ഇക്കുറി ഓണം വാരാഘോഷമില്ല; എ.എ.വൈ റേഷന്‍ കാര്‍ഡുകാർക്ക് ഓണക്കിറ്റ്
text_fieldsതിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ ഓണം വാരാഘോഷ പരിപാടി ഒഴിവാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഓണക്കാലത്ത് സര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള ആഘോഷമൊഴികെ മറ്റെല്ലാ കാര്യങ്ങളും നടക്കും. അതിനാൽ കലാകാരന്മാരും കച്ചവടക്കാരും സാധാരണ ജനങ്ങളെയാകെയും ഓണവുമായി ബന്ധപ്പെട്ട് പ്രയാസപ്പെടുത്തുന്ന സ്ഥിതിയുണ്ടാകില്ല.
എ.എ.വൈ റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് 13 ഇനം ഭക്ഷ്യ ഉൽപന്നങ്ങള് അടങ്ങിയ ഓണക്കിറ്റ് സപ്ലൈകോ വിതരണം ചെയ്യും. ആറു ലക്ഷം പേര്‍ക്ക് ഗുണകരമാവുന്ന പദ്ധതിക്ക് 36 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. സപ്ലൈകോ ഓണച്ചന്ത സെപ്റ്റംബര്‍ ആറു മുതല്‍ ജില്ല ആസ്ഥാനങ്ങളിലും സെപ്റ്റംബര്‍ 10 മുതല്‍ 14 വരെ താലൂക്ക് ആസ്ഥാനങ്ങളിലും നടക്കും. കര്‍ഷകരില്‍നിന്നും നേരിട്ട് സംഭരിച്ച ജൈവ പച്ചക്കറി വിപണനം ചെയ്യുന്നതിന് ക്രമീകരണം ഇവിടെ ഒരുക്കും.
നിത്യോപയോഗ സാധനങ്ങള്‍ തടസ്സമില്ലാതെ സപ്ലൈകോ ഔട്ട്ലെറ്റുകളില് ലഭ്യമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സബ്സിഡി നിരക്കില്‍ മാവേലി/സൂപ്പര്‍ മാര്ക്കറ്റുകൾവഴി വിതരണം ചെയ്യും. പ്രമുഖ കമ്പനികളുടെ ഉല്പന്നങ്ങൾ ഓഫർ നല്‍കിയും വിൽപന നടത്തും. സെപ്റ്റംബര്‍ ഏഴു മുതല്‍ 14 വരെ 1500 ചന്തകളാണ് കണ്‍സ്യൂമര്‍ ഫെഡ് നടത്തുക. ഇതില്‍ 73 എണ്ണം ത്രിവേണി സ്റ്റോറുകളിലൂടെയും ബാക്കി സഹകരണ ബാങ്കുകള്‍ മുഖേനയുമായിരിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.