പള്ളിയിൽ ബൂട്ടിട്ട് കയറി പൊലീസ് ലാത്തിവീശിയത് അപമാനകരമെന്ന് പി.എ. മുഹമ്മദ് റിയാസ്; ‘10 വർഷമായി കേരളം കാണാത്ത കാഴ്ച’
text_fieldsകോഴിക്കോട്: വടകര കണ്ണൂക്കര പള്ളിയില്‍ പൊലീസ് ലാത്തിവീശിയതിനെതിരെ പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ. പള്ളിക്കുള്ളിൽ ബൂട്ടിട്ട് കയറി പൊലീസ് ലാത്തിചാർജ് നടത്തിയ സംഭവം മതനിരപേക്ഷ കേരളത്തിന് അപമാനമാണെന്ന് അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
‘പത്ത് വർഷമായി കേരളം കാണാത്ത കാഴ്ച! നബിദിനത്തിൽ വടകര കണ്ണൂക്കര പള്ളിക്കുള്ളിൽ ബൂട്ടിട്ട് കയറി പൊലീസ് ലാത്തിചാർജ് നടത്തിയ സംഭവം മതനിരപേക്ഷ കേരളത്തിന് അപമാനമാണ്. പള്ളിക്കുള്ളിലെ തർക്കങ്ങൾ ഉണ്ടെങ്കിൽ അത് ചർച്ചയിലൂടെയും നിയമപരമായ മാർഗങ്ങളിലൂടെയും പരിഹരിക്കേണ്ടതാണ്. പള്ളിക്കുള്ളിൽ കയറി ലാത്തി വീശുന്നത് ഒരു പരിഷ്കൃത മതനിരപേക്ഷ സമൂഹത്തിന് അംഗീകരിക്കാനാവില്ല’ -അദ്ദേഹം അഭിപ്രായപ്പെട്ടു.
കണ്ണൂക്കര മാടാക്കര മുഹിയിദ്ദീൻ മസ്ജിദിൽ ഇരുവിഭാഗങ്ങൾ ചേരിതിരിഞ്ഞ് സംഘർഷത്തിനൊടുവിലാണ് പൊലീസ് ലാത്തി വീശിയത്. തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം. മഹല്ല് കമ്മിറ്റിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലാണ് സംഘർഷമുണ്ടായത്. വർഷങ്ങളായി പള്ളിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉടലെടുത്തിട്ട്.
നിലവിൽ അബ്ദുറഹ്മാൻ ഫൈസി പൊന്മളയാണ് പള്ളിയിലെ ഖത്തീബ്. ഇദ്ദേഹത്തെ മാറ്റണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. പള്ളിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ പാണക്കാട് വെച്ച് നടത്തിയ അനുരജ്ഞന ചർച്ചയിൽ നിലവിലെ ഖത്തീബ് വെള്ളിയാഴ്ച ജുമ നമസ്കാരത്തിന് നേതൃത്വം നൽകാൻ തീരുമാനിച്ചിരുന്നു. ഇതിനിടെ ഇന്നലെ നബിദിനവുമായി ബന്ധപ്പെപെട്ട് നിലവിലെ ഖത്തീബിന്റെ നേതൃത്വത്തിൽ മൗലീദ് പാരായണം നടത്താനുള്ള ഒരുക്കത്തെ എതിർ വിഭാഗം ചോദ്യം ചെയ്യുകയും വാക്കേറ്റമുണ്ടാവുകയും സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. ചൊവ്വാഴ്ച ഉച്ച മുതൽ സംഘർഷ സാധ്യതയുള്ളതിനാൽ ചോമ്പാല പൊലീസ് സ്റ്റേഷനിൽ ഭാരവാഹികൾ ഉൾപ്പെടെയുള്ളവരെ വിളിച്ചുവരുത്തി അനുരജ്ഞന ചർച്ച നടത്തിയിരുന്നു.
രാത്രിയോടെ പ്രശ്നം വഷളായതോടെ മഹല്ല് കമ്മിറ്റി ചോമ്പാല പൊലീസിൽ വിവരം അറിയിക്കുകയും പൊലീസ് പള്ളിക്കുള്ളിൽ കയറി ലാത്തി വീശി സംഘർഷത്തിന് അയവ് വരുത്തുകയുമായിരുന്നു. രണ്ടുപേരെ സംഭവ സ്ഥലത്തുനിന്നും പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയക്കുകയുണ്ടായി. പള്ളിക്കകത്ത് പൊലീസിനെ കയറ്റിയതിനെതിരെ പള്ളി കമ്മിറ്റിക്കെതിരെ എതിർപക്ഷം രംഗത്തെത്തിയിട്ടുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സംഘത്തെയാണ് സ്ഥലത്ത് വിന്യസിച്ചത്.
പള്ളിയില്‍ നിസാര തര്‍ക്കത്തെ പഴുതായെടുത്ത് വിശ്വാസികള്‍ക്കുനേരെ അക്രമം അഴിച്ചുവിട്ട പൊലീസുകാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് എം.എ. റസാഖ് മാസ്റ്റര്‍ എം.എല്‍.എയും ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മയിലും ആവശ്യപ്പെട്ടു. നബിദിന പരിപാടിയെ സംബന്ധിച്ച് ആലോചിക്കാന്‍ വിശ്വാസികള്‍ പള്ളിക്കകത്ത് ഇരിക്കുമ്പോള്‍ കാര്യമായ പ്രകോപനമില്ലാതെ പള്ളിക്കകത്ത് ബൂട്ടിട്ട് കയറി അസഭ്യവര്‍ഷം നടത്തി വിശ്വാസികളെ ലാത്തിച്ചാർജ് നടത്തുന്ന പൈശാചികതയാണ് ചോമ്പാല സി.ഐയുടെ നേതൃത്വത്തിലുണ്ടായത്. അസഭ്യവും അക്രമവും അഴിച്ചുവിട്ടവര്‍ക്കെതിരെ ആഭ്യന്തര വകുപ്പ് ഉടന്‍ നടപടി സ്വീകരിക്കണമെന് നേതാക്കള്‍ ആവശ്യപ്പെട്ടു.
ഒഞ്ചിയം മാടാക്കരയിലെ ആരാധനാലയത്തില്‍ ചോമ്പാല പൊലീസ് കാണിച്ച അതിക്രമം അങ്ങേഅറ്റം അപലപനീയമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുല്ല എം.എല്‍.എയും പറഞ്ഞു. വര്‍ഷങ്ങളായി ചില തര്‍ക്കങ്ങള്‍ പള്ളി കമ്മിറ്റിയില്‍ ഉണ്ടാവാറുണ്ട്. അതൊക്കെ അതത് സമയത്ത് പരസ്പരം സംസാരിച്ച് തീര്‍ക്കാറാണ്. നബിദിന പരിപാടിയെ സംബന്ധിച്ച് ആലോചിക്കാന്‍ വിശ്വാസികള്‍ പള്ളിക്കകത്ത് ഇരിക്കുമ്പോഴാണ് യാതൊരു പ്രകോപനവുമില്ലാതെ ചോമ്പാല സി.ഐയുടെ നേതൃത്വത്തില്‍ സായുധ പൊലീസ് പള്ളിക്കകത്ത് അതിക്രമിച്ച് കടന്ന് നിരപരാധികളായ വിശ്വാസികള്‍ക്കെതിരെ പള്ളിക്കകത്ത് വെച്ച് ലാത്തി ചാര്‍ജ്ജ് ചെയ്തത്. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും നാട്ടില്‍ സമാധാനമുണ്ടാക്കാന്‍ വിശ്വാസികൾ മുന്നിട്ടിറങ്ങണമെന്നും എം.എൽ.എ പ്രസ്താവനയില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

