സ്ത്രീയെ കൊന്ന് ഓടയിൽ തള്ളിയ പ്രതി പിടിയിൽ; അറസ്റ്റിലായത് മൃതദേഹം കണ്ടെത്തി ആറാം ദിവസം
text_fieldsഊന്നുകല്ലിൽ സ്ത്രീയെ കൊലപ്പെടുത്തി വീടിന്റെ മാലിന്യ ടാങ്കിലേക്കുള്ള ഓടയിൽ തള്ളിയ കേസിൽ പിടിയിലായ അടിമാലി മന്നാംകാല പാലക്കാട്ടേൽ രാജേഷ് (വൃത്തത്തിൽ)
കോതമംഗലം: ഊന്നുകല്ലിൽ സ്ത്രീയെ കൊലപ്പെടുത്തി വീടിന്റെ മാലിന്യ ടാങ്കിലേക്കുള്ള ഓടയിൽ തള്ളിയ കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. നേര്യമംഗലത്ത് വാടകക്ക് താമസിക്കുന്ന അടിമാലി മന്നാംകാല പാലക്കാട്ടേൽ രാജേഷ് (41) ആണ് പിടിയിലായത്. ഹോട്ടൽ തൊഴിലാളിയായ രാജേഷ് അടിമാലിയിൽ തട്ടുകട നടത്തിയിരുന്നു. മൃതദേഹം കണ്ടെത്തി ആറാം ദിവസമാണ് ഇയാൾ പിടിയിലായത്.
മാമലകണ്ടത്തെ ആദിവാസി ഉന്നതിയിൽ ഒളിവിൽ കഴിയവെ അന്വേഷണ സംഘത്തെ വെട്ടിച്ചു രക്ഷപ്പെട്ട് മറൈൻ ഡ്രൈവിലെത്തിയ ഇയാൾ ബെംഗളുരുവിലേക്കു കടക്കാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്. പെരുമ്പാവൂർ കുറുപ്പംപടി പൊലീസ് സ്റ്റേഷനുകളിൽ എത്തിച്ച ശേഷം പ്രതിയെ ഊന്നുകൽ സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് നടപടികൾ പൂർത്തികരിച്ച് കോടതിയിൽ ഹാജരാക്കും.
ഊന്നുകല്ലിൽ സ്ത്രീയെ കൊലപ്പെടുത്തി വീടിന്റെ മാലിന്യ ടാങ്കിലേക്കുള്ള ഓടയിൽ തള്ളിയ കേസിൽ പിടിയിലായ അടിമാലി മന്നാംകാല പാലക്കാട്ടേൽ രാജേഷിനെ രാത്രി ഊന്നുകൽ പൊലിസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ
കഴിഞ്ഞ വെള്ളിയാഴ്ച കുറുപ്പംപടി സ്വദേശി ഫാ. മാത്യു കണ്ടോന്തറയുടെ ഉടമസ്ഥതയിലുള്ള ആൾത്താമസമില്ലാത്ത വീടിന്റെ മാലിന്യ സംഭരണിയിലാണ് പെരുമ്പാവൂർ വേങ്ങൂർ കുന്നത്ത്താഴം ശാന്ത(61)യെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഈ മാസം 18 മുതൽ ശാന്തയെ കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു. ചുരിദാർ ധരിച്ചിറങ്ങിയ ശാന്തയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുമ്പോൾ വസ്ത്രങ്ങളും ധരിച്ച സ്വർണാഭരണങ്ങളും ഉണ്ടായിരുന്നില്ല.
ഇവർ ധരിച്ച സ്വർണം കൈക്കലാക്കാനാണ് പ്രതി കൊലപാതകം നടത്തിയത് എന്നാണ് സൂചന. കാണാതായ സ്വർണത്തിൽ ഒമ്പത് പവൻ പ്രതി അടിമാലിയിൽ ജ്വല്ലറി ജോലികൾ ചെയ്യുന്ന ഇതര സംസ്ഥാനക്കാർക്ക് വിറ്റ് മൂന്നു പവന്റെ പുതിയ മാലയും നാല് ലക്ഷം രൂപയും വാങ്ങിയതായും പൊലീസ് കണ്ടെത്തി. ഇയാളുടെ കാർ കോതമംഗലത്തെ വർക്ക്ഷോപ്പിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. കാറിൽനിന്ന് രക്തക്കറയും മുടികളും ലഭിച്ചിരുന്നു.
ശാന്തയും രാജേഷുമായുള്ള ഫോണ്‍ സംഭാഷണങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് പ്രതിയിലേക്ക് എത്താൻ പൊലീസിനെ സഹായിച്ചത്. സി.സി.ടി.വി ദൃശ്യങ്ങളും നിർണായകമായി. ശാന്ത വീടുവിട്ടിറിങ്ങിയ അന്നു തന്നെ കൊലപാതകം നടന്നു എന്നാണ് പൊലീസ് സംശയിക്കുന്നത്.
മൃതദേഹം കണ്ടെത്തുന്ന ദിവസം വരെ ഇയാൾ കോതമംഗലത്തും പരിസര പ്രദേശത്തും ഉണ്ടായിരുന്നു. കൊലപാതകം എവിടെ വച്ചു നടന്നു എന്നാണ് പൊലീസ് അന്വേഷികുന്നത്. മൃതദേഹം ഒളിപ്പിക്കുന്നതിനും മറ്റും മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നറിയാനും കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുക്കാനും പൊലീസ് പ്രതിയെ ചോദ്യം ചെയ്യും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.