കന്യാസ്ത്രീകൾ നിരപരാധികൾ; ചില പാർട്ടികൾ നാടകം കളിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖർ
text_fieldsകാക്കനാട്: മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ചുമത്തി ഛത്തിസ്ഗഢിലെ ദുർഗിൽ അറസ്റ്റിലായ കന്യാസ്ത്രീകൾ നിരപരാധികളെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖർ. അവർക്ക് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ജാമ്യം ലഭിക്കുമെന്നാണ് പ്രതീക്ഷ.
സിറോ മലബാർ സഭ ആസ്ഥാനത്ത് മേജർ ആർച് ബിഷപ് റാഫേൽ തട്ടിലുമായി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില പാർട്ടികൾ അവിടെപ്പോയി രാഷ്ട്രീയനാടകം കളിക്കുന്നുണ്ട്. ഛത്തിസ്ഗഢിന് അവരുടേതായ നിയമങ്ങളുണ്ട്. സഭ പാർട്ടിയുടെ സഹായം തേടിയത് മൂന്നുദിവസം മുമ്പാണ്. എല്ലാ സഹായവും പാർട്ടിയുടെ ഭാഗത്തുനിന്ന് ചെയ്യുന്നുണ്ട്. ജാമ്യാപേക്ഷയെ സംസ്ഥാന സർക്കാർ എതിർക്കില്ലെന്ന ഉറപ്പ് ലഭിച്ചിട്ടുണ്ട്.
അതിനാവശ്യമായ കാര്യങ്ങൾ ചെയ്യുമെന്ന് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഉറപ്പ് നൽകിയിരുന്നു. അക്കാര്യം അറിയിക്കാനാണ് സഭ ആസ്ഥാനത്തെത്തിയതെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
അതേസമയം, അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജയിൽ വാസം ഒരാഴ്ച പൂർത്തിയാകുമ്പോഴും മോചനത്തിനുള്ള കുരുക്കഴിക്കാനായില്ല. ജാമ്യം നിഷേധിച്ച ജില്ല സെഷൻസ് കോടതി ഉത്തരവിനെതിരെ ഛത്തിസ്ഗഢ് ഹൈകോടതിയെ സമീപിക്കാനിരുന്ന മലയാളി കന്യാസ്ത്രീകളുടെ അഭിഭാഷകർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നൽകിയ ഉറപ്പിനെ തുടർന്ന് മാറിച്ചിന്തിക്കുകയാണിപ്പോൾ. ഹൈകോടതിക്കു പകരം വിചാരണ കോടതിയെ തന്നെ ജാമ്യാപേക്ഷയുമായി സമീപിക്കണോ എന്ന ആലോചനയാണ് നടക്കുന്നത്.
എന്നാൽ, കേന്ദ്രത്തിന്റെ ഉറപ്പിനിടയിലും ഛത്തിസ്ഗഢ് മുഖ്യമന്ത്രിയും സംസ്ഥാനത്തുനിന്നുള്ള ബി.ജെ.പി നേതാക്കളും എം.പിമാരും ഒറ്റക്കെട്ടായി കന്യാസ്ത്രീകൾക്കെതിരായ നിലപാടിൽ ഉറച്ചുനിൽക്കുന്നതിനാൽ ജാമ്യാപേക്ഷ കോടതിയിലെത്തുന്നതു വരെ അനിശ്ചിതത്വം തുടരുകയാണ്. എൻ.ഐ.എ കോടതിക്ക് കേസ് കൈമാറി സെഷൻസ് കോടതി പുറപ്പെടുവിച്ച ഉത്തരവ് നിലനിൽക്കുന്നതിനാൽ അത് റദ്ദാക്കാതെയോ തിരുത്താതെയോ മറ്റൊരു തീരുമാനം കോടതിക്ക് അസാധ്യമാകും. അതുകൊണ്ടാണ് സെഷൻസ് കോടതി വിധിക്കെതിരെ ഛത്തിസ്ഗഢ് സർക്കാർ തന്നെ അപ്പീൽ നൽകുമെന്നും കന്യാസ്ത്രീകൾ സ്വന്തം നിലക്കും അപ്പീൽ നൽകണമെന്നും അമിത് ഷാ പറഞ്ഞത്. കടുത്ത നിലപാട് തുടരുന്ന ഛത്തിസ്ഗഢ് സർക്കാറും ബി.ജെ.പി നേതാക്കളും ഇനി ജാമ്യാപേക്ഷ കോടതിയിൽ വരുമ്പോൾ നിലപാട് മാറ്റുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.