കരാർ ജീവനക്കാരെ പിരിച്ചുവിടുന്നതിനുമുമ്പും നോട്ടീസ് നിർബന്ധം -ഹൈകോടതി
text_fieldsകൊച്ചി: കരാർ ജീവനക്കാരാണെങ്കിലും പിരിച്ചുവിടുന്നതിനുമുമ്പ് നോട്ടീസ് നൽകണമെന്ന് ഹൈകോടതി. സേവനം തൃപ്തികരമല്ലെന്ന കാരണത്താലാണ് നടപടിയെങ്കിൽ പോലും നോട്ടീസ് അനിവാര്യമാണെന്ന് ജസ്റ്റിസ് അനു ശിവരാമൻ വ്യക്തമാക്കി. നോട്ടീസ് നൽകാതെ പിരിച്ചുവിട്ട നടപടി ചോദ്യം ചെയ്ത് വയനാട് മാനന്തവാടി നഗരസഭയിലെ ആയുഷ് എൻ.എച്ച്.എം ഹോമിയോപ്പതിക് ഡിസ്പെൻസറിയിലെ കരാർ ജീവനക്കാരായ അറ്റൻഡർ കെ. ടിന്‍റു, പാർട്ട് ടൈം സ്വീപ്പർ ബീന വിക്ടർ എന്നിവർ നൽകിയ ഹരജിയിലാണ് ഉത്തരവ്. ഇരുവരെയും പുറത്താക്കിയ നടപടി കോടതി റദ്ദാക്കി.
നടപടിക്രമങ്ങൾ പാലിച്ചാണ് തങ്ങളെ നിയമിച്ചതെന്നും പിൻവാതിൽ പ്രവേശനം നേടിയവരല്ലെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. 2010 മുതൽ നിശ്ചിത കാലത്തേക്കും 2016 മുതൽ പിരിച്ചുവിടുംവരെയും സേവനം ചെയ്തിട്ടുണ്ട്. കാരണം കാണിക്കൽ നോട്ടിസ് നൽകാതെയും തുടർ നടപടികളില്ലാതെയുമാണ് പിരിച്ചുവിട്ടതെന്നും ഹരജിക്കാർ ബോധിപ്പിച്ചു. 2021ലാണ് ഇവരെ പിരിച്ചുവിട്ടത്.
സേവനം മികച്ചതല്ലാത്തതിനാലാണ് പിരിച്ചുവിടുന്നതെന്നും കൃത്യമായ തെരഞ്ഞെടുപ്പ് നടപടികളിലൂടെയല്ലാതെ നിയമിതരായവരാണെന്നും മാനന്തവാടി നഗരസഭ വാദിച്ചു. സർവിസിൽ സ്ഥിരമായി തുടരാൻ ഇവർക്ക് അവകാശമില്ലെന്നും ചൂണ്ടിക്കാട്ടി. നോട്ടീസ് നൽകി വിശദീകരണം കേട്ട് കാര്യക്ഷമതക്കുറവ് കണ്ടെത്തിയ ശേഷമായിരുന്നു പിരിച്ചുവിടൽ നടപടി സ്വീകരിക്കേണ്ടിയിരുന്നതെന്ന് കോടതി നിരീക്ഷിച്ചു. ഹരജിക്കാരുടെ കാര്യത്തിൽ ഈ നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്ന് പറഞ്ഞ കോടതി, അവരെ കരാർ ജീവനക്കാരായി തുടരാൻ അനുവദിക്കണമെന്നും നിർദേശിച്ചു. എന്നാൽ, നിയമാനുസൃതം നോട്ടീസ് നൽകി ഇവർക്കെതിരെ ഉചിത നടപടി സ്വീകരിക്കാൻ തടസ്സമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.