ഒാഖി: ഇനിയും മടങ്ങി എത്താനുള്ളത് 197പേർ
text_fieldsതിരുവനന്തപുരം: ഓഖി ദുരന്തത്തിൽപെട്ട 197 മത്സ്യത്തൊഴിലാളികൾ ക്രിസ്മസ് ആയിട്ടും മടങ്ങിയെത്തിയിട്ടില്ലെന്ന് സർക്കാർ കണക്ക്. വലിയ ബോട്ടുകളിൽ പോകുന്നവരും 20-30 ദിവസങ്ങൾ തുടർച്ചായി കടലിൽ തങ്ങുന്നവരുമായ മത്സ്യത്തൊഴിലാളികൾ ക്രിസ്മസിന് മുമ്പ് തിരികെയെത്തുമെന്നായിരുന്നു പ്രതീക്ഷ. മന്ത്രി മേഴ്സിക്കുട്ടിയമ്മയും മത്സ്യത്തൊഴിലാളികളുടെ സംഘടന പ്രതിനിധികളും ഇതേ പ്രതീക്ഷകൾ പങ്കുെവച്ചിരുന്നു.
ഇനിയും കണ്ടെത്താനുള്ളവരെ മരിച്ചവരായി കണക്കാക്കി നഷ്ടപരിഹാരം നൽകുമെന്നാണ് സർക്കാർ പറയുന്നത്. ഇതുവരെ 74 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതിൽ 32 പേരെ തിരിച്ചറിയാനായി, തിരുവനന്തപുരത്ത് 28 ഉം, കൊല്ലത്ത് നാലും. മറ്റുള്ളവരെ ഇനിയും തിരിച്ചറിയാനുണ്ട്. എഫ്.ഐ.ആറോടു കൂടിയ കാണാതായവർ 164 പേരുണ്ട്. ഇതിൽ 132 പേർ മലയാളികളും 30 പേർ തമിഴ്നാട്ടുകാരും രണ്ടുപേർ അസം സ്വദേശികളുമാണ്. എഫ്.ഐ.ആർ ഇല്ലാതെ കാണാതായവരുടെ കണക്കിൽ 33 പേരുണ്ട്. കാണാതായവരിൽ കൂടുതൽ തിരുവനന്തപുരത്താണ്. 132 പേർ. കൊല്ലത്ത് 10 പേരെയും എറണാകുളത്ത് 32 പേരെയും കണ്ടെത്താനുണ്ട്.
ചെറിയ വള്ളങ്ങളും ബോട്ടുകളും അടക്കം 80 എണ്ണം ഇനിയും കണ്ടെത്താനുണ്ടെന്നാണു സർക്കാർ കണക്ക്. ഇതിൽ 62 എണ്ണം തിരുവനന്തപുരത്തുനിന്നുള്ളവയാണ്. കൊല്ലത്തു നാലെണ്ണവും എറണാകുളത്ത് 14 എണ്ണവും കണ്ടെത്താനുണ്ട്. മടങ്ങിയെത്തിയ മത്സ്യത്തൊഴിലാളികൾക്ക് പൂന്തുറയിൽ സ്വീകരണം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.