വെബ്സൈറ്റിൽ മെല്ലെപ്പോക്ക്; ക്ഷേമത്തിനും ചികിത്സക്കും പ്രവാസികൾ വലയുന്നു
text_fieldsതൃക്കരിപ്പൂർ: പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി രൂപവത്കരിച്ച നോർക്ക റൂട്ട്സ്, ക്ഷേമ ബോർഡ് എന്നിവയുടെ വെബ്സൈറ്റുകളിലെ മെല്ലെപ്പോക്ക് കാരണം ചികിത്സ, പെൻഷൻ ആവശ്യങ്ങൾക്ക് മാസങ്ങൾ കാത്തിരിക്കേണ്ട സാഹചര്യം. 2004ൽ നിലവിൽ വന്ന നോർക്ക വകുപ്പിന്റെ ഫീൽഡ് ഏജൻസിയായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് റൂട്ട്സ്.
വകുപ്പിന്റെ നയങ്ങളും പദ്ധതികളും പ്രവാസികളിൽ എത്തിക്കുന്നത് നോർക്ക റൂട്ട്സാണ്. പ്രവാസികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി അപകട ഇൻഷുറൻസും മറ്റു ആരോഗ്യ ഇൻഷുറൻസ് പദ്ധതികളും നടപ്പാക്കുന്നു. നല്ലകാലത്ത് അധ്വാനിച്ച് സ്വരൂപിച്ച് ഒടുക്കിയ തുക അത്യാവശ്യഘട്ടങ്ങളിൽ സാങ്കേതിക കാരണങ്ങളിൽ കുരുങ്ങുന്നതായി പ്രവാസികൾ പറയുന്നു. നോർക്ക കെയർ പ്ലസ് ഇൻഷുറൻസ് സംബന്ധിച്ചാണ് പരാതികൾ ഉയരുന്നത്.
വിഹിതം അടച്ചിട്ടും ഇൻഷുറൻസ് ക്ലയിം ലഭിക്കാത്തത് ചെലവേറിയ ചികിത്സ തേടുന്നവരെ പ്രതിസന്ധിയിലാക്കുകയാണ്. കെയർ പ്ലസ് പദ്ധതിയുടെ തൽസ്ഥിതി മൊബൈൽ ആപ്പ് വഴിയാണ് ഗുണഭോക്താക്കൾ മനസ്സിലാക്കുന്നത്. പണമടച്ച് എൻറോൾമെന്റ് പൂർത്തിയാക്കിയവർക്ക് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തിട്ടില്ല. സൈറ്റിൽനിന്ന് ഇ-കാർഡ് എടുക്കാനും സാധിക്കുന്നില്ല. സെർവറിൽനിന്ന് പ്രതികരണം ഇല്ലെന്ന സന്ദേശമാണ് ലഭിക്കുന്നത്.
പ്രീമിയം അടച്ച് ഒരുമാസം കഴിഞ്ഞ് ഒക്ടോബർ 17ഓടെ കെയർ പ്ലസ് കാർഡുകൾ ലഭ്യമാകുമെന്നാണ് അറിയിച്ചിരുന്നത്. മൊബൈൽ ആപ്പിൽ എൻറോൾമെന്റ് വിശദാംശങ്ങൾ കാണിച്ചാൽ ചികിത്സ ആനുകൂല്യം ലഭിക്കുന്നില്ല. കാർഡ് ഹാജരാക്കാനാണ് ആശുപത്രികൾ ആവശ്യപ്പെടുന്നത്. കാഷ് ലെസ് ചികിത്സ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ അഞ്ചുലക്ഷം മുതൽ മുകളിലേക്ക് ചികിത്സസഹായം ലഭ്യമാക്കുന്ന പദ്ധതികളിൽ പണം അടക്കുന്നത്.
പ്രവാസി പെൻഷൻ കൈകാര്യം ചെയ്യുന്ന പ്രവാസി വെൽഫെയർ ബോർഡിലും മെല്ലെപ്പോക്കാണ്. പ്രവാസം അവസാനിപ്പിച്ച് മാസങ്ങളോളം കാത്തിരുന്നിട്ടും വെരിഫിക്കേഷൻ പൂർത്തീകരിച്ചിട്ടില്ല എന്ന കാരണം പറഞ്ഞ് പെൻഷൻ ലഭിക്കാത്ത സ്ഥിതിയുണ്ട്.

