ഓണക്കിറ്റ് വിതരണം 18 മുതൽ; 14 അവശ്യസാധനങ്ങൾ ലഭിക്കും
text_fieldsതിരുവനന്തപുരം: ഓണക്കാലത്ത് മഞ്ഞകാർഡുകാർക്കും( എ.എ.വൈ) ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും (നാല് പേർക്ക് ഒരു കിറ്റ് എന്ന കണക്കിൽ) ഓണക്കിറ്റ് വിതരണം ചെയ്യും. ഓഗസ്റ്റ് 18 മുതല്‍ ആരംഭിക്കുന്ന കിറ്റ് വിതരണം സെപ്റ്റംബർ നാലിന് അവസാനിക്കും. ഇതിനായി 42.83 കോടി രൂപ അനുവദിച്ചു.
5,92,657 മഞ്ഞകാർഡുകാർക്കും 10,634 ക്ഷേമ കിറ്റുകളുമടക്കം 6,03,291 കിറ്റുകളാണ് വിതരണം ചെയ്യുക
തുണി സഞ്ചിയും 14 അവശ്യസാധനങ്ങളുമടങ്ങിയ ഒരു കിറ്റിന് കയറ്റിറക്ക് കൂലി, ട്രാൻപോർട്ടേഷൻ ചാർജ് അടക്കം ഏകദേശം 710 രൂപയാണ് ചെലവ് കണക്കാക്കുന്നത്. സപ്ലൈകോ ഔട്ട് ലെറ്റുകളിൽ പാക്ക് ചെയ്ത സാധനങ്ങൾ റേഷൻ കടകളിലെത്തിക്കുകയും വ്യാപാരികൾ വഴി കാർഡുടമകൾക്ക് നൽകാനുമാണ് തീരുമാനം.
ഓണക്കിറ്റിലുള്ള സാധനങ്ങളും അളവും
1. പഞ്ചസാര ഒരു കി.ഗ്രാം
2. ഉപ്പ് ഒരു കിലോഗ്രാം
3. വെളിച്ചെണ്ണ 500 മി. ലിറ്റർ
4. തുവരപരിപ്പ് 250 ഗ്രാം
5. ചെറുപയർ പരിപ്പ് 250 ഗ്രാം
6. വൻപയർ 250 ഗ്രാം
7. ശബരി തേയില 250 ഗ്രാം
8. പായസം മിക്സ് 200 ഗ്രാം
9. മല്ലിപ്പൊടി 100 ഗ്രാം
10. മഞ്ഞൾപൊടി 100 ഗ്രാം
11. സാമ്പാർ പൊടി 100 ഗ്രാം
12. മുളക് പൊടി 100 ഗ്രാം
13. നെയ്യ് (മിൽമ) 50 മില്ലി ലിറ്റർ
14. കശുവണ്ടി 50 ഗ്രാം
ഓണത്തിന് റേഷൻകട വഴി കൂടുതൽ അരി -മന്ത്രി
ആലപ്പുഴ: പൊതുവിപണിയിലെ വിലവർധന പിടിച്ചുനിർത്താൻ ഓണത്തിന് മുന്നോടിയായി റേഷൻകടകളിലൂടെ കൂടുതൽ അരി വിതരണം ചെയ്യുമെന്ന് സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ. 32 ലക്ഷം വെള്ളക്കാർഡ് ഉടമകൾക്ക് 15 കിലോ അരി 10.90 രൂപ നിരക്കിലും നീലക്കാർഡിന് നിലവിൽ ലഭിക്കുന്ന അരിക്ക് പുറമേ 10 കിലോയും നൽകും. ചുവന്ന കാർഡിന് കാർഡ് ഒന്നിന് അഞ്ചുകിലോ അരി അധികം നൽകും. ജൂലൈയിൽ മാത്രം സപ്ലൈകോയിലൂടെ 168 കോടിയുടെ വിറ്റുവരവുണ്ട്. 31 ലക്ഷംപേർ സാധനങ്ങൾ വാങ്ങി.
വെളിച്ചെണ്ണയുടെ കാര്യത്തിൽ സർക്കാർ പ്രഖ്യാപനം പാലിച്ചു. മാർക്കറ്റിൽ 529 രൂപക്ക് കിട്ടുന്ന വെളിച്ചെണ്ണ 349 രൂപക്ക് നൽകിത്തുടങ്ങി. ഓണം അടുക്കുമ്പോൾ വെളിച്ചെണ്ണക്ക് ഇനിയും വിലകുറയുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.