'സഹായി'യായി പ്രതി പൊലീസ് സ്റ്റേഷനിൽ
text_fieldsകൊച്ചി: വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റയാളെ സഹായിക്കാനെത്തി മോഷണം നടത്തിയയാൾ പിടിയിൽ. ആശുപത്രിയിലെത്തിച്ച ശേഷം പരിക്കേറ്റയാളുടെ സ്കൂട്ടറിലുണ്ടായിരുന്ന പണവുമായി മുങ്ങിയ കേസിലെ പ്രതി കളമശ്ശേരിയിൽ താമസിക്കുന്ന വയനാട് സ്വദേശി രാജേഷ് ചാക്കോയാണ് സൗത്ത് സി.ഐ എം.എസ്. ഫൈസലിന്റെയും സംഘത്തിന്റെയും പിടിയിലായത്.
ഒരുമാസം മുമ്പ് കടവന്ത്ര മനോരമ ജങ്ഷനിൽ വെച്ച് അപകടത്തിൽപെട്ട ദമ്പതികളുടെ പണമാണ് ഇയാൾ മോഷ്ടിച്ചത്. രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത് ആശുപത്രിയിലെത്തിക്കാൻ ഒപ്പം കൂടിയ ശേഷമാണ് ഇയാൾ മോഷണം നടത്തിയത്. ആശുപത്രിയിലെത്തിയ സമയത്ത്, തന്റെ സ്കൂട്ടർ സൂക്ഷിക്കണമെന്നും അതിൽ പണമുണ്ടെന്നും പരിക്കേറ്റയാൾ പറയുന്നത് പ്രതി കേട്ടു. ഇതോടെ സഹായ മനസ്ഥിതി കാണിച്ച് എടുത്തുകൊണ്ട് വരാമെന്ന് പറഞ്ഞ രാജേഷ് അപകടം നടന്ന സ്ഥലത്തെത്തി പണം മോഷ്ടിച്ച് മുങ്ങുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
സംഭവസ്ഥലത്തുനിന്ന് ലഭിച്ച സി.സി ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ സംശയം തോന്നിയ ആളുകളെ കേന്ദ്രീകരിച്ച് സൗത്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. സംഭവ ശേഷം ഇയാൾ ഒളിവിലായിരുന്നു. മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാൾ ആലുവയിലുണ്ടെന്ന് പൊലീസ് മനസ്സിലാക്കി.
ഇതിനിടെ ശനിയാഴ്ച സ്റ്റേഷൻ പരിസരം വൃത്തിയാക്കാനും വാഹനങ്ങൾ അടുക്കിവെക്കാനും സഹായിക്കാമെന്ന് പറഞ്ഞ് പ്രതി ആലുവ സ്റ്റേഷനിൽ എത്തി. ഈ വിവരം സൗത്ത് പൊലീസ് സംഘത്തിന് ലഭിച്ചു. ഇതോടെ ആലുവ പൊലീസിനെ ബന്ധപ്പെട്ട് പ്രതിയെ നിരീക്ഷിക്കാൻ ഏർപ്പാടാക്കി. തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർ ജെ. അജേഷ്, ജിഷ്ണു, എ.എസ്.ഐ ദിനേശ്, അനിൽകുമാർ, എസ്.സി.പി.ഒ സനീപ്കുമാർ എന്നിവരുണ്ടായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.