18 വയസ് മുതൽ പ്രണയിച്ച് 25ൽ ജീവിത പങ്കാളിയെ കണ്ടെത്തുക; സമുദായത്തിൽ അംഗസംഖ്യ കുറയുന്നു -പാംപ്ലാനി
text_fieldsകണ്ണൂർ: 18 വയസ്സിന് ശേഷം പ്രണയിക്കുന്നത് ഒരു കുറ്റവുമില്ലാത്ത കാര്യമാണെന്നും 25 വയസ്സാകുമ്പോഴേക്കും ജീവിത പങ്കാളിയെ കണ്ടെത്തണമെന്നും സമുദായത്തിൽ അംഗസംഖ്യ കുറയുകയാണെന്നും തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. കത്തോലിക്കാസഭ യുവജന പ്രസ്ഥാനത്തിന്റെ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജോസഫ് പാംപ്ലാനി.
നമ്മുടെ സമുദായം ഇന്ന് നേരിടുന്ന വലിയ പ്രശ്നം വരും തലമുറയുടെ എണ്ണം വളരെ അപര്യാപ്തമാണ് എന്നതാണ്. അതിന്‍റെ പ്രധാന കാരണം യുവാക്കന്മാർ വിവാഹിതരാകുന്നില്ല എന്നതാണ്. തലശ്ശേരി രൂപതയിൽ തന്നെ 35 വയസ്സ് കഴിഞ്ഞിട്ടും വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടായിട്ടും പറ്റിയ പങ്കാളിയെ കിട്ടാത്തതായി 4200 പുരുഷന്മാരുണ്ട്. 150ഓളം പെൺകുട്ടികളുമുണ്ട്. ഇതിൽ 4000 പുരുഷന്മാർക്കും പെണ്ണിനെ കിട്ടില്ല, കാരണം അവർ പലരും 40ന് മുകളിൽ പ്രായമുള്ളവരാണ്. അതുകൊണ്ട് സഭ നിങ്ങളോട് നിർദേശിക്കുകയാണ്, 25 വയസ്സാകുമ്പോഴേക്കും ജീവിത പങ്കാളിയെ നിങ്ങൾ കണ്ടെത്തണം.
മാതാപിതാക്കൾ, അതുപോലെ അച്ചമ്മാര്, കന്യാസ്ത്രീമാരാണ് ഞങ്ങളുടെ കല്യാണം സമയത്തിന് നടക്കാതെ പോയതിന് കാരണം എന്ന് ഒരു 40കാരൻ എന്നോട് വഴക്കുകൂടി പറഞ്ഞു. ഒരു 18 വയസ്സിന് ശേഷം നിങ്ങൾ പ്രണയിക്കുന്നത് ഒരു കുറ്റവുമില്ലാത്ത കാര്യമാണ്. അതിനെ ദോഷമായി ആരും കരുതേണ്ട കാര്യമില്ല. നമ്മുടെ യുവജനങ്ങളെല്ലാം വിദേശത്തേക്കുള്ള ഓട്ടം അത് അപകടകരമാണ് എന്ന് നമുക്കറിയാം. 30ഉം 40ഉം ലക്ഷം രൂപ ലോണെടുത്ത് യുവജനങ്ങൾ വിദേശത്തേക്ക് പാലായനം ചെയ്യുന്ന ഒരു വ്യഗ്രത നമ്മുടെ സമുദായത്തെ ദുർബലപ്പെടുത്തിയിട്ടുണ്ട് -അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.