സംസ്ഥാന സമിതിയിൽ അത്തരമൊരു ചർച്ചയേ നടന്നില്ല; ജ്യോതിഷ വിവാദം തള്ളി പി. ജയരാജൻ
text_fieldsപി. ജയരാജൻ
കണ്ണൂർ: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ജ്യോത്സ്യനെ കണ്ടെന്ന നിലക്ക് പാർട്ടി സംസ്ഥാന സമിതിയിൽ സംസാരിച്ചെന്ന വിമർശനം തള്ളി പി. ജയരാജൻ. അത്തരമൊരു ചർച്ച സംസ്ഥാന സമിതി യോഗത്തിൽ ഉണ്ടായിട്ടില്ലെന്നും ഇക്കാര്യത്തിൽ സംസ്ഥാന സെക്രട്ടറിതന്നെ വിശദീകരണം നൽകിയതായും അതിനപ്പുറം ഒന്നും പറയാനില്ലെന്നും പി. ജയരാജൻ കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. സംസ്ഥാന സമിതിയിൽ അത്തരമൊരു ചർച്ചയേ നടന്നില്ലെന്നും തെറ്റായ കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നതെന്നും എം.വി. ഗോവിന്ദനും കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. അതേസമയം, കൂടിക്കാഴ്ച സംബന്ധിച്ച് സമൂഹ ധ്യമങ്ങളിൽ ഉൾപ്പെടെ പുതിയ ചർച്ചക്ക് തുടക്കമിട്ടു. മുൻ സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുവേണ്ടി ഭാര്യ കാടാമ്പുഴ ക്ഷേത്രത്തിൽ പൂമൂടൽ ചടങ്ങിനായി രശീതി വാങ്ങിയത് ഉൾപ്പെടെയുള്ള കാര്യങ്ങളാണ് ചർച്ചയാവുന്നത്.
രാജ്യത്തെതന്നെ അറിയപ്പെടുന്ന ജ്യോത്സ്യന്മാരിൽ ഒരാളായ പയ്യന്നൂരിലെ മാധവ പൊതുവാളും എം.വി. ഗോവിന്ദനും ഒന്നിച്ചുള്ള ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. മാസങ്ങൾക്കുമുമ്പ് സി.പി.എം പ്രാദേശിക നേതാക്കൾക്കൊപ്പമുള്ള സൗഹൃദ സന്ദർശനമാണ് തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നതെന്നാണ് നേതാക്കൾ പറയുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ തുടങ്ങി ബി.ജെ.പി നേതാക്കളുമായി അടുത്ത സൗഹൃദമുള്ള ജ്യോത്സ്യനാണ് മാധവ പൊതുവാൾ. അടുത്തിടെ അമിത് ഷാ തളിപ്പറമ്പ് ക്ഷേത്രത്തിൽ എത്തിയപ്പോൾ സ്വീകരിച്ച വി.ഐ.പിമാരിൽ ഇദ്ദേഹവുമുണ്ടായിരുന്നു. കണ്ണൂർ ജില്ലയിലെ ഭരണ-പ്രതിപക്ഷ എം.എൽ.എമാരും എം.പിമാരുമൊക്കെ ഇദ്ദേഹത്തെ സന്ദർശിക്കാറുണ്ട്. തെരഞ്ഞെടുപ്പ് വേളയിൽ മിക്ക പാർട്ടികളും ഇദ്ദേഹത്തിന്റെ സഹായം കൈപ്പറ്റാറുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.