കുരമ്പാലയിലെ അമൃത വിദ്യാലയത്തിലും പാദപൂജ; വർഷങ്ങളായി സംഘടിപ്പിക്കാറുണ്ടെന്ന്
text_fields[പ്രതീകാത്മക ചിത്രം]
പന്തളം: മാതാ അമൃതാനന്ദമയി മഠത്തിന്റെ ഉടമസ്ഥതയിലുള്ള പന്തളം കുരമ്പാലയിലെ അമൃത വിദ്യാലയത്തിൽ പാദപൂജ നടത്തി. വർഷങ്ങളായി ഗുരുപൂജ അനുഷ്ഠാനത്തിന്റെ ഭാഗമായി അമൃത സ്കൂളിൽ പാദപൂജ സംഘടിപ്പിക്കാറുണ്ട് എന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം.
സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ ഗുരുപൂർണിമ ആഘോഷ ദിനത്തിൽ വിദ്യാർഥികളെ കൊണ്ട് കാല് കഴുകിച്ചതും പാദ പൂജചെയ്തതും ഏറെ വിവാദമാകുന്നതിനിടയിലാണ് പന്തളം അമൃത സ്കൂളിൽനിന്നും പാദപൂജ വാർത്ത പുറത്തുവന്നിരിക്കുന്നത്.
സംഘപരിവർ സ്വാധീനമുള്ള സ്കൂളുകളിലാണ് ഇത്തരം പാദ പൂജ സംഘടിപ്പിച്ചത്. ഗുരുപൂർണിമ എന്നപേരിൽ വിദ്യാർത്ഥികൾ അധ്യാപകന്റെ കാലിൽ പുഷ്പാർച്ചന നടത്തി വണങ്ങി പൂജിക്കലാണ് ചടങ്ങ്.
സമാന സംഭവങ്ങൾക്കെതിരെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി രംഗത്തുവന്നിരുന്നു. ചില സ്‌കൂളുകളിൽ വിദ്യാർഥികളെ കൊണ്ട് അധ്യാപകരുടെ കാല് കഴുകിച്ചെന്ന വാർത്ത ഞെട്ടിക്കുന്നതാണെന്നും ഇത്തരം നടപടികൾ മെന്റൽ ഹരാസ്‌മെന്റിന്റെ പരിധിയിൽപെടും ശിക്ഷാ നടപടി നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ‘ആലപ്പുഴയിൽ ബി.ജെ.പി ജില്ലാ സെക്രട്ടറിയുടെ കാലുവരെ കുഞ്ഞുങ്ങൾ കഴുകേണ്ടി വന്നു. ആധുനിക കേരളത്തിൽ നടക്കാൻ പാടില്ലാത്ത സംഭവമാണ് ഉണ്ടായിട്ടുള്ളത്. അതുകൊണ്ടു തന്നെ ഇക്കാര്യം പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ അന്വേഷിക്കുകയാണ്’ -എന്നും മന്ത്രി അറിയിച്ചിരുന്നു.
എന്നാൽ, കാല് കഴുകിപ്പിക്കൽ ഭരതീയ സംസ്‌കാരത്തിന്റെ ഭാഗമാണെന്നാണ് ഗവർണർ രാജേന്ദ്ര ആർലേക്കർ സംഭവങ്ങളെ ന്യായീകരിച്ചത്. അതിനെ എതിർക്കുന്നവർ സംസ്‌കാരത്തെയാണ് തള്ളിപ്പറയുന്നത് എന്നും ഗവർണർ പറഞ്ഞിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.