ഓപറേഷൻ നുംഖോർ: പിടിച്ചെടുക്കാനായത് 38 വാഹനങ്ങൾ മാത്രം; പലതും അതിർത്തി കടത്തി
text_fieldsകൊച്ചി: ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് ഇന്ത്യയിൽ എത്തിച്ച വാഹനങ്ങളിൽ പലതും ഓപറേഷൻ നുംഖോറിനെ തുടർന്ന് കേരളത്തിന് പുറത്തേക്ക് കടത്തിയെന്ന നിഗമനത്തിൽ കസ്റ്റംസ്. വാഹനങ്ങൾ പലതും രൂപമാറ്റം വരുത്തിയതായും വിവരമുണ്ട്.
തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലേക്ക് വാഹനങ്ങൾ കടത്തിയെന്നാണ് സംശയിക്കുന്നത്. അതിർത്തി ചെക്ക്പോസ്റ്റുകളിൽ പ്രത്യേക നിരീക്ഷണത്തിന് കസ്റ്റംസ് നിർദേശം നൽകിയിരിക്കുകയാണ്. 150 മുതൽ 200 വാഹനങ്ങൾ വരെ കേരളത്തിൽ വിറ്റഴിച്ചെന്നാണ് കസ്റ്റംസ് നിഗമനം. ഇതിൽ 38 വാഹനങ്ങൾ മാത്രമേ കസ്റ്റംസിന് ഇതിനകം പിടിച്ചെടുക്കാനായിട്ടുള്ളൂ. ബാക്കി എവിടെയെന്നാണ് അന്വേഷിക്കുന്നത്.
വിവരം തമിഴ്നാട്, കർണാടക കസ്റ്റംസിനും കൈമാറിയിട്ടുണ്ട്. റെയ്ഡ് നടക്കാൻ പോകുന്നുവെന്ന വിവരം വാഹന ഉടമകളുടെ വാട്ട്സ്ആപ് ഗ്രൂപ്പുകളിലും മറ്റും ചർച്ച ചെയ്യപ്പെട്ടിരുന്നുവെന്നും തുടർന്ന് പലരും അന്നേ വണ്ടികൾ ഒളിപ്പിച്ചെന്നും സൂചനയുണ്ട്. കൂണ്ടന്നൂരിൽ നിന്ന് പിടികൂടിയ വാഹനത്തിന്റെ ഉടമ മൂവാറ്റുപുഴ സ്വദേശി മാഹിൻ അൻസാരി ചോദ്യം ചെയ്യലിന് കസ്റ്റംസിന് മുന്നിൽ ഹാജരായി.
അരുണാചൽ പ്രദേശ് രജിസ്ട്രേഷനിലുള്ള 1992 മോഡൽ ലാൻഡ് ക്രൂയിസർ വാഹനമാണ് ഇയാളുടേത്. വാഹനം കേരളത്തിൽ എത്തിച്ചത് എങ്ങനെയാണ്, അരുണാചൽ രജിസ്ട്രേഷന് പിന്നിലെ കാര്യങ്ങൾ, അസം സ്വദേശിയുടെ പേരിൽ രജിസ്റ്റർ ചെയ്ത സംഭവത്തിന്റെ പിന്നാമ്പുറങ്ങൾ എന്നിവയൊക്കെയാണ് മാഹിനിൽ നിന്ന് കസ്റ്റംസ് അറിയാൻ ശ്രമിക്കുന്നത്. ഫസ്റ്റ് ഓണർ വാഹനമായതിനാൽ, ഇയാളെ ചോദ്യം ചെയ്താൽ കൂടുതൽ വിശദാംശങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. മറ്റ് കാറുകൾ പല ഉടമകൾ വഴി കൈമാറിയാണ് എത്തിയതെങ്കിൽ മാഹിനിലേക്ക് നേരിട്ടാണെത്തിയിരിക്കുന്നത്. ഇത് കേസന്വേഷണത്തിൽ നിർണായകമാകും.
രജിസ്ട്രേഷനടക്കം രേഖകൾ ഹാജരാക്കാനായിരുന്നു മാഹിനോട് കസ്റ്റംസ് ആവശ്യപ്പെട്ടത്. അതേസമയം നടൻ അമിത് ചക്കാലക്കലിൽ നിന്ന് കസ്റ്റംസ് കൂടുതൽ വിവരങ്ങൾ തേടിയിട്ടുണ്ട്. ഭൂട്ടാൻ-പശ്ചിമ ബംഗാൾ അതിർത്തി പ്രദേശത്തെ ഫുന്റഷോലിങ് നഗരം വഴിയാണ് ഇന്ത്യയിലേക്ക് വാഹനങ്ങൾ കടത്തുന്നതെന്നും വ്യാജരേഖകൾ ഉപയോഗിച്ച് അസമിലും ഹിമാചൽ പ്രദേശിലും രണ്ടാം ഉടമയായി രജിസ്റ്റർ ചെയ്യുന്നതാണ് രീതിയെന്നുമാണ് കണ്ടെത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

