ആശുപത്രി അധികൃതർ മുൻകരുതൽ സ്വീകരിച്ചിരുന്നെങ്കിൽ ലിനി മരിക്കില്ലായിരുന്നുവെന്ന് അമ്മ
text_fieldsകോഴിക്കോട്: പേരാമ്പ്ര സൂപ്പിക്കടയിൽ നിപ വൈറസ് ബാധിച്ച മുഹമ്മദ് സാദിഖ്, മുഹമ്മദ് സാലിഹ്, മറിയുമ്മ എന്നിവരെ അക്ഷരാർഥത്തിൽ തെൻറ ജീവൻപോലും വെടിഞ്ഞാണ് ലിനി പരിചരിച്ചത്. അവർ മരിച്ചപ്പോഴും ലിനിക്ക് അറിവില്ലായിരുന്നു ഈ അജ്ഞാതരോഗം തെൻറ ജീവനും കവരുമെന്ന്. ഭർത്താവിെൻറയും പിഞ്ചുമക്കളുടെയും അമ്മയുടെയും പ്രാർഥനകൾ വിഫലമാക്കി തിങ്കളാഴ്ച പുലർച്ചെ ലിനിയും പോയി.
കോഴിക്കോട് മെഡിക്കൽ കോളജിലെ ഒരു കോണിലിരുന്ന് കരയുകയാണ് ലിനിയുടെ അമ്മ രാധാമണി. മകളുടെ മൃതദേഹം ഒന്ന് ശരിക്ക് കാണാൻപോലും തനിക്ക് അനുവാദം ലഭിച്ചില്ലല്ലോ എന്നോർക്കുമ്പോൾ അവരുെട തേങ്ങലിെൻറ ആഴം കൂടുന്നു. വീട്ടുകാരുടെ അനുമതിയോടെ കോഴിക്കോട്ടെ വൈദ്യുതി ശ്മശാനത്തിൽ സംസ്കരിക്കുകയായിരുന്നു ലിനിയുടെ മൃതദേഹം. ‘ഒരാഴ്ചയായി തലവേദനയും പനിയും ഉണ്ടായിരുന്നു ലിനിക്ക്. എന്നാൽ, കാര്യങ്ങൾ ഇത്രത്തോളം ഗൗരവമാണെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. ആശുപത്രി അധികൃതർ വേണ്ട മുൻകരുതലുകൾ സ്വീകരിച്ചിരുന്നുവെങ്കിൽ അവൾക്ക് ജീവൻ നഷ്ടപ്പെടില്ലായിരുന്നു’ -ലിനിയുടെ മാതാവ് രാധാമണിയുടെ വാക്കുകൾ കണ്ണീരിൽ മുറിഞ്ഞു.
ഗൾഫിൽ ജോലിചെയ്യുന്ന ലിനിയുടെ ഭർത്താവ് സജീഷ് ഞായറാഴ്ച നാട്ടിലെത്തിയെങ്കിലും അദ്ദേഹത്തിനും ലിനിയെ കാണാനായില്ല. ഇവരുടെ മക്കളായ റിതുൽ (5), സിദ്ധാർഥ് (2) എന്നിവരും ഇപ്പോൾ നിരീക്ഷണത്തിലാണ്. മരുന്നോ വാക്സിനോ ലഭ്യമല്ലാത്ത നിപ വൈറസ് ബാധക്ക് ശരിയായ സമയത്ത് ചികിത്സ ലഭ്യമാക്കുക എന്നത് മാത്രമാണ് പോംവഴി. ലിനിയോടൊപ്പം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മറ്റ് രണ്ട് നഴ്സുമാർക്കും രോഗം പിടിപെട്ടിട്ടുണ്ടെന്ന സംശയം ആരോഗ്യ വകുപ്പ് അധികൃതരെയും അങ്കലാപ്പിലാക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.