‘മകൾ ലക്ഷ്മി, സമൃദ്ധിയുടെ ദേവത; 10 ആൺമക്കൾക്ക് തുല്യമാണ് ഒരു മകൾ’; സ്കന്ദപുരാണം ഉദ്ധരിച്ച് ഹൈകോടതിയുടെ ഉത്തരവ്
text_fieldsകൊച്ചി: സമൃദ്ധിയുടെ ദേവത കുടികൊള്ളുന്നത് മകളിലെന്ന് ഹൈകോടതി. മകളെന്നാൽ ഹൈന്ദവ വിശ്വാസ പ്രകാരമുള്ള ലക്ഷ്മി ദേവിക്ക് തുല്യമാണ്. 10 ആൺമക്കൾക്ക് തുല്യമാണ് ഒരു മകൾ എന്ന് സ്കന്ദപുരാണത്തിൽ പറയുന്നു. ഇങ്ങനെയൊക്കെയായിട്ടും നിയമപരമായി പിതൃസ്വത്തിൽ തുല്യവകാശമുന്നയിക്കാനാകാത്ത സ്ഥിതിയിലാണ് പെൺമക്കളെന്നും തുല്യ സ്വത്തവകാശം അനുവദിച്ച് പുറപ്പെടുവിച്ച ഉത്തരവിൽ ജസ്റ്റിസ് എസ്. ഈശ്വരൻ വ്യക്തമാക്കി. ഹിന്ദു പിതാവിന്റെ പൂർവിക സ്വത്തിൽ പെൺമക്കൾക്ക്, ആൺമക്കൾക്ക് തുല്യമായ അവകാശമുണ്ടെന്ന സുപ്രധാന ഉത്തരവിലാണ് സ്കന്ദപുരാണം ഹൈകോടതി ഉദ്ധരിച്ചത്.
2024 ഡിസംബർ 20ന് ശേഷം മരിച്ച ഹിന്ദു പിതാവിന്റെ പൂർവിക സ്വത്തിൽ പെൺമക്കൾക്ക്, ആൺമക്കൾക്ക് തുല്യമായ അവകാശമുണ്ടെന്നാണ് ഹൈകോടതി ഉത്തരവിട്ടത്. പാർലമെന്റ് 2005ൽ പാസാക്കിയ കേന്ദ്ര ഹിന്ദു പിൻതുടർച്ച (ഭേദഗതി) നിയമത്തിലെ വ്യവസ്ഥകളാണ് നിലനിൽക്കുക എന്നതിനാൽ 1975ലെ കേരള കൂട്ടുകുടുംബ സമ്പ്രദായം (നിർത്തലാക്കൽ) നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ ബാധകമാവില്ലെന്ന് ജസ്റ്റിസ് എസ്. ഈശ്വരൻ വ്യക്തമാക്കി.
ജന്മം കൊണ്ടുതന്നെ പിതാവിന്റെ സ്വത്തിൽ പെൺമക്കൾക്കും അവകാശമുന്നയിക്കാനാകും. പിതൃസ്വത്തിൽ തുല്യാവകാശം കിട്ടാത്തത് ചോദ്യം ചെയ്ത് കോഴിക്കോട് സ്വദേശികളായ സഹോദരിമാർ നൽകിയ അപ്പീൽ ഹരജിയിലാണ് ഉത്തരവ്. ജന്മംകൊണ്ട് സ്വത്തിൽ അവകാശമുന്നയിക്കാമെന്ന് കേന്ദ്ര നിയമ ഭേദഗതിയുടെ ആറാം വകുപ്പ് വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിലും ഹിന്ദു അവിഭക്ത സ്വത്തിൽ ജന്മാവകാശമുന്നയിക്കാൻ ആർക്കും കഴിയില്ലെന്ന് കേരള നിയമത്തിലെ മൂന്നാം വകുപ്പിലും സ്വത്ത് തറവാട്ടിലെ എല്ലാ താമസക്കാർക്കുമായി വീതം വെക്കണമെന്ന് നാലാം വകുപ്പിലും പറയുന്നു.
കേരള നിയമത്തിലെ വിപരീത വ്യവസ്ഥകൾ തടസ്സമായി നിൽക്കുന്നതിനാൽ വിവാഹിതരായ സ്ത്രീകൾക്ക് സ്വത്തിൽ അവകാശമുന്നയിക്കാൻ കഴിയാത്ത സ്ഥിതിയുണ്ടായിരുന്നു. രണ്ടു നിയമങ്ങളും വ്യത്യസ്ത കടമകളാണ് നിർവഹിക്കുന്നതെന്നായിരുന്നു കേരള സർക്കാർ വാദം. വിപരീത ദിശയിലുള്ളതാണ് രണ്ട് നിയമങ്ങളുമെന്ന് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു. 2005ലെ നിയമം കേരളത്തിന് ബാധകമല്ലെന്നും വിഷയം വിശാല ബെഞ്ചിന് വിടണമെന്നും ഹരജിക്കാരുടെ അമ്മയും സഹോദരനും വാദിച്ചു. എന്നാൽ, കേന്ദ്ര നിയമ ഭേദഗതി വന്നതോടെ കേരള നിയമത്തിലെ വ്യവസ്ഥകൾക്ക് നിലനിൽപ്പില്ലാതായെന്ന് കോടതി വ്യക്തമാക്കി.
ജന്മാവകാശത്തിനെതിരെ ഹൈകോടതി മുമ്പ് പുറപ്പെടുവിച്ച രണ്ട് ഉത്തരവുകൾ നിയമപരമല്ലെന്ന് വിനീത ശർമ കേസിലെ സുപ്രീംകോടതി ഉത്തരവ് ഉദ്ധരിച്ച് കോടതി വ്യക്തമാക്കി. ഹരജിക്കാരുടെ പിതാവ് ജീവിച്ചിരിക്കെ തന്നെ വിൽപത്രം അനുസരിച്ച് മകന് സ്വത്തുക്കൾ നൽകിയിരുന്നു. ഇത് ചോദ്യം ചെയ്ത് പെൺമക്കൾ നൽകിയ ഹരജി കോഴിക്കോട് സബ്കോടതി തള്ളുകയും അപ്പീൽ അഡീ. സെഷൻസ് കോടതി ഭാഗികമായി മാത്രം അനുവദിക്കുകയും ചെയ്തു.
ഹരജി പരിഗണനയിലിരിക്കെ പിതാവ് മരിച്ചു. തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്. വിചാരണ കോടതി ഉത്തരവുകൾ നീതിപൂർവമല്ല എന്ന് വ്യക്തമാക്കിയ ഹൈകോടതി, കുടുംബ സ്വത്ത് ഹരജിക്കാർക്കും സഹോദരനുമായി തുല്യമായി വീതം വെക്കാനും നിർദേശിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.