.ഐക്കാർ നൽകിയ പരാതിയിൽ വകുപ്പുതല അന്വേഷണം നടന്നുവരികയാണ്. ഇതിനിടെയാണ് ശനിയാഴ്ച പൊലീസുകാരനായ മിഥുൻ റോയ് തലസ്ഥാനത്തെ ഷോപ്പിങ് മാളിൽ എത്തുന്നതും എസ്.എഫ്.ഐക്കാർ പിന്തുടർന്ന് ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്യുന്നതും.
മാളിലെ മർദനത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പൊലീസുകാരൻ വഞ്ചിയൂർ സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും ആദ്യം കേസെടുക്കാൻ തയാറായില്ല. പിന്നീട് സമ്മർദം വന്നതോടെയാണ് ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരം എസ്.എഫ്.ഐക്കാർക്കെതിരെ കേസെടുത്തത്. ഈ കേസിലെ ഒന്നാം പ്രതി വിനായക് പിന്നാലെ നൽകിയ പരാതിയിൽ പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുക്കുകയും ചെയ്തു. എസ്.എഫ്.ഐക്കാരെ മിഥുൻ റോയ് ആയുധം കൊണ്ട് ആക്രമിച്ചെന്ന് കാണിച്ചാണ് എസ്.എഫ്.ഐക്കാരുടെ പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

