തലശേരിയിലെ ബോംബേറ് ആസൂത്രിതം -പി. ജയരാജൻ
text_fieldsകണ്ണൂര്‍: തലശേരിയില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പരിപാടിക്ക് നേരെയുണ്ടായ ബോംബേറ് ആസൂത്രിതമെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. ജില്ലയിലെ സമാധാനം തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമത്തിന്‍റെ ഭാഗമായിരുന്നു ആക്രമണം. സംഭവത്തിൽ ശക്തമായ നടപടിയെടുക്കാന്‍ പൊലീസിനോട് ആവശ്യപ്പെടുകയാണെന്നും ജയരാജന്‍ പറഞ്ഞു.
ജില്ലയിലെ സി.പി.എം രക്തസാക്ഷി മണ്ഡപങ്ങളോട് പോലും ആർ.എസ്.എസ് മര്യാദ കാണിക്കുന്നില്ല. മരിച്ചവരോട് ആദരവ് കാണിക്കുക എന്നത് മനുഷ്യത്വത്തിന്‍റെ ഭാഗമാണ്. എന്നാല്‍, സി.പി.എം രക്തസാക്ഷികളുടെ മണ്ഡപത്തില്‍ മലമൂത്ര വിസര്‍ജനം ചെയ്യാന്‍ പോലും ആർ.എസ്.എസുകാര്‍ മടിക്കുന്നില്ലെന്നും ജയരാജൻ ആരോപിച്ചു.
മര്‍ദനമേറ്റതിനെ തുടർന്ന് തിരുവനന്തപുരത്ത് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വിഷ്ണു എന്ന ആർ.എസ്.എസ് പ്രവര്‍ത്തകന്‍റെ വെളിപ്പെടുത്തലുകള്‍ എല്ലാവര്‍ക്കുമറിയാം. വിഷ്ണുവിനെ മര്‍ദിച്ചവരില്‍ ആർ.എസ്.എസ് നേതൃത്വത്തിലെ ഉന്നതരുണ്ടെന്നും ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.
വ്യാഴാഴ്ച വൈകിട്ടാണ് തലശേരി നങ്ങാറത്ത് പീടികയില്‍ കെ.പി ജിജേഷ് അനുസ്മരണ പരിപാടിയില്‍ കോടിയേരി പ്രസംഗിച്ചു കൊണ്ടിരിക്കെ ബോംബേറുണ്ടായത്. ആക്രമണത്തില്‍ ഒരു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് പരിക്കേറ്റിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.