പ്രഖ്യാപനത്തിലൊതുങ്ങി ‘ഓറൽ റാബീസ് വാക്സിൻ’ പദ്ധതി
text_fieldsതിരുവനന്തപുരം: കേരളത്തെ ആശങ്കയിലാഴ്ത്തുന്ന നായ്ക്കളിലെ പേവിഷബാധ തടയാൻ തദ്ദേശീയമായി വികസിപ്പിക്കുമെന്ന് പ്രഖ്യാപിച്ച ‘ഓറൽ റാബീസ് വാക്സിൻ’ പദ്ധതിയും പ്രഖ്യാപനത്തിലൊതുങ്ങി. 2023-24 ബജറ്റിൽ മന്ത്രി കെ.എൻ. ബാലഗോപാൽ ഇതിന്റെ പ്രാരംഭപ്രവർത്തനങ്ങൾക്കായി അഞ്ചുകോടി രൂപ വകയിരുത്തിയെങ്കിലും ഒരു പൈസപോലും അനുവദിച്ചില്ല. അഞ്ചു വർഷത്തിനുള്ളിൽ പദ്ധതി പ്രാവർത്തികമാക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ചില ചർച്ചകൾ നടത്തിയതിനപ്പുറം രണ്ടുവർഷത്തിനിപ്പുറവും ഒരു നടപടിയുമുണ്ടായില്ല.
മൃഗസംരക്ഷണ വകുപ്പ്, വെറ്ററിനറി സർവകലാശാല എന്നിവയുടെ സഹകരണത്തോടെ തോന്നയ്ക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് വൈറോളജിയിൽ വാക്സിൻ വികസിപ്പിക്കാനാണ് പദ്ധതിയിട്ടത്. മൃഗങ്ങൾക്കുള്ള ഓറൽ വാക്സിൻ രാജ്യത്ത് ആദ്യമായി വികസിപ്പിക്കാൻ രംഗത്തിറങ്ങിയ സംസ്ഥാനമായിരുന്നു കേരളം. വാക്സിൻ വിപണനരംഗത്ത് വലിയ കുതിച്ചുചാട്ടത്തിനും അത് വഴിയൊരുക്കുമായിരുന്നു. ഇന്ത്യയിൽ മറ്റൊരിടത്തും ഓറൽ വാക്സിൻ നിർമിക്കുന്നില്ലെന്നതും നേട്ടമാകുമായിരുന്നു.
വാക്സിൻ വികസിപ്പിക്കലും പരീക്ഷണവും വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്താനും വാക്സിൻ ഉൽപാദനം മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള തിരുവനന്തപുരം പാലോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഹെൽത്ത് ആൻഡ് വെറ്ററിനറി ബയോജിക്കൽസിൽ നടത്താനുമാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, എന്താണ് ഈ നീക്കത്തിന് വിഘാതമായതെന്ന് ഇപ്പോഴും വ്യക്തമല്ല. കോടികളുടെ വാക്സിൻ കച്ചവടമാണ് കേരളത്തിൽ നടക്കുന്നത്. വാക്സിൻ വിതരണം നടത്തുന്ന കമ്പനികളുടെ സമ്മർദമാണോ മെല്ലെപ്പോക്കിന് കാരണമെന്ന സംശയം ഇപ്പോൾ ഉയരുകയാണ്.
യൂറോപ്യൻ രാജ്യങ്ങളിൽ പേവിഷ പ്രതിരോധം ഫലപ്രദമാക്കാൻ സഹായിച്ചത് ഓറൽ വാക്സിനാണ്. തെരുവുനായ്ക്കൾക്ക് ഉൾപ്പെടെ ഭക്ഷണരൂപത്തിൽ നൽകാനും കഴിയും. ഇറച്ചി, മുട്ട, ബിസ്ക്കറ്റ്, കേക്ക് എന്നിവയിൽ കലർത്തി തെരുവുനായ്ക്കൾക്കടക്കം നൽകാനും കഴിയും. കൂടാതെ, വളർത്തുമൃഗങ്ങൾക്കും വന്യമൃഗങ്ങൾക്കും ഈ രീതിയിൽ നൽകാമെന്നതും പ്രത്യേകതയാണ്. പദ്ധതി യാഥാർഥ്യമായെങ്കിൽ ക്രമാതീതമായി വർധിച്ചിരിക്കുന്ന തെരുവുനായ്ക്കളെ ഒരുപരിധിവരെയെങ്കിലും വാക്സിനേറ്റ് ചെയ്യാമായിരുന്നെന്നും ഈ രംഗത്തുള്ളവർ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.