വോട്ടർപട്ടികയിൽ ഗുരുതര ക്രമക്കേട്,‘വോട്ടർമാരെ കൂട്ടത്തോടെ ഒഴിവാക്കി’; തെരഞ്ഞെടുപ്പ് കമീഷനെതിരെ പ്രതിപക്ഷം
text_fieldsതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ തയാറാക്കിയ വോട്ടർപട്ടികയിൽ വ്യാപകവും ഗുരുതരവുമായ ക്രമക്കേടെന്ന് പ്രതിപക്ഷം. സി.പി.എം നേതൃത്വത്തിന്റെ ഇച്ഛാശക്തിക്ക് അനുസരിച്ചാണ് തെരഞ്ഞെടുപ്പ് കമീഷൻ പ്രവർത്തിക്കുന്നതെന്നും ബോധപൂർവം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
വോട്ടർമാരെ കൂട്ടത്തോടെ ഒഴിവാക്കി. മനപ്പൂർവമായി ക്രമക്കേടുകൾ നടത്തിയ ശേഷം പരിഹരിക്കപ്പെടരുത് എന്നതാണ് വിചാരം. അങ്ങനെയെങ്കിലും ജയിക്കാൻ പറ്റുമോ എന്നാണ് സി.പി.എം നോക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇതുവരെ ഉണ്ടാകാത്ത ശ്രമങ്ങളാണ് നടക്കുന്നത്. വിവരശേഖരണത്തിന് എത്തിയവർ സി.പി.എം പ്രാദേശിക നേതാക്കളുടെ സഹായം തേടിയിട്ടുണ്ട്. അധികാരമുപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ശ്രമം. ഇതിനെല്ലാം കമീഷൻ കൂട്ടുനിൽക്കുകയാണെന്നും സതീശൻ ആരോപിച്ചു.
കഴിഞ്ഞതവണ വോട്ട് ചെയ്ത പലരുടെയും പേര് പട്ടികയിലില്ല. കൂട്ടത്തോടെയാണ് പേരുകൾ ഒഴിവാക്കിയിരിക്കുന്നതെന്ന് സതീശൻ ആരോപിച്ചു. എന്നാൽ മൂന്ന്, നാല് വർഷം മുമ്പ് മരിച്ചവരുടെ പേരുകൾ ഇപ്പോഴും പട്ടികയിലുണ്ട്. ചില വോട്ടർമാരുടെ വീട് ഒരു വാർഡിലും വോട്ട് മറ്റൊരു വാർഡിലുമാണ്. ഒരു വീട്ടിൽ തന്നെ കുറച്ചു പേർ ഒരു വാർഡിലും ശേഷിക്കുന്നവർ മറ്റൊരു വാർഡിലുമായ നിലയുമുണ്ട്. ചില വോട്ടർമാർക്ക് മൂന്ന് വാർഡുകളിൽ വരെ വോട്ടുണ്ട്. ഒരു തിരിച്ചറിയൽ കാർഡിൽ തന്നെ ഒന്നിലധികം വോട്ടുള്ളവരെയും പട്ടികയിൽ കാണാം. വോട്ടർപട്ടികക്കൊപ്പം പുതുതായി രൂപം നൽകിയ വാർഡുകളുടെ സ്കെച്ച് നൽകിയിട്ടില്ല. ഏതെല്ലാം ഭാഗങ്ങളാണ് വാർഡിൽ ഉൾപ്പെടുന്നതെന്ന് ഈ സ്കെച്ച് കിട്ടിയാലല്ലേ മനസ്സിലാക്കാനാകൂ.
ബിഹാറിൽ മാത്രമല്ല, ഇവിടെയും ക്രമക്കേട്
ഡിലിമിറ്റേഷന്റെ കാര്യത്തിൽ ഹൈകോടതിയുടെ നിർദേശം പോലും ലംഘിച്ചുവെന്ന് പ്രതിപക്ഷ നേതാവ്. ഇത് സംബന്ധിച്ച പരാതികൾ കമീഷൻ സ്വീകരിച്ചിട്ടില്ല. ബിഹാറിലെ വോട്ടർ പട്ടിക ക്രമക്കേടുകൾക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ഡൽഹിയിൽ സമരത്തിലാണ്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ ഇവിടെയും സമരം ചെയ്യേണ്ട സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.