എസ്.ഐ.ആർ മുഖ്യം; ജോലി ഭാരത്തിൽ വീർപ്പുമുട്ടി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ
text_fieldsകണ്ണൂർ: തദ്ദേശതെരഞ്ഞെടുപ്പിൽ പത്രിക സമർപ്പണത്തിന് ഒരുദിവസം മാത്രം ശേഷിക്കെ ജോലിഭാരത്തിൽ വീർപ്പുമുട്ടി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ. പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്.ഐ.ആർ) ഒരുഭാഗത്ത് പുരോഗമിക്കുമ്പോൾ അതേ ഉദ്യോഗസ്ഥർക്കാണ് തദ്ദേശ തെരഞ്ഞെടുപ്പിന്റെയും നിർവഹണ ചുമതല.
കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റേത് ആയതിനാൽ കലക്ടർമാർ ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പ്രഥമ പരിഗണന എസ്.ഐ.ആറിനാണ്. അതിനുശേഷമാണ് തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രവർത്തനങ്ങളിലേക്ക് എത്തുന്നത്. ബുധനാഴ്ച രാവിലെയും സംസ്ഥാനത്തെ വിവിധ ജില്ല കലക്ടർമാരും നിയമസഭ മണ്ഡലങ്ങളുടെ ഇ.ആർ.ഒ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടർമാരും ആദ്യം പങ്കെടുത്തത് എസ്.ഐ.ആറുമായി ബന്ധപ്പെട്ട യോഗത്തിൽ. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ യോഗമാണ് ആദ്യം നടന്നത്.
തുടർന്ന് സംസ്ഥാനത്തെ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറുടെ യോഗം. നവംബർ 15നു മുമ്പ് കേരളത്തിൽ എന്യുമറേഷൻ ഫോം വിതരണം പൂർത്തിയാക്കാനാണ് നിർദേശം. സംസ്ഥാനത്ത് ഇന്നലെ വരെ 45 ശതമാനം പേർക്ക് ഫോം വിതരണം ചെയ്തുവെന്ന് യോഗത്തിൽ സി.ഇ.ഒ അറിയിച്ചു. ദിവസവും രാവിലെയോ വൈകീട്ടോ എസ്.ഐ.ആർ സംബന്ധിച്ച യോഗം ഓൺലൈനായി നടക്കും.
കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനും തമ്മിലെ മൂപ്പിളമ തർക്കം വരുമ്പോൾ പെടുന്നത് ഉദ്യോഗസ്ഥരാണ്.നിയമസഭ മണ്ഡലങ്ങളുടെ ഇ.ആർ.ഒ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടർമാർ ബ്ലോക്ക് പഞ്ചായത്തിന്റെ വരണാധികാരികൂടിയാണ്.
തദ്ദേശ തെരഞ്ഞെടുപ്പ് നാമനിർദേശ പത്രിക നൽകാനുള്ള അവസാന തീയതി നവംബർ 21 ആണ്. എസ്.ഐ.ആർ സംബന്ധിച്ച് ഒട്ടേറെ സംശയങ്ങളാണ് തെരഞ്ഞെടുപ്പ് ചുമതലയുള്ള ഓഫിസിൽ ലഭിക്കുന്നത്. ഈ ചുമതലയും ഉദ്യോഗസ്ഥർക്കാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും എസ്.ഐ.ആർ നടപടികൾ നിർവഹിക്കാമെന്നിരിക്കെ ഇത്ര ധിറുതിയെന്തിന് എന്നാണ് ആർക്കുമറിയാത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

