കാട്ടുപോത്തിനെ മയക്കുവെടി വെക്കാൻ ഉത്തരവ്
text_fieldsകോട്ടയം: എരുമേലി കണമലയിൽ രണ്ടുപേരെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ മയക്കുവെടി വെച്ച് പിടികൂടാൻ ഉത്തരവ്. കാട്ടുപോത്ത് ജനവാസമേഖലയിലിറങ്ങി ആക്രമണം തുടർന്നാൽ വെടിവെക്കാനാണ് വനംവകുപ്പ് ചീഫ് വൈൽഡ് ലൈഫ് വാർഡന്‍റെ ഉത്തരവ്. ഹൈറേഞ്ച് സര്‍ക്കിള്‍ ചീഫ് കണ്‍സര്‍വേറ്ററെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്.
വെള്ളിയാഴ്ച രാവിലെ കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ രണ്ടുപേർ മരണപ്പെട്ടതിന് പിന്നാലെ കണമലയിൽ നാട്ടുകാർ കടുത്ത പ്രതിഷേധവുമായി തടിച്ചുകൂടിയിരുന്നു. ഇവർ മണിക്കൂറുകളോളം റോഡും ഉപരോധിച്ചതോടെ സ്ഥലത്തെത്തിയ കോട്ടയം ജില്ല കലക്ടർ കാട്ടുപോത്തിനെ വെടിവെച്ചുകൊല്ലാൻ പൊലീസിന് അധികാരം നൽകി ഉത്തരവിറക്കിയിരുന്നു. വനംവകുപ്പ് കാട്ടുപോത്തിനെ കണ്ടെത്തി നൽകണമെന്നും ജില്ല പൊലീസിന്‍റെ നേതൃത്വത്തിൽ വെടിവെക്കാനുമായിരുന്നു നിർദേശം. ഇതോടെയാണ് എട്ടുമണിക്കൂർ നീണ്ട പ്രതിഷേധം നാട്ടുകാർ അവസാനിപ്പിച്ചത്. എന്നാൽ, കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാനാകില്ലെന്ന് ശനിയാഴ്ച നിലപാടെടുത്ത വനംവകുപ്പ് ഇക്കാര്യം ജില്ല ഭരണകൂടത്തെ അറിയിച്ചു. കാട്ടുപോത്തിനെ വെടിവെച്ചുകൊല്ലാനുള്ള ഉത്തരവിനെതിരെ പരാതികൾ ഉയർന്നതായും ചില കേന്ദ്രങ്ങൾ ഇത് വിവാദമാക്കാനുള്ള സാധ്യതയുണ്ടെന്നും വനംവകുപ്പ് കലക്ടറെ അറിയിച്ചു. വന്യജീവികളെ വെടിവെക്കാൻ സി.ആർ.പി.സി വകുപ്പ് പ്രകാരം ഉത്തരവിടാൻ കലക്ടർക്ക് കഴിയില്ല. ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് ഇതിനുള്ള അധികാരമെന്നും ഇവർ ചൂണ്ടിക്കാട്ടി. ഇതിനുപിന്നാലയാണ് വനംവകുപ്പിന്‍റെ ഉത്തരവിറക്കിയത്.
മലയോര നിവാസികളുടെ സംരക്ഷണം ഉറപ്പാക്കണം -കാതോലിക്ക ബാവ
കോട്ടയം: കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ മലയോര നിവാസികൾ കൊല്ലപ്പെട്ടത് നടുക്കുന്ന സംഭവമാണെന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ. ഇത്തരത്തിലുള്ള ദുരന്തങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ സത്വരനടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പൗരന്റെ ജീവനും സ്വത്തിനും ഭരണഘടന അനുശാസിക്കുന്ന സംരക്ഷണം നൽകേണ്ടത് ഭരണകൂടത്തിന്റെ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.