Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മന്ത്രിമാരുടെ വിദേശയാത്ര: സുതാര്യത ചോദ്യം ചെയ്ത് മുൻ വനിതാ ലീഗ് നേതാവ് നൂർബീന റഷീദ്

text_fields
bookmark_border
Former Vanitha League leader Adv. Noorbina Rasheed questioning the transparency of ministers family foreign trips
cancel

കോഴിക്കോട് : മന്ത്രിമാരുടെ കുടുംബസമേതമുള്ള വിദേശയാത്രകളിൽ "സർക്കാർ പണം ചെലവഴിച്ചിട്ടില്ല" എന്ന വിശദീകരണം മാത്രം പോരെന്നും, യാത്രയുടെ ചെലവ് വഹിച്ചത് ആരാണെന്ന് വ്യക്തമാക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും മുൻ വനിതാ ലീഗ് ജനറൽ സെക്രട്ടറി അഡ്വ. നൂർബീന റഷീദ്. ജനാധിപത്യത്തിൽ ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട മന്ത്രിമാർ ഉയർന്ന നിലവാരത്തിലുള്ള സുതാര്യതയും ഉത്തരവാദിത്തവും പുലർത്തേണ്ടതുണ്ടെന്ന് അവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.

സംസ്ഥാനത്ത് യു.ഡി.എഫ് സർക്കാരിന്റെ ഭരണകാലത്ത് മുന്നണിയിലെ പ്രധാന കക്ഷിയുടെ മുൻ നേതാവുതന്നെ മന്ത്രിമാരുടെ വിദേശയാത്രയിലെ സാമ്പത്തിക സുതാര്യത ചോദ്യം ചെയ്ത് രംഗത്തുവന്നത് രാഷ്ട്രീയ ഇടങ്ങളിൽ സജീവ ചർച്ചയായിട്ടുണ്ട്. മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പിൽ വനിതാ ലീഗിന് അർഹമായ പ്രാധാന്യവും സ്ഥാനാർത്ഥിത്വവും നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി നേതൃത്വത്തിനെതിരെ പരസ്യ നിലപാടെടുത്ത നേതാവാണ് നൂർബീന റഷീദ്.

'മിനിസ്റ്റേഴ്സ് കോഡ് ഓഫ് കണ്ടക്ട്' പ്രകാരം വിലപിടിപ്പുള്ള സമ്മാനങ്ങളും സാമ്പത്തിക ആനുകൂല്യങ്ങളും സ്വീകരിക്കുന്നതിന് കൃത്യമായ നിയന്ത്രണങ്ങളുണ്ടെന്ന് നൂർബീന റഷീദ് ഫേസ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടി. വ്യവസായികളിൽ നിന്നോ മന്ത്രിമാരുമായി ഔദ്യോഗിക ഇടപാടുള്ള വ്യക്തികളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ ലഭിക്കുന്ന സൗജന്യ യാത്രയും താമസവും പൊതുജീവിതത്തിലെ സുതാര്യതയുടെ പരിധിയിൽ വരേണ്ടതാണ്. സ്വന്തം പണമാണെങ്കിൽ അത് തുറന്നുപറയാൻ മടിക്കുന്നത് എന്തിനാണെന്നും, മറ്റ് ആനുകൂല്യങ്ങൾ സ്വീകരിച്ചിട്ടുണ്ടെങ്കിൽ അതിന്റെ ഉറവിടവും സ്വഭാവവും ജനങ്ങൾ അറിയേണ്ടതുണ്ടെന്നും അവർ കുറിപ്പിൽ ആവശ്യപ്പെടുന്നു.

പണം ആരുടേതാണ്, ആനുകൂല്യം ആരിൽ നിന്നാണ്, എന്തിനാണ് അത് സ്വീകരിച്ചത്, ബന്ധപ്പെട്ട ചട്ടങ്ങൾ പാലിച്ചിട്ടുണ്ടോ എന്നീ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി ലഭിക്കുമ്പോഴേ യഥാർത്ഥ സുതാര്യത ഉറപ്പാകൂ. മന്ത്രിമാർ ജനങ്ങളുടെ പ്രതിനിധികളാണെന്നും ജനങ്ങളുടെ വിശ്വാസത്തിന് കൃത്യമായ കണക്കുവേണമെന്നും ഓർമ്മിപ്പിച്ചുകൊണ്ടാണ് അവരുടെ ഫേസ്ബുക്ക് കുറിപ്പ് അവസാനിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം

മന്ത്രിമാരുടെ വിദേശയാത്ര: സുതാര്യത ചോദിക്കുന്നത് ജനങ്ങളുടെ അവകാശം

ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട മന്ത്രിമാരിൽ നിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നത് നിയമം പാലിക്കൽ മാത്രം അല്ല; ഉയർന്ന നിലവാരത്തിലുള്ള സുതാര്യതയും ഉത്തരവാദിത്തവുമാണ്.

കുടുംബസമേതം വിദേശരാജ്യങ്ങൾ സന്ദർശിച്ച് ബിസിനസ് ക്ലാസിൽ യാത്ര ചെയ്യുമ്പോൾ, “കേരള സർക്കാർ ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല” എന്ന വിശദീകരണം മാത്രം മതിയോ?

സർക്കാർ പണം ഉപയോഗിച്ചിട്ടില്ലെങ്കിൽ ആരാണ് ചെലവ് വഹിച്ചത്? സ്വന്തം പണമാണെങ്കിൽ അത് തുറന്നു പറയുന്നതിൽ എന്താണ് ബുദ്ധിമുട്ട്? മറ്റാരെങ്കിലും വഹിച്ചിട്ടുണ്ടെങ്കിൽ, ആ വ്യക്തിയോ സ്ഥാപനമോ ആരാണ്?

മന്ത്രിമാർക്ക് ലഭിക്കുന്ന വിലപിടിപ്പുള്ള സമ്മാനങ്ങൾ മാത്രമല്ല, സൗജന്യ യാത്ര, താമസം, ഉയർന്ന നിലവാരത്തിലുള്ള മറ്റ് സേവനങ്ങൾ തുടങ്ങിയ സാമ്പത്തിക ആനുകൂല്യങ്ങളും പൊതുജീവിതത്തിലെ സുതാര്യതയുടെ പരിധിയിൽ വരേണ്ടതാണ്.

Ministers’ Code of Conduct പ്രകാരം വിലപിടിപ്പുള്ള സമ്മാനങ്ങൾ സ്വീകരിക്കുന്നതിനും ഔദ്യോഗിക ഇടപാടുള്ള വ്യക്തികളിൽ നിന്ന് മന്ത്രിയോ കുടുംബാംഗങ്ങളോ സമ്മാനങ്ങൾ സ്വീകരിക്കുന്നതിനും വ്യക്തമായ നിയന്ത്രണങ്ങളുണ്ട്. കേരള സർക്കാരിനും മന്ത്രിമാരുടെ വിദേശയാത്ര സംബന്ധിച്ച് പ്രത്യേക മാർഗനിർദ്ദേശങ്ങൾ നിലവിലുണ്ട്.

ഒരു മന്ത്രിക്ക് ലഭിക്കുന്ന സൗജന്യ ആനുകൂല്യം വെറും സ്വകാര്യ സഹായമായി മാത്രം കാണാനാകുമോ? പ്രത്യേകിച്ച് വലിയ വ്യവസായികളിൽ നിന്നോ മന്ത്രിയുമായി ഔദ്യോഗിക ഇടപാടുള്ള വ്യക്തികളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ ആനുകൂല്യം ലഭിക്കുന്നുവെങ്കിൽ, അതിന്റെ ഉറവിടവും സ്വഭാവവും ജനങ്ങൾ അറിയേണ്ടതല്ലേ?

ഇത് ആരെയും കുറ്റക്കാരനാക്കാനുള്ള ശ്രമമല്ല.

പക്ഷേ ജനങ്ങൾക്ക് ചോദിക്കാനുള്ള അവകാശമുണ്ട്:

പണം ആരുടേത്?

ആനുകൂല്യം ആരിൽ നിന്ന്?

എന്തിനാണ് അത് സ്വീകരിച്ചത്?

അത് പ്രഖ്യാപിച്ചിട്ടുണ്ടോ?

ബന്ധപ്പെട്ട ചട്ടങ്ങൾ പാലിച്ചിട്ടുണ്ടോ?

“സർക്കാർ പണം ഉപയോഗിച്ചിട്ടില്ല” എന്ന മറുപടിക്കപ്പുറം, “ചെലവ് വഹിച്ചത് ആരാണ്?” എന്ന ചോദ്യത്തിനും വ്യക്തമായ മറുപടി ലഭിക്കുമ്പോഴാണ് യഥാർത്ഥ സുതാര്യത.

ജനാധിപത്യത്തിൽ മന്ത്രിമാർ ജനങ്ങളുടെ പ്രതിനിധികളാണ്. ജനങ്ങളുടെ വിശ്വാസത്തിന് വിലയുണ്ട് — അതിന് കണക്കും വേണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Noorbina Rasheed Questions Transparency of Ministers' Foreign Trips, Demands Clarity on Sponsorship
Next Story