സോഷ്യലിസ്റ്റ് നേതാവ് പി. വിശ്വംഭരൻ അന്തരിച്ചു
text_fieldsതിരുവനന്തപുരം: പ്രമുഖ സോഷ്യലിസ്റ്റ് നേതാവും എല്‍.ഡി.എഫിന്‍െറ ആദ്യ കണ്‍വീനറും മുന്‍ എം.പിയുമായ പി. വിശ്വംഭരന്‍ (91) അന്തരിച്ചു. വെള്ളിയാഴ്ച വൈകീട്ട് നാലോടെ വസതിയായ കോവളം വെള്ളാര്‍ ചരുവിള വീട്ടിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖംമൂലം ഏറെനാളായി ചികിത്സയിലായിരുന്നു. സംസ്കാരം ശനിയാഴ്ച വൈകീട്ട് നാലിന് വെള്ളാറിലെ വീട്ടുവളപ്പില്‍. അവിവാഹിതനാണ്. പരേതരായ അംബുജാക്ഷി, കാര്‍ത്ത്യായനി, വനജാക്ഷി, മാധവന്‍ എന്നിവര്‍ സഹോദരങ്ങളാണ്. 1925 ജൂണ്‍ 25ന് വെള്ളാര്‍ ചരുവിള വീട്ടില്‍ പരേതരായ പദ്മനാഭന്‍-ചെല്ലമ്മ ദമ്പതികളുടെ മകനായാണ് ജനനം. പാച്ചല്ലൂര്‍ എല്‍.പി സ്കൂള്‍, വെങ്ങാനൂര്‍ ഇംഗ്ളീഷ് മിഡില്‍ സ്കൂള്‍, തിരുവനന്തപുരം എസ്.എം.വി സ്കൂള്‍ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം നാഗര്‍കോവില്‍ സ്കോട്ട് ക്രിസ്ത്യന്‍ കോളജ്, തിരുവനന്തപുരം ആര്‍ട്സ് കോളജ്, യൂനിവേഴ്സിറ്റി കോളജ് എന്നിവിടങ്ങളില്‍നിന്ന് ചരിത്രത്തിലും ധനതത്ത്വശാസ്ത്രത്തിലും ബിരുദം നേടി.
പിന്നീട് തിരുവനന്തപുരം ലോ കോളജില്‍ ചേര്‍ന്നെങ്കിലും ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്തതിന് അറസ്റ്റ് വാറന്‍റ് വന്നതിനെതുടര്‍ന്ന് ഒളിവില്‍ പോയതിനാല്‍ പഠനം പൂര്‍ത്തിയാക്കാനായില്ല. വിദ്യാര്‍ഥി കോണ്‍ഗ്രസിന്‍െറ തിരുവിതാംകൂര്‍ ഘടകം രൂപവത്കരിച്ചതില്‍ മുഖ്യപങ്ക് വഹിച്ചു. 1960ല്‍ നേമത്തുനിന്ന് എം. സദാശിവനെ പരാജയപ്പെടുത്തിയാണ് നിയമസഭയിലത്തെിയത്. 1967ല്‍ തിരുവനന്തപുരം പാര്‍ലമെന്‍റ് മണ്ഡലത്തെ പ്രതിനിധീകരിച്ചു.1973ല്‍ ഇടതുമുന്നണി (എല്‍.ഡി.എഫ്) രൂപവത്കരിച്ചപ്പോള്‍ ആദ്യ കണ്‍വീനറായതും പി. വിശ്വംഭരനാണ്. 1980നുശേഷം ജനതാ പാര്‍ട്ടിയുടെയും ജനതാദളിന്‍െറയും സംസ്ഥാന പ്രസിഡന്‍റായി പ്രവര്‍ത്തിച്ചു. 2003ല്‍ സോഷ്യലിസ്റ്റുകളുടെ ഏകീകരണം ലക്ഷ്യമാക്കി അഖിലേന്ത്യതലത്തില്‍ രൂപവത്കരിച്ച സോഷ്യലിസ്റ്റ് ഫ്രണ്ട് സംസ്ഥാന കണ്‍വീനര്‍, ദേശീയ സമിതിയംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.