ക്ഷേത്രത്തിന് മുന്നിലെ പൂക്കളത്തിൽ ഓപ്പറേഷൻ സിന്ദൂറും കാവിക്കൊടിയും; 25 പേർക്കെതിരെ കേസ്
text_fieldsശാസ്താംകോട്ട: തിരുവോണദിനം മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിന് മുന്നിലിട്ട പൂക്കളം വിവാദത്തിൽ. കലാപ ശ്രമത്തിന് 25 പേർക്കെതിരെ കേസെടുത്തു. മുൻ വർഷങ്ങളിൽ സംഘ്പരിവാർ അനുകൂലികളായ യുവാക്കൾ ക്ഷേത്രത്തിന് തൊട്ടുമുന്നിൽ പൂക്കളം തീർക്കുകയും അതിൽ ആർ.എസ്.എസ് എന്ന് എഴുതിവെക്കുകയും ചിഹ്നങ്ങളും കൊടികളും വരച്ചിടുകയും ചെയ്യുമായിരുന്നു. ഇതിനോട് ഭൂരിപക്ഷം ഭക്തർക്കും വിയോജിപ്പുള്ളതിനാൽ ക്ഷേത്ര ഭരണസമിതി തന്നെ ഇത്തവണ നേരിട്ട് പൂക്കളം ഇടാൻ തീരുമാനിച്ചു. ഇതറിഞ്ഞ് സംഘ്പരിവാർ അനുകൂലികളായ യുവാക്കൾ സംഘടിച്ചെത്തി സ്ഥലം സംബന്ധിച്ച് അവകാശവാദം ഉന്നയിച്ചതോടെ തർക്കമായി. പൊലീസ് ഇരുകൂട്ടരുമായി ചർച്ച നടത്തി സ്ഥലം നിർണയിക്കുകയും പൂക്കളത്തിൽ കൊടിയോ ചിഹ്നങ്ങളോ പേരുകളോ എഴുതരുതെന്ന നിർദേശം നൽകുകയും ചെയ്തു. തുടർന്ന് പൊലീസ് സാന്നിധ്യത്തിലാണ് തിരുവോണ ദിവസം രാവിലെ ഇരുകൂട്ടരും പൂക്കളം ഇട്ടത്. എന്നാൽ, പൊലീസ് മടങ്ങിയതോടെ സംഘ്പരിവാർ തീർത്ത പൂക്കളത്തിൽ ആർ.എസ്.എസ് കൊടിയും ഓപറേഷൻ സിന്ദൂറും കൂട്ടിച്ചേർക്കുകയും സമീപത്ത് ശിവജിയുടെ ഫ്ലക്സ് സ്ഥാപിക്കുകയും ചെയ്യുകയായിരുന്നു.
പ്രതിഷേധം ഉയർന്നതോടെ സ്ഥലത്തെത്തിയ പൊലീസ് കൊടിവരച്ചതും ഫ്ലക്സും നീക്കണമെന്ന് ആവശ്യപ്പെട്ടത് ചെറിയ തർക്കത്തിനിടയാക്കി. ഓപറേഷൻ സിന്ദൂർ എന്ന് എഴുതിയത് മായ്ക്കാൻ പൊലീസ് ആവശ്യപ്പെട്ടു എന്ന തരത്തിൽ സംഘ്പരിവാർ പ്രചാരണം നടത്തുകയും ചെയ്തു.
സർക്കാർ ഉദ്യോഗസ്ഥർ പുറപ്പെടുവിച്ച നിയമപരമായ ഉത്തരവുകൾ അനുസരിക്കാതിരിക്കുക, കലാപം ഉണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെയുള്ള പ്രകോപനം, കൂട്ടം ചേർന്നുള്ള കുറ്റകൃത്യം എന്നീ വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്.
കേരളം ഭരിക്കുന്നത് ജമാത്തെ ഇസ്ലാമിയും പാകിസ്താൻ സർക്കാരുമാണോ? -രാജീവ് ചന്ദ്രശേഖർ
സംഭവത്തിൽ പ്രതികരണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി. കേരളം ഭരിക്കുന്നത് ജമാത്തെ ഇസ്ലാമിയും പാകിസ്താൻ സർക്കാരുമാണോ എന്നദ്ദേഹം ചോദിച്ചു. എഫ്.ഐ.ആർ ഉടനടി പിൻവലിക്കണമെന്നും അല്ലാത്തപക്ഷം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ അഭിമാന ഭാഗമാണ് കേരളം. എന്നിട്ടും ‘ഓപ്പറേഷൻ സിന്ദൂർ’ എന്നെഴുതിയ പൂക്കളമിട്ടതിന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നു. ഇത് അംഗീകരിക്കാൻ സാധിക്കില്ലെന്നും രാജീവ് ചന്ദ്രശേഖർ എക്സിൽ കുറിച്ചു. സൈനിക സേനയുടെ ശക്തിയെയും ധീരതയെയും പ്രതീകവത്കരിക്കുന്നതാണ് ഓപ്പറേഷൻ സിന്ദൂർ. അതിനെതിരെ നിയമനടപടികൾ സ്വീകരിക്കുന്നത് രാജ്യത്തെ സംരക്ഷിക്കുന്ന ഓരോ സൈനികനെയും അപമാനിക്കുന്നതിന് തുല്യമാണെന്നും ചന്ദ്രശേഖർ കുറ്റപ്പെടുത്തി.
ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യയും പൊലീസ് നടപടിയെ എതിർത്ത് എക്‌സിൽ പോസ്റ്റിട്ടിട്ടുണ്ട്. ഒരു വിഭാഗത്തെ സുഖിപ്പിക്കാൻ വേണ്ടിയുള്ളതാണ് നടപടിയെന്ന് അദ്ദേഹം ആരോപിച്ചു. ഇത് പാകിസ്താനല്ല ഇടതുഭരണത്തിന് കീഴിലുള്ള കേരളമാണ്. ഇത്തരം നടപടികൾ ഒരു വിഭാഗത്തെ സുഖിപ്പിക്കാൻ വേണ്ടിയുള്ളതാണെന്നും മാളവ്യ കുറ്റപ്പെടുത്തി.
പരാതി നൽകിയത് ഹൈകോടതി ഉത്തരവ് ലംഘിച്ചതിനാൽ -ക്ഷേത്ര കമ്മിറ്റി
എന്നാൽ, ഓപ്പറേഷൻ സിന്ദൂറിനെ ബഹുമാനിക്കുന്നുണ്ടെന്നും അത് പ്രതികൾ ചിത്രീകരിക്കുന്നത് പോലെയല്ലെന്നും ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ പി.ടി.ഐ വാർത്താ ഏജൻസിയോട് പറഞ്ഞു. ഉത്സവ സമയങ്ങളിൽ ക്ഷേത്രത്തിന് സമീപം പതാകകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് മുമ്പ് പതിവായി സംഘർഷങ്ങൾ ഉണ്ടാകാറുണ്ടായിരുന്നു. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ വേണ്ടി ക്ഷേത്ര കമ്മിറ്റി ഹൈകോടതിയെ സമീപിച്ചിരുന്നു. തുടർന്ന് 2023-ൽ ക്ഷേത്രപരിസരത്ത് പതാകകൾ ഉൾപ്പെടെയുള്ള അലങ്കാര വസ്തുക്കൾ ഹൈകോടതി നിരോധിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിനെതിരായാണ് ആർ.എസ്.എസ് പ്രവർത്തകർ അവരുടെ പതാകയും ‘ഓപ്പറേഷൻ സിന്ദൂറും എഴുതി പൂക്കളം നിർമ്മിച്ചത്. ഇത് ഹൈകോടതി ഉത്തരവിനെ ലംഘിക്കുന്നതോടൊപ്പം സംഘർഷങ്ങൾക്കും കാരണമാകും എന്നതിനാലാണ് പരാതി നൽകിയതെന്നും കമ്മറ്റി വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.