ഒാഖി: കാണാതയവരെ കണ്ടെത്താൻ നടപടി സ്വീകരിക്കും -പ്രധാനമന്ത്രി
text_fieldsതിരുവനന്തപുരം: ‘സർക്കാർ നിങ്ങൾക്കൊപ്പമുണ്ട്. കാണാതായ മുഴുവൻ പേരെയും ക്രിസ്മസിനു മുമ്പ് വീടുകളിൽ തിരികെയെത്തിക്കും’-ഒാഖി ചുഴലിക്കാറ്റ് ദുരന്തബാധിതരെ സമാശ്വസിപ്പിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനൽകി. ദുരിതബാധിതരിൽ നിന്ന് നേരിട്ട് പരാതി കേൾക്കാൻ പൂന്തുറയിലെത്തിയപ്പോഴാണ് മോദി ഇൗ ഉറപ്പ് നൽകിയത്.
‘ദുരന്തം സംഭവിച്ചയുടൻതന്നെ പ്രതിരോധമന്ത്രി നിർമല സീതാരാമനെ ഇവിടേക്കയച്ചു. ദുരിതാശ്വാസ പ്രവർത്തനം ഉൗർജിതമാക്കാൻ തീരദേശ-നാവിക സേനകൾക്ക് നിർദേശവും നൽകി. സർവവും നഷ്ടപ്പെട്ടവെൻറ ദുഃഖം മനസ്സിലാക്കുന്നു. നിങ്ങളുടെ ദുഃഖത്തിൽ രാജ്യവും പങ്കുചേരുന്നു. ആഘോഷിക്കാനുള്ള സമയമല്ലിത്. കാണാതായവരെ തിരികെ കൊണ്ടുവരാൻ സർക്കാർ എന്തിനും തയാറാണ്. കടലിൽ നടത്തുന്ന തിരച്ചിൽ തുടരും. ഇക്കാര്യത്തിൽ വിട്ടുവീഴ്ചയൊന്നുമുണ്ടാകില്ല. ഓഖി ദുരിതബാധിതരോടൊപ്പം രാജ്യമുണ്ടെന്ന് ഉറപ്പുനൽകാനാണ് ഞാൻ ഇവിടെ എത്തിയത്’- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ചൊവ്വാഴ്ച വൈകീട്ട് 4.50നാണ് പ്രധാനമന്ത്രി പൂന്തുറ സെൻറ് തോമസ് ഒാഡിറ്റോറിയത്തിലെത്തിയത്. ദുരിതബാധിതർക്കിടയിലേക്കിറങ്ങി പരിഭവങ്ങൾ കേട്ടു.
പൂന്തുറ, വിഴിഞ്ഞം, വലിയതുറ, പുതുക്കുറിച്ചി തുടങ്ങിയ പ്രദേശങ്ങളിലെ ദുരിതബാധിതരാണ് പ്രധാനമന്ത്രിക്ക് മുന്നിലെത്തിയത്. വേദിയിൽനിന്ന് സദസ്സിലേക്ക് ഇറങ്ങിവന്ന് ഏതാനും പേരുടെ പരാതി കേട്ടു. ഗവർണർ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹമന്ത്രിമാരായ പൊൻ രാധാകൃഷ്ണൻ, അൽഫോൺസ് കണ്ണന്താനം, സംസ്ഥാന മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, മേഴ്സിക്കുട്ടിയമ്മ, കടകംപള്ളി സുരേന്ദ്രൻ, എം.പിമാരായ സുരേഷ് ഗോപി, റിച്ചാർഡ് ഹേ, എം.എൽ.എമാരായ ഒ. രാജഗോപാൽ, വി.എസ്. ശിവകുമാർ, ജില്ല കലക്ടർ കെ. വാസുകി തുടങ്ങിയവരും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. കന്യാകുമാരിയിൽ ചുഴലിക്കാറ്റ് ദുരിതബാധിതരെ കണ്ടശേഷമാണ് പ്രധാനമന്ത്രി പൂന്തുറയിലെത്തിയത്.
അതേസമയം, പ്രധാനമന്ത്രി വേദി വിട്ടയുടൻ മത്സ്യത്തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തെത്തി. തങ്ങളുടെ പരാതികളും പരിദേവനങ്ങളുമായി മത്സ്യത്തൊഴിലാളികൾ മണിക്കൂറുകൾ കാത്തുനിൽക്കുകയായിരുന്നു. എന്നാൽ, പ്രധാനമന്ത്രി തങ്ങളെ കേൾക്കാൻപോലും തയാറായില്ലെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.