സ്റ്റേഷനു മുന്നിൽ ചെണ്ടകൊട്ടിയും ഊഞ്ഞാലാടിയും ഇ.ഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷം; വിവാദമായതോടെ ജാമ്യം റദ്ദാക്കാൻ പൊലീസ്
text_fieldsതിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധന നടത്തി മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പൊലീസ് സ്റ്റേഷന് മുന്നിൽ ചെണ്ടകൊട്ടിയും ഊഞ്ഞാലാടിയും ഓണം ആഘോഷിച്ചു. വിവാദമായതോടെ പ്രതികളുടെ ജാമ്യം റദ്ദാക്കാനുള്ള നീക്കത്തിലേക്ക് പൊലീസും കടന്നു.
കേസന്വേഷണ ചുമതലയുള്ള മ്യൂസിയം സ്റ്റേഷനിൽ ശനിയാഴ്ചയായിരുന്നു ഓണാഘോഷം. ആഘോഷത്തിന് എത്തിയ പൊലീസുകാരുടെ അതേ നിറത്തിലുള്ള ഷർട്ട് ധരിച്ചെത്തിയാണ് ചില ഇ.ഡി കേസ് പ്രതികളും ഓണം ആഘോഷിച്ചതെന്നും ശ്രദ്ധേയം. കോർപറേഷൻ മുൻ കൗൺസിലർ ഐ.പി. ബിനു ഉൾപ്പെടെ പ്രതികളിൽ ചിലർ പൊലീസ് സ്റ്റേഷന് മുന്നിൽ ഊഞ്ഞാലാടുന്ന റീൽ ചിത്രീകരിക്കുകയും അത് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു. ജില്ല കോടതി ഉൾപ്പെടെ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് അന്വേഷണോദ്യോഗസ്ഥൻ മുമ്പാകെ ഹാജരായി ഒപ്പിടണമെന്ന നിർദേശത്തോടെ ദിവസങ്ങൾക്ക് മുമ്പാണ് കേസിലെ 25 പ്രതികൾക്ക് ഹൈകോടതി ജാമ്യം അനുവദിച്ചത്.
ശനിയാഴ്ച പ്രതികൾ ഒപ്പിടേണ്ട ദിവസമായിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ എത്തിയ പ്രതികളാണ് സ്റ്റേഷന് മുന്നിൽ ഓണം ആഘോഷിച്ചത്. ഇത് സംബന്ധിച്ച ദൃശ്യങ്ങൾ പ്രചരിക്കപ്പെട്ടതിനെ തുടർന്ന് സ്പെഷൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിൽ പൊലീസ് സ്റ്റേഷനിലെ ഇടതുപക്ഷ അനുകൂല പൊലീസ് സംഘടനാ നേതാവായ ഒരു ഉന്നതനും ഒരു പൊലീസുകാരനും പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്ന് സ്പെഷൽബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തി. സ്റ്റേഷനുള്ളിൽ പ്രതികളുമായി ഈ ഉദ്യോഗസ്ഥർ അതിരുകടന്ന് സൗഹൃദം പങ്കുവെക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളും സ്പെഷൽ ബ്രാഞ്ച് ശേഖരിച്ചു. തലസ്ഥാനത്തെ ഒരു പ്രമുഖ വസ്ത്രവിപണന സ്ഥാപനത്തിൽനിന്നാണ് ഓണാഘോഷത്തിനായുള്ള പൊലീസുകാരുടെ വസ്ത്രങ്ങൾ വാങ്ങിയതെന്നും കണ്ടെത്തിയിട്ടുണ്ട്. ആ വാങ്ങിയതിൽ മൂന്ന് ഷർട്ടുകൾ എണ്ണത്തിൽ കൂടുതലായി വാങ്ങിയെന്നും ഈ വസ്ത്രങ്ങൾ ധരിച്ചാണ് പ്രതികളിൽ ചിലർ എത്തിയതെന്നുമാണ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തൽ.
ഇതോടെ വിഷയം കൂടുതൽ രൂക്ഷമാകുകയാണ്. ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച് വധിക്കാൻ ശ്രമിച്ചെന്ന കേസിലെ പ്രതികൾക്ക് സ്റ്റേഷനിലും അതിന് മുന്നിലെ റോഡിലും ഓണം ആഘോഷിക്കാൻ അവസരം നൽകിയത് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരവീഴ്ചയായാണ് ആഭ്യന്തരവകുപ്പും കാണുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് ജാമ്യ വ്യവസ്ഥാ ലംഘനം ഉൾപ്പെടെ ചൂണ്ടിക്കാട്ടി പ്രതികളുടെ ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിക്കാനും പൊലീസ് നീക്കം ആരംഭിച്ചത്. ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിന്റെ അന്വേഷണോദ്യോഗസ്ഥനായ പൊലീസ് ഉദ്യോഗസ്ഥന് വർഷങ്ങളായി ഈ കേസിലെ പ്രതികളിൽ ചിലരുമായി അടുത്ത ബന്ധമുണ്ടെന്ന റിപ്പോർട്ടും സ്പെഷൽബ്രാഞ്ച് നൽകിയിട്ടുണ്ട്.
പൊലീസ് ഉദ്യോഗസ്ഥരുടെ സംഘടനാനേതാവായ ഈ ഉദ്യോഗസ്ഥനെ യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നശേഷമാണ് മ്യൂസിയം സ്റ്റേഷനിലേക്ക് മാറ്റിയത്. ആ ഉദ്യോഗസ്ഥനും പ്രതികളും തമ്മിലുള്ള ബന്ധമാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്. ഈ വിഷയത്തിൽ കടുത്ത നടപടിയിലേക്ക് ആഭ്യന്തരവകുപ്പ് നീങ്ങുമെന്നാണ് വിവരം. പ്രതികളുടെ നടപടിയെ ഇ.ഡിയും കോടതിയിൽ ചോദ്യം ചെയ്യുമെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

