തൂഫാൻ ആഞ്ഞുവീശി; കുറ്റകൃത്യങ്ങളിൽ വൻ കുറവ്
text_fieldsതിരുവനന്തപുരം: ലഹരിയുടെ വേരറുക്കാനായി നടപ്പാക്കിവരുന്ന ‘ഓപറേഷൻ തൂഫാൻ’ സമൂഹത്തിൽ വലിയസ്വാധീനം ചെലുത്തിയെന്നും അതുമൂലം കുറ്റകൃത്യങ്ങളിൽ ഗണ്യമായി കുറവ് സംഭവിച്ചതായും കണക്കുകൾ. കേരള പൊലീസിന്‍റെ ഔദ്യോഗിക കണക്കുകളാണ് ഇക്കാര്യം വ്യക്തമാകുന്നത്. മയക്കുമരുന്ന് നിർമാണം, വിതരണം, ഉപയോഗം എന്നിവ തടയുന്നതിലും സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിലും ഇതുമൂലം സാധിച്ചെന്ന് വ്യക്തമാകുന്നു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമ കേസുകൾ 13,631 ആയിരുന്നത് 13,371 ആയി കുറഞ്ഞെന്ന് പൊലീസ് കണക്കുകൾ വ്യക്തമാക്കുന്നു -1.9 ശതമാനം കുറവ്. ബലാത്സംഗ കേസുകളുടെ എണ്ണം 740 ൽ നിന്ന് 593 ലേക്ക് താഴ്ന്നു- കുറവ് 19.9 ശതമാനം. സ്‌ത്രീകൾക്കെതിരായ ഗുരുതര കുറ്റകൃത്യങ്ങളിൽ ഏറ്റവും വലിയ കുറവാണ് രേഖപ്പെടുത്തിയതെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. പോക്സോ കേസുകളിൽ 13.6 ശതമാനം കുറവാണുണ്ടായത്. ഇത്തരം കേസുകളുടെ എണ്ണം 595ൽ നിന്നും 514 ആയി. തട്ടിക്കൊണ്ടു പോകൽ കേസുകളിലും കുറവുണ്ടായി. 374 ൽ നിന്ന് 315 ആയി -15.8 ശതമാനം കുറവ്. സ്ത്രീധന പീഡന മരണങ്ങളുടെ എണ്ണം നാലിൽ നിന്ന് ഒന്നായി കുറഞ്ഞു.
കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തതും അറസ്റ്റ് നടന്നതും മലപ്പുറത്താണ്. ഇവിടെ 1022 കേസുകൾ രജിസ്റ്റർ ചെയ്തു. 1181 പേർ അറസ്റ്റിലായി. 1007 കേസുകളുമായി കോഴിക്കോട് സിറ്റിയാണ് രണ്ടാം സ്ഥാനത്ത്. കൊച്ചി, പാലക്കാട്, കോട്ടയം പൊലീസ് ജില്ലകൾ തൊട്ടടുത്ത സ്ഥാനങ്ങളിലുണ്ട്. 700 ലധികം കേസുകളാണ് ഇവിടെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കണ്ണൂർ റൂറലിലാണ് ഏറ്റവും കുറവ് കേസുകളുള്ളത്, 151 എണ്ണം. സംസ്ഥാനത്ത് കഞ്ചാവ് പിടികൂടുന്നതിൽ 19 ശതമാനം വർധനയുണ്ടായതായാണ് കണക്ക്. 1,259ലധികം കിലോഗ്രാം കഞ്ചാവാണ് ഈ നൂറ് ദിവസത്തിനുള്ളിൽ പിടികൂടിയത്. കഴിഞ്ഞവർഷം ഈ കാലഘട്ടത്തിൽ 8.211 കി.ഗ്രാം എം.ഡി.എം.എപിടികൂടിയത് 24 കി.ഗ്രാമായി. മലപ്പുറം ജില്ലയിൽ നിന്ന് മാത്രം 15.176 കി.ഗ്രാം പിടികൂടി. ഹാർഡ് ഡ്രഗ്സുകളുടെ എണ്ണവും കുത്തനെ ഉയർന്നു. ബ്രൗൺ ഷുഗർ പിടികൂടിയത് 42 മടങ്ങും ചരസിന്‍റേത് 279.5 ശതമാനവും വർധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

