ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച
text_fieldsകണ്ണൂർ: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിൽ ചാടിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയും.
ജയിൽ ചാട്ടത്തിനായി ഗോവിന്ദച്ചാമി ദിവസങ്ങൾ നീണ്ട തയാറെടുപ്പ് നടത്തിയത് ജയിൽ ഡ്യൂട്ടിയിലുണ്ടായിരുന്നവർക്ക് കണ്ടെത്താനായില്ലെന്ന് സമിതി കണ്ടെത്തി. സെല്ലിന്റെ കമ്പി മുറിച്ചത് ഉദ്യോഗസ്ഥർ അറിയാത്തത് വീഴ്ചയാണ്. മുറിക്കാൻ ഉപയോഗിച്ച ആയുധത്തിൽ അവ്യക്തതയുണ്ടെന്നും പൊലീസ് കണ്ടെടുത്ത ആയുധം ഉപയോഗിച്ച് കമ്പി മുറിച്ചുമാറ്റൽ പ്രായോഗികമല്ലെന്നും സമിതിയംഗങ്ങൾ വിലയിരുത്തി.
കണ്ണൂരിൽ നോർത്തേൺ റേഞ്ച് ജയിൽ ഡി.ഐ.ജി, ജയിൽ സൂപ്രണ്ട് എന്നിവരുമായി സമിതി യോഗം ചേർന്നു. റിട്ട. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരും റിട്ട. ഡി.ജി.പി ജേക്കബ് പുന്നൂസും ഉൾപ്പെടുന്ന വിദഗ്ധ സമിതിയംഗങ്ങളാണ് ചൊവ്വ, ബുധൻ ദിവസങ്ങളിൽ ജയിലിൽ പരിശോധന നടത്തിയത്. ഏറെക്കാലത്തെ ആസൂത്രണത്തിൽ ഗോവിന്ദച്ചാമി ജയിൽ ചാടിയത് ഉദ്യോഗസ്ഥർ അറിഞ്ഞില്ലെന്നത് അത്ഭുതമാണെന്ന് ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ പറഞ്ഞു.
ജയിൽ ഡി.ഐ.ജിയെയും കണ്ണൂർ റേഞ്ച് ഡി.ഐ.ജിയെയും ജയിൽച്ചാട്ടം അന്വേഷിക്കാൻ നിയോഗിച്ചതിന് പിന്നാലെയാണ് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ റിട്ട. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ, റിട്ട. ഡി.ജി.പി ജേക്കബ് പുന്നൂസ് എന്നിവരെ സർക്കാർ നിയോഗിച്ചത്. സംസ്ഥാനത്തെ മുഴുവൻ ജയിലുകളുടെയും നിലവിലെ സ്ഥിതികൂടി പഠിച്ച് റിപ്പോർട്ട് നൽകുകയാണ് സമിതിയുടെ ലക്ഷ്യം.
ആറുമാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.