ട്രെയിനുകളിൽ ഓണത്തിരക്ക്; കാലുകുത്താൻ ഇടമില്ല
text_fieldsപാലക്കാട്: ഓണാഘോഷം കഴിഞ്ഞ് മടങ്ങുന്നവർക്ക് ട്രെയിനിൽ കാലുകുത്താൻ ഇടമില്ല. മാസങ്ങൾക്കുമുമ്പ് ടിക്കറ്റ് ബുക്ക് ചെയ്തവർപോലും വെയ്റ്റിങ് ലിസ്റ്റിലായതോടെ അവസാനനിമിഷത്തിൽ പലരും ജനറൽ കോച്ചുകളിൽ ഇടംതേടി. ഇതോടെ ജനറൽ കോച്ചുകളിൽ കുത്തിനിറച്ചായി യാത്ര. പേരിനുമാത്രം സ്പെഷൽ ട്രെയിനുകൾ അനുവദിച്ചതാണ് ദുരിതമിരട്ടിയാക്കിയത്. മിക്ക ട്രെയിനുകളിലും ശ്വാസംമുട്ടിയാണ് യാത്ര. രാവിലെയും വൈകീട്ടുമാണ് ഏറെ തിരക്ക്. ചില ദൈനംദിന ട്രെയിനുകളിൽ അധികമായി ഒരു സ്ലീപ്പർ കോച്ച് മാത്രമാണ് അനുവദിച്ചത്.
സ്ഥിരംയാത്രക്കാർക്കൊപ്പം ഓണാവധി കഴിഞ്ഞ് പോകുന്നവർകൂടി ചേർന്നതോടെ ട്രെയിനുകളിൽ ഇടമില്ലാതായി. അതിനിടെ, ദീർഘദൂര ട്രെയിനുകൾ മണിക്കൂറുകൾ വൈകി ഓടുന്നതും കൂടുതൽ ദുരിതമായി.
ധൻബാദ്-ആലപ്പുഴ, ഹിമസാഗർ, രപ്തിസാഗർ, കേരള എക്സ്പ്രസ് തുടങ്ങിയവ വൈകിയാണ് ഓടുന്നത്. രാവിലെയും വൈകീട്ടും ഇവയെ ആശ്രയിക്കുന്ന ജീവനക്കാർ മറ്റു ട്രെയിനുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. ന്യൂഡൽഹി-തിരുവനന്തപുരം സൂപ്പർഫാസ്റ്റ് ട്രെയിൻ ചില ദിവസങ്ങളിൽ 18 മണിക്കൂർ വരെയാണ് വൈകി ഓടുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.