നെല്ല് സംഭരണം; ബാങ്കുകൾ വീഴ്ച വരുത്തി, കേന്ദ്രം നൽകാനുള്ളത് 637 കോടി -ഭക്ഷ്യമന്ത്രി
text_fieldsതിരുവനന്തപുരം: നെല്ല് സംഭരിച്ച വകയിൽ കർഷകർക്ക് നൽകാനുള്ള തുക പൂർണമായി ഓണത്തിന് മുമ്പ് കൊടുത്തുതീർക്കണമെന്നായിരുന്നു സർക്കാർ താൽപര്യമെങ്കിലും കരാറൊപ്പിട്ട ബാങ്കുകൾ അതിനൊപ്പം നിന്നില്ലെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിലിന്റെ വിമർശനം. 2,50,373 കർഷകരിൽനിന്നായി 7,31,184 ടൺ നെല്ലാണ് സംഭരിച്ചത്. 2070.71 കോടി നൽകേണ്ടതിൽ 1820.71 കോടി വിതരണം ചെയ്തു. ബാക്കി 250 കോടിക്കായി ആഗസ്റ്റ് 23ന് എസ്.ബി.ഐ, കാനറ ബാങ്കുകളുമായി ധാരണയിലെത്തി. ഇതുപ്രകാരം 125 കോടിയിൽ ആഗസ്റ്റ് 24ന് കാനറ ബാങ്ക് 4000 കർഷകർക്ക് 38.32 കോടി നൽകി. എന്നാൽ, എസ്.ബി.ഐ നൽകേണ്ട 125 കോടിയിൽ ആഗസ്റ്റ് 30 വരെ നൽകിയത് 3.04 കോടി മാത്രമാണ്. ബാങ്ക് കൺസോർട്യം വഴി ആദ്യം നൽകേണ്ട 700 കോടിപോലും ബാങ്കുകൾ പൂർണമായി നൽകിയില്ല. 12 കോടിയാണ് എസ്.ബി.ഐ നൽകാനുള്ളത്. കാനറാ ബാങ്ക് ഏഴും ഫെഡറൽ ബാങ്ക് ആറ് കോടിയും നൽകാനുണ്ട്. നെല്ല് സംഭരിച്ച വകയിൽ 2,30,000 കർഷകർക്ക് പണം പൂർണമായി നൽകി. ഇനി നൽകാനുള്ളത് 216 കോടി മാത്രമാണ്. ഭാവിയിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ കേരള ബാങ്കുമായി ചർച്ച നടന്നുവരികയാണെന്നും മന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കേന്ദ്ര വിഹിതം ലഭിക്കാൻ ആറ് മുതൽ എട്ടുമാസം വരെ എടുക്കുന്നുണ്ട്. സംഭരിക്കുന്ന നെല്ല് അരിയാക്കി റേഷൻ കടകൾ വഴി വിതരണം പൂർത്തിയാക്കി, റിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിക്കുമ്പോഴാണ് മാസങ്ങൾക്കുശേഷം താങ്ങുവില അനുവദിക്കുന്നത്. 2018-2019 മുതൽ 2023 വരെ 637.6 കോടി ഈയിനത്തിൽ കിട്ടാനുണ്ട്. അവസാനം സംഭരിച്ച 300 കോടിയുടെ ക്ലെയിമിൽ 155 കോടി മാത്രമാണ് അനുവദിച്ചത്. ബാക്കിക്ക് മാസങ്ങളെടുക്കും. ഇത്തരം താമസം ഒഴിവാക്കി കർഷകന് പണം നേരത്തേ ലഭ്യമാക്കുന്നതിനാണ് 2018 മുതൽ പി.ആർ.എസ് വായ്പ നടപ്പിലാക്കിയത്. പദ്ധതി വഴി നയാപൈസയുടെ ബാധ്യത കർഷകനില്ല. ബാങ്ക് വായ്പയും പലിശയും അടയ്ക്കേണ്ടത് സർക്കാർ ഉത്തരവാദിത്തമാണ്. ഇത് മനസ്സിലാക്കാതെയാണ് നടൻ കൃഷ്ണകുമാർ അടക്കമുള്ളവർ വ്യാജപ്രചാരണം നടത്തുന്നത്.
അപൂർവം ചില കർഷകർക്ക് മാത്രമാണ് ആറുമാസമായി പണം ലഭിക്കാനുള്ളത്. പാടശേഖരസമിതി നെല്ല് അളന്ന് തിട്ടപ്പെടുത്തുന്നതിലുണ്ടായ താമസമാണ് കാരണം. ഓണക്കാല വിപണി ഇടപെടലിലൂടെ മാത്രം സപ്ലൈകോക്ക് ഏകദേശം 30 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടായിട്ടുണ്ട്. മഞ്ഞക്കാർഡുകാർക്കുള്ള ഓണക്കിറ്റ് ശനിയാഴ്ച കൂടി വാങ്ങാമെന്നും മന്ത്രി അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.