ഉമ്മൻ ചാണ്ടിയുടെ മൃതദേഹം കണ്ടു മടങ്ങുന്നതിനിടെ അപകടം: കോൺഗ്രസ് മണ്ഡലം സെക്രട്ടറി മരിച്ചു
text_fieldsകുമളി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരം കണ്ടശേഷം തിരുവനന്തപുരത്തുനിന്ന് മടങ്ങി വരികയായിരുന്ന കോൺഗ്രസ് പ്രവർത്തകരുടെ വാഹനം അപകടത്തിൽപ്പെട്ട് മണ്ഡലം സെക്രട്ടറി മരിച്ചു. പത്തനംതിട്ട റാന്നിക്കു സമീപം ബുധനാഴ്ച പുലർച്ച മൂന്നോടെയാണ് അപകടം.
കുമളി അട്ടപ്പള്ളം പുതുവൽ കണ്ടത്തിൽ വീട്ടിൽ കെ.വൈ വർഗീസാണ് (സുരേഷ് - 47 ) മരിച്ചത്. കോൺഗ്രസ് കുമളി മണ്ഡലം കമ്മിറ്റി സെക്രട്ടറിയും ഐ.എൻ.ടി.യു.സി പീരുമേട് ബ്ലോക്ക് ജനറൽ സെക്രട്ടറിയുമാണ്.
കോൺഗ്രസ് പ്രവർത്തകരായ പ്രസാദ് മാണി, ബിനോയ് നടൂപ്പറമ്പിൽ എന്നിവർക്കൊപ്പമാണ് വർഗീസ് തിരുവനന്തപുരത്തേക്ക് പോയത്. തിരികെ വരുന്നതിനിടെ ഇവരുടെ കാർ നിയന്ത്രണംവിട്ട് റോഡരികിലെ ഡിവൈഡറിൽ ഇടിച്ചാണ് അപകടം.
കാറിന്റെ പിൻസീറ്റിലിരുന്ന വർഗീസിന് പരിക്കേറ്റതിനെ തുടർന്ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച വൈകീട്ട് അഞ്ചോടെ മരണപ്പെട്ടു. കാറിന്റെ മുൻ സീറ്റിലുണ്ടായിരുന്ന രണ്ടു പേരും എയർ ബാഗ് ഉണ്ടായിരുന്നതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വർഗീസിന്റെ മൃതദേഹം വ്യാഴാഴ്ച കുമളിയിലെത്തിക്കും.സംസ്കാരം പിന്നീട്. ഭാര്യ: കൽപന. മക്കൾ: ബിനീഷ്, അനീഷ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.