ഉടമ അറിയാതെ വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നു
text_fieldsകോട്ടയം: രണ്ടായിരം രൂപയുണ്ടെങ്കിൽ ഒരാളുടെ പേരിലുള്ള വാഹനം മറ്റൊരാളുടെ പേരിലേക്ക് ഉടമയറിയാതെ മാറ്റാം! സംസ്ഥാനത്ത് വ്യാപകമായി നടക്കുന്ന പുതിയ തട്ടിപ്പാണിത്. അടുത്തിടെ ഇതു സംബന്ധിച്ച് നിരവധി പരാതികൾ ലഭിക്കുന്നതായി മോട്ടോർ വാഹന വകുപ്പ് വൃത്തങ്ങൾ പറയുന്നു.
വാഹന രജിസ്ട്രേഷൻ ഓൺലൈനിലേക്ക് മാറിയതോടെയാണ് പുതിയ തട്ടിപ്പിന് കളമൊരുങ്ങിയത്. കോട്ടയം, എറണാകുളം, മലപ്പുറം ഉൾപ്പെടെ പല ജില്ലകളിലും ഇതിനായി ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ട്. 2000 രൂപ കൊടുത്താൽ വാഹൻ ഡേറ്റാ ബേസിൽ നമ്മൾ കൊടുക്കുന്ന മൊബൈൽ നമ്പർ ചേർത്ത് തരുന്ന രീതിയാണ് പൊതുവിലുള്ളത്. എങ്ങനെയാണ് ഇത് ചെയ്യുന്നത് എന്നതിൽ ഇതുവരെ വ്യക്തത കിട്ടിയിട്ടില്ല.
സ്വന്തം വാഹനം മറ്റൊരാളുടെ പേരിലേക്ക് മാറിയത് പലപ്പോഴും വാഹനയുടമ അറിയുകയുമില്ല. വാഹനം വിൽക്കാനോ മറ്റ് കാര്യങ്ങൾക്കോ ശ്രമിക്കുമ്പോഴാണ് തട്ടിപ്പ് ശ്രദ്ധയിൽപ്പെടുന്നത്. അടുത്തിടെ ഇത്തരത്തിൽ ചില ബസുകളും ലോറികളുമെല്ലാം മറിച്ച് വിറ്റതായ പരാതികളും പുറത്തുവന്നിട്ടുണ്ട്.
ഉടമസ്ഥൻ മരിച്ചു പോയ വാഹനങ്ങൾ, ഉടമകൾ വിദേശത്തുള്ള വാഹനങ്ങൾ എന്നിവയിലാണ് കൂടുതൽ തിരിമറി ശ്രദ്ധയിൽപ്പെട്ടിരിക്കുന്നത്. വാഹന ഉടമയുടെ ഡേറ്റ ബേസിൽ നിന്ന് അയാളുടെ മൊബൈൽ നമ്പർ മാറ്റി മറ്റൊരു നമ്പർ ചേർക്കുകയാണ് തട്ടിപ്പുകാർ ആദ്യം ചെയ്യുന്നത്. തുടർന്ന് ആ നമ്പറിലേക്ക് ഒ.ടി.പി എടുത്ത് ഉടമ അറിയാതെ മറ്റൊരാളുടെ പേരിലേക്ക് വാഹനത്തിന്റെ ആർ.സി. മാറ്റും. പ്രതിമാസ വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ പിടിച്ചെടുക്കുന്ന വാഹനങ്ങളിലും വൻ തിരിമറിയാണ് നടക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.