വോട്ടർപട്ടികയിൽ പേരുചേർക്കാനും തെറ്റ് തിരുത്താനും ഇനി രണ്ടുദിവസം മാത്രം; സമയം നീട്ടണമെന്ന് ആവശ്യം
text_fieldsതിരുവനന്തപുരം: വോട്ടർപട്ടികയിലെ പോരായ്മകൾ പരിഹരിക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ അനുവദിച്ച സമയപരിധി അവസാനിക്കാൻ രണ്ടുദിവസം കൂടി. ജൂലൈ 23ന് പുറത്തുവിട്ട കരട് പട്ടികയിലെ തെറ്റുകൾ തിരുത്താൻ അനുവദിച്ച 15 ദിവസം വ്യാഴാഴ്ച അവസാനിക്കും. സമയപരിധി പരിമിതമാണെന്നും നീട്ടണമെന്നുമുള്ള ആവശ്യം ശക്തമാണ്. പട്ടികയിൽ വ്യാപക പിഴവുണ്ടെന്ന് ആരോപണമുയർന്ന സാഹചര്യത്തിൽ ചുരുങ്ങിയത് 30 ദിവസമെങ്കിലും അനുവദിക്കണമെന്നാണ് ആവശ്യം. തിരുത്തൽ-ചേർക്കൽ നടപടികൾക്ക് താരതമ്യേന സമയമേറെ വേണമെന്നതാണ് കാരണം.
തിരുത്തലുമായി ബന്ധപ്പെട്ട് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍ക്ക് (ഇ.ആർ.ഒ) അപേക്ഷ ലഭിച്ചാല്‍ അന്വേഷണത്തിന് കീഴുദ്യോഗസ്ഥനെ ചുമതലപ്പെടുത്തലാണ് ആദ്യ നടപടി. ഈ ഉദ്യോഗസ്ഥന്‍ അന്വേഷണം നടത്തി വെബ്സൈറ്റില്‍ വിവരം അപ്ലോഡ് ചെയ്യണം. ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് വോട്ട് മാറ്റാനും നടപടിക്രമങ്ങൾ ഏറെയാണ്. മറ്റൊരു വാർഡിൽ പുതുതായി പേര് ചേർക്കാൻ നിലവിലെ വാർഡിൽനിന്ന് പേര് നീക്കണം. അതിന് ആദ്യം ആ വാർഡിന്‍റെ ഇ.ആർ.ഒയെ വിവരമറിയിക്കണം. പിന്നീട് എവിടേക്കാണോ മാറ്റേണ്ടത് അവിടത്തെ ഇ.ആർ.ഒയെയും. അല്ലാത്ത പക്ഷം ഇരട്ട വോട്ടുണ്ടാകും. പല വിദ്യാർഥികളും പഠനാവശ്യത്തിനായി മറ്റ് സംസ്ഥാനങ്ങളിലാണ്. അവര്‍ക്ക് നാട്ടില്‍ വന്ന് വോട്ട് ചേര്‍ക്കാനും സമയം ആവശ്യമാണ്.
ഡീലിമിറ്റേഷൻ നടത്തി വോട്ടർപട്ടിക പ്രസിദ്ധീകരിച്ചെങ്കിലും വാർഡിന്‍റെ ഭൂപടം ഇതുവരെ ലഭ്യമാക്കിയിട്ടില്ല. ആകെയുള്ളത് വാർഡിന്‍റെ നാല് അതിരുകളാണ്. ഇതുപ്രകാരം ഒരു വീട് നിശ്ചിത വാർഡിലാണോ എന്ന് കൃത്യമായി ഉറപ്പുവരുത്താൻ മാർഗമില്ല. നിലവിലെ അതിർത്തി അടയാളങ്ങൾ അനുമാനിച്ച് ഒഴിവാക്കുന്ന വീടുകൾ, അടുത്ത വാർഡിൽ ഉൾപ്പെട്ടിട്ടില്ലെങ്കിൽ അവർക്ക് വോട്ട് നഷ്ടമാകുന്ന സ്ഥിതിയാണ്. ഓരോ വാർഡും സൂക്ഷ്മമായി പരിശോധിച്ചാലേ ഇക്കാര്യം കണ്ടെത്താനാകൂ. ഇതിനെല്ലാം നിലവിലെ സമയപരിധി അപര്യാപ്തമാണ്.
പഞ്ചായത്ത് രാജ് നിയമത്തിലെ സെക്ഷന്‍ 24 പ്രകാരം നോമിനേഷന്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതിക്കും തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസത്തിനും ഇടയില്‍ വോട്ടർപട്ടിക പരിഷ്‌കരിക്കാന്‍ പാടില്ലെന്നേ പറയുന്നുള്ളൂ. അതായത് നോമിനേഷന്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി വരെ വോട്ടർപട്ടികയിൽ പേര് ചേർക്കാം. ഈ നിയമപരമായ സാധ്യത കൂടി മുൻനിർത്തിയാണ് സമയപരിധി നീട്ടണമെന്ന് ആവശ്യമുയരുന്നത്.
വോട്ടർമാർ കുറയാൻ കാരണമുണ്ട്
പഞ്ചായത്തീരാജ് നഗരപാലിക നിയമപ്രകാരം 18 വയസ്സ് പൂർത്തിയായവർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാൻ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. ഇതനുസരിച്ച് 2025 ജനുവരി ഒന്നിന് 18 വയസ്സ് തികഞ്ഞവർക്കാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള അവകാശം. അതിനുശേഷം ‘18 വയസ്സ് തികയൽ’ നിയമപ്രകാരം പരിഗണിക്കാനാവില്ല.
വോട്ടർമാരുടെ എണ്ണം കുറയാനുള്ള സാഹചര്യങ്ങളിലൊന്ന് ഇതാണ്. പേര് ചേർക്കലിനുള്ള ഈ സമയപരിധി വ്യവസ്ഥ ഭേദഗതി ചെയ്യണമെന്ന് ഏറെക്കാലമായി ആവശ്യമുയരുന്നുണ്ട്. അതേസമയം, നിയമസഭ-ലോക്സഭ തെരഞ്ഞെടുപ്പുകളിൽ തൊട്ടടുത്ത ഒരു തീയതി പ്രഖ്യാപിച്ചാണ് പേര് ചേർക്കൽ നടക്കാറുള്ളത്. രണ്ട് പട്ടികകളും തമ്മിൽ വ്യത്യാസം വരാനുള്ള മറ്റൊരു കാരണമിതാണ്.
നിയമസഭ-ലോക്സഭ വോട്ടർപട്ടികയിൽ അഞ്ച് വർഷത്തിനിടെ പലതവണ പേര് ചേർക്കലും ഒഴിവാക്കലും നടക്കാറുണ്ട്. തദ്ദേശ വോട്ടർപട്ടികയിൽ ഈ പതിവുണ്ടായിരുന്നില്ല. എന്നാൽ, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നിയമസഭ-ലോക്സഭ വോട്ടർപട്ടികയുടേത് പോലും ഒന്നിലധികം തവണ തദ്ദേശ വോട്ടർപട്ടികയും പരിഷ്കരിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.