ജില്ലകൾക്കും ഔദ്യോഗിക പക്ഷിയും വൃക്ഷവും പുഷ്പവും; കോഴിക്കോട് ജില്ല പ്രഖ്യാപനം നടത്തി
text_fieldsസെക്രട്ടറിയേറ്റ്
കൊച്ചി: സംസ്ഥാനത്തിനെന്നപോലെ ഓരോ ജില്ലക്കും ഉണ്ടാകും ഇനി ഔദ്യോഗിക പക്ഷിയും വൃക്ഷവും. ജില്ലതലത്തിലുള്ള സസ്യ-ജന്തുജാലങ്ങളുടെ സംരക്ഷണം ഉറപ്പാക്കാൻ അവയെ ജില്ല സ്പീഷീസുകളായി പ്രഖ്യാപിക്കാൻ ജില്ല ജൈവവൈവിധ്യ മാനേജ്മെന്റ് കമ്മിറ്റികൾക്ക് അനുമതി നൽകി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് ജൈവവൈവിധ്യ സംരക്ഷണത്തിൽ സുപ്രധാന ചുവടുവെപ്പാകുന്ന തീരുമാനം.
2023ലെ ജൈവ വൈവിധ്യ ഭേദഗതി നിയമ പ്രകാരം ജൈവവൈവിധ്യ സംരക്ഷണം, അവയുടെ സുസ്ഥിര ഉപയോഗം, ജൈവവൈവിധ്യം സംബന്ധിച്ച വിവരശേഖരണം എന്നിവ ബി.എം.സികളുടെ ചുമതലകളാണ്. ജൈവജാതി വൈവിധ്യം നിലനിർത്താനും പ്രാധാന്യമുള്ളവയെ സംരക്ഷിക്കാനും കാസർകോട്, കോഴിക്കോട് ജില്ലകളിൽ സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ നേതൃത്വത്തിൽ മാതൃക പദ്ധതികൾക്ക് തുടക്കമിട്ടു.
കോഴിക്കോട് ജില്ല ബി.എം.സിയിൽ ജില്ല പുഷ്പം, ജില്ല വൃക്ഷം, ജില്ല പൈതൃകവൃക്ഷം, ജില്ല ജീവി, ജില്ല ജലജീവി, ജില്ല പക്ഷി, ജില്ല ചിത്രശലഭം, ജില്ല മത്സ്യം എന്നിങ്ങനെ എട്ടുവിഭാഗങ്ങളിൽ യഥാക്രമം അതിരാണി, ഈയകം, ഈന്ത്, ഈനാംപേച്ചി, നീർനായ, മേനി പൊന്മാൻ, മലബാർ റോസ്, പാതാള പൂന്താരകൻ എന്നിവയെ ജൈവ ജാതികളായി പ്രഖ്യാപിച്ചിട്ടുണ്ട്.
കാസർകോട് ജില്ലയിൽ സംരക്ഷണ പ്രാധാന്യം അര്‍ഹിക്കുന്ന കാഞ്ഞിരം (ജില്ല വൃക്ഷം), വെള്ളവയറന്‍ കടൽ പരുന്ത് (ജില്ല പക്ഷി), പെരിയ പോളത്താളി (ജില്ല പുഷ്പം), പാലപ്പൂവന്‍ ആമ (ജില്ല ജീവി) എന്നിവയെ ജില്ല ജാതികളായി പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

