കുപ്രസിദ്ധ മോഷ്ടാവ് സാമ്പാർ മണി വിരാജ്പേട്ടയിൽ പിടിയിൽ; കർണാടക വനപ്രദേശത്ത് ഒളിവിൽ താമസിച്ചത് ‘സ്വാമി’യായി
text_fieldsസാമ്പാർ മണി
രാമപുരം: 23ലേറെ മോഷണ കേസുകളിലെ പ്രതിയും അന്തർ സംസ്ഥാന മോഷ്ടാവുമായ ബിജീഷ് എന്ന സാമ്പാർ മണി എട്ടു വർഷത്തിനു ശേഷം കർണാടകയിലെ വിരാജ്പേട്ടയിൽ നിന്ന് പിടിയിൽ. രാമപുരം ചിറക്കൽ കാവ് ദേവീക്ഷേത്രത്തിലെ ശ്രീകോവിൽ കുത്തിത്തുറന്ന് തിരുവാഭരണത്തിലെ ഗോളകം മോഷ്ടിച്ച കേസിന്‍റെ അന്വേഷണത്തെ തുടർന്നാണ് പിടിയിലായത്.
രാമപുരം പൊലീസ് സംഭവസ്ഥലത്തു നിന്നും ലഭിച്ച വിരലടയാളം കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ക്ഷേത്രങ്ങളും പള്ളികളും വിദേശ മദ്യഷാപ്പുകളും നോക്കി വെക്കുകയും വെളുപ്പിന് ഒരു മണിക്കും മൂന്നു മണിക്കും ഇടയിൽ മോഷണം നടത്തി തിരികെ പോവുകയുമാണ് മോഷ്ടാവിന്‍റെ രീതി. സ്ഥിരമായി ഫോൺ ഉപയോഗിക്കാത്ത ഇയാൾ ചെല്ലുന്ന സ്ഥലങ്ങളിൽ നിന്ന് മോഷ്ടിക്കുന്ന ഫോൺ ആണ് ഉപയോഗിക്കുക.
ഊട്ടിയിൽ വിദേശമദ്യഷാപ്പ് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ പൊലീസ് വെടിവെച്ചാണ് ഇയാളെ പിടികൂടിയത്. കർണാടകയിലെ വനപ്രദേശങ്ങളിൽ പല സ്ഥലങ്ങളിലായി മാറിമാറി താമസിക്കുകയായിരുന്നു. പ്രതിയെ തിരിച്ചറിഞ്ഞതു മുതൽ തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലായി അന്വേഷണം ആരംഭിച്ചു. കർണാടക ബോർഡറിൽ വനപ്രദേശത്ത് സ്വാമിയായി ചമഞ്ഞ് താമസിച്ചു വരുന്നതായി സൂചന ലഭിച്ചു.
പ്രതിയുടെ ഒളിത്താവളം കൃത്യമായി മനസിലാക്കിയ രാമപുരം എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ കർണാടകയിലെ വിരാജ് പേട്ടയിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. കേരളത്തിൽ വയനാട്, കോട്ടയം, തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലായി 15ൽപരം മോഷണം കേസുകളും തമിഴ്നാട്ടിൽ ആറു മോഷണ കേസുകളും കർണാടകയിൽ രണ്ട് മോഷണ കേസുകളും ഇയാൾക്കെതിരെയുണ്ട്.
ജില്ല പൊലീസ് മേധാവി ഷാഹുൽ ഹമീദിന്റെ നിർദേശ പ്രകാരം രാമപുരം സ്റ്റേഷൻ ഇൻസ്പെക്ടർ കെ. അഭിലാഷ് കുമാറിന്‍റെ നേതൃത്വത്തിൽ എസ്.ഐ അനിൽ കുമാർ, എസ്.സി.പി.ഒ വിനീത്, സി.പി.ഒ ശ്യാം മോഹൻ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.