Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.ഡി.എഫ് ഭരണം സംഘപരിവാറിന് വെടിമരുന്ന് ഉണക്കാനുള്ള കാലം, കോൺഗ്രസിന്റെയും ലീഗിന്റെയും ബഹുജനാടിത്തറ തകർക്കണം -പി. ജയരാജൻ

text_fields
bookmark_border
p jayarajan
cancel
camera_alt

പി. ജയരാജൻ (Photo:facebook.com/pjayarajan.kannur)

കണ്ണൂർ: കേരളത്തിലെ യു.ഡി.എഫ് ഭരണകാലം സംഘപരിവാർ ശക്തികൾക്ക് വെടിമരുന്ന് ഉണക്കാനുള്ള കാലമായി മാറിയിരിക്കുകയാണെന്ന് സി.പി.എം നേതാവ് പി. ജയരാജൻ. കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിനും സംഘപരിവാറിനുമെതിരെ ഒരക്ഷരം ഉരിയാടാൻ പോലും കേരളത്തിലെ യു.ഡി.എഫ് നേതാക്കൾക്ക് കഴിയുന്നില്ല. രാജ്യത്തുടനീളം ന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണങ്ങളും വേട്ടയാടലുകളും നടക്കുമ്പോഴും അതിനെതിരെ പ്രതികരിക്കാൻ യു.ഡി.എഫ് തയാറാകുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.

‘ലീഗുകാരെല്ലാം വർഗീയവാദികളാണെന്ന് ഞങ്ങൾ ഒരിക്കലും പറയില്ല. പക്ഷേ ലീഗിനകത്ത് ഒരുപറ്റം തീവ്രവാദികളും വർഗീയവാദികളും മതരാഷ്ട്രവാദികളും പ്രവർത്തിക്കുന്നുണ്ട്. അവരുടെ വഞ്ചനാപരമായ നിലപാട്, നമ്മുടെ രാജ്യത്തിന്റെ ഭരണഘടനാമൂല്യങ്ങളെ പോലും തകർക്കുന്ന നിലയ്ക്കുള്ള വർഗീയ ശക്തികൾക്ക് വളക്കൂറുള്ള ഒരു മണ്ണാക്കി മാറ്റും എന്ന അപകടം ജനങ്ങളോട് തുറന്നു പറയണം. അങ്ങനെ കോൺഗ്രസിന്റെയും ലീഗിന്റെയും ബഹുജനാടിത്തറ തകർക്കാനുള്ള രാഷ്ട്രീയ സംഘടനാ പ്രവർത്തനമാണ് കേരളത്തിൽ നമുക്ക് നടത്താനുള്ളത്’ -ജയരാജൻ പറഞ്ഞു.

‘സംഘപരിവാറിന് ഇഷ്ടപ്പെടാത്ത ഒരു കാര്യവും ചെയ്യാതിരിക്കണമെന്ന നിർബന്ധബുദ്ധിയാണ് യു.ഡി.എഫ് സർക്കാരിനുള്ളത്. അതേസമയം, ന്യായമായ ആവശ്യങ്ങളുന്നയിച്ച് സമരം ചെയ്യുന്ന ഇടതുപക്ഷ യുവജന, വിദ്യാർഥി പ്രവർത്തകരെ പൊലീസ് മൃഗീയമായി നേരിടുകയാണ്. കാലടി സംസ്കൃത സർവകലാശാലയിലടക്കം എസ്.എഫ്.ഐ പ്രവർത്തകർക്കുനേരെയുണ്ടായ പൊലീസ് നടപടികൾ ഇതിന്റെ ഉദാഹരണമാണ്. ആർ.എസ്.എസ് പ്രവർത്തകരോട് സ്വീകരിക്കുന്ന സമീപനമല്ല ഇടതുപക്ഷ പ്രവർത്തകരോട് പൊലീസ് സ്വീകരിക്കുന്നത്.

ബാലഗോകുലത്തിന്റെ മയിൽപ്പീലി മാസിക സംഘടിപ്പിക്കുന്ന യങ് സ്കോളർ പരീക്ഷയ്ക്ക് സർക്കാർ, എയ്ഡഡ് സ്കൂളുകൾ അനുവദിച്ച സംഭവവും യു.ഡി.എഫ്–ആർ.എസ്.എസ് ഒത്തുകളിയുടെ തെളിവാണ്. മുസ്‍ലിം ലീഗ് മന്ത്രി എൻ. ഷംസുദ്ദീൻ നേതൃത്വം നൽകുന്ന പൊതുവിദ്യാഭ്യാസ വകുപ്പാണ് പരീക്ഷയ്ക്ക് അനുമതി നൽകിയത്. പ്രതിഷേധത്തെ തുടർന്ന് ഉത്തരവ് റദ്ദാക്കിയെങ്കിലും ബാലഗോകുലം ഹൈകോടതിയെ സമീപിച്ചതോടെ പരീക്ഷ നടത്താൻ വീണ്ടും സാഹചര്യമൊരുങ്ങി. അനുമതി നൽകലും പിന്നീട് റദ്ദാക്കലുമെല്ലാം ആസൂത്രിതമായ ഒത്തുകളിയുടെ ഭാഗമാണ്.

ആർ.എസ്.എസ് നേതാക്കൾക്കെതിരായ പരാതികളിൽ നടപടി സ്വീകരിക്കാൻ സർക്കാർ മടിക്കുമ്പോൾ ഇടതുപക്ഷ പ്രവർത്തകരുടെ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ പൊലീസ് സംവിധാനം ഉപയോഗിക്കുകയാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പിണറായി വിജയനും നരേന്ദ്ര മോദിയും തമ്മിൽ ഡീലുണ്ടെന്ന് പ്രചരിപ്പിച്ചവർ ഇപ്പോൾ ആർ.എസ്.എസുമായി യഥാർഥ ഡീലിൽ ഏർപ്പെട്ടിരിക്കുന്നു.

കേരളത്തിൽ ആദ്യമായി ബി.ജെ.പിക്ക് നിയമസഭയിൽ മൂന്ന് സീറ്റുകൾ ലഭിച്ചത് സംഘപരിവാറിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. കൂടുതൽ സീറ്റുകൾ നേടി അധികാരത്തിലെത്താമെന്ന സ്വപ്നമാണ് അവർ കാണുന്നത്. അതിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കുകയാണ് യു.ഡി.എഫ് സർക്കാർ ചെയ്യുന്നത്. സംഘപരിവാറിന് രാഷ്ട്രീയമായി കരുത്താർജിക്കാനുള്ള കാലമായി യു.ഡി.എഫ് ഭരണത്തെ മാറ്റുകയാണ് കോൺഗ്രസും ലീഗും.

ഒരു ഭാഗത്ത് ആർ.എസ്.എസും മറുഭാഗത്ത് മുസ്‍ലിം ലീഗിലെയും ജമാഅത്തെ ഇസ്‍ലാമിയിലെയും വർഗീയ ശക്തികളും ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണ്. ലീഗിലെ എല്ലാവരും വർഗീയവാദികളാണെന്ന് പറയുന്നില്ല. പാർട്ടിക്കുള്ളിലെ ചില വിഭാഗങ്ങളുടെ നിലപാടുകൾ മതനിരപേക്ഷതയ്ക്കും ഭരണഘടനാ മൂല്യങ്ങൾക്കും ഭീഷണിയാണ്’ -ജയരാജൻ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - P. Jayarajan: UDF rule helps Sangh Parivar
Next Story